നഗരത്തില്‍ നന്നായി വികസിപ്പിച്ച ഒരു വ്യാപാര ശൃംഖലയും ചരിത്രത്തിലാദ്യമായി വ്യാവസായികവൽക്കരിച്ച ലോഹ ഉൽപ്പാദന കേന്ദ്രവും ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകര്‍ കരുതുന്നു. ലോകത്തിലെ ഏറ്റവും പഴയ ലിഖിത രേഖകളുടെ സ്രഷ്ടാക്കളുടെ ആസ്ഥാനം പോലും ഇതായിരിക്കാമെന്നും ഗവേഷകർ കരുതുന്നു.
ലോകമെങ്ങും നടക്കുന്ന പുരാവസ്തു ഖനനത്തിനിടെ മനുഷ്യ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചുള്ള നിരവധി തെളിവുകളാണ് സമീപ കാലത്ത് ലഭിച്ചത്. ഇത്തരത്തില്‍ അടുത്തിടെ നടന്നൊരു ഉത്ഖനനത്തില്‍ പുരാവസ്തു ഗവേഷകർ 4,500 BC മുതലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യര്‍ ഉപയോഗിച്ചിരുന്ന സ്വർണ്ണം കണ്ടെത്തി. ബൾഗേറിയയിൽ നിന്ന് കണ്ടെത്തിയ കൊന്തയിലാണ് ലോകത്തില്‍ ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന സ്വര്‍ണ്ണം കണ്ടെത്തിയത്. കൊന്തയുടെ ഒരു ഇഞ്ചിന്‍റെ എട്ടിലൊന്ന് ഭാഗത്തേ സ്വര്‍ണ്ണം ഉപയോഗിച്ചിട്ടൊള്ളൂ. യൂറോപ്പിലും ഒരുപക്ഷേ ലോകത്ത് തന്നെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കം ചെന്ന സംസ്കരിച്ച സ്വർണ്ണമാണിതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കരിങ്കടൽ തുറമുഖമായ വർണ്ണയ്ക്ക് പുറത്തുള്ള ഒരു ശ്മശാന ഗുഹയില്‍ (necropolis) നിന്ന് കണ്ടെത്തിയ സ്വർണ്ണ ശേഖരമായ വർണ്ണ ഗോൾഡിനും മുമ്പുള്ളതാണ് ഈ കൊന്തയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 1972 നും 1991 നും ഇടയിലാണ് 5.8 കിലോഗ്രാം ഭാരമുള്ള വർണ്ണ ഗോൾഡ് സൂക്ഷിച്ചിരുന്ന രഹസ്യസ്ഥലം കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ കൊന്ത മനുഷ്യന്‍റെ സ്വര്‍ണ്ണ ഉപഭോഗത്തെ വീണ്ടും 200 വര്‍ഷം പിന്നിലേക്ക് കൊണ്ടുപോകുന്നതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. “ഇത് വർണ സ്വർണ്ണത്തേക്കാൾ പഴക്കമുള്ളതാണെന്നതില്‍ സംശയമില്ല. ഒരു ചെറിയ സ്വർണ്ണക്കഷണമാണെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടുത്തമാണ്. പക്ഷേ, ചരിത്രത്തിൽ അതിന്‍റെ സ്ഥാനം കണ്ടെത്താൻ മാത്രം അത് ശക്തമല്ല." ബൾഗേറിയൻ അക്കാദമി ഓഫ് സയൻസിലെ പ്രൊഫസറും ഖനനത്തിന് നേതൃത്വം നല്‍കിയ യാവോർ ബോയാദ്‌ഷീവ് പറഞ്ഞു,

ആധുനിക പട്ടണമായ പസാർഡ്‌ജിക്കിന് സമീപമുള്ള ടെൽ യുനാറ്റ്‌സൈറ്റ് എന്ന സ്ഥലമാണ് ഖനന പ്രദേശം. ഇത് വർണ്ണയേക്കാൾ കൂടുതൽ ഉൾപ്രദേശമാണ്. എന്നാല്‍ പുതിയൊരു പട്ടണമായി തോന്നുന്നതിനാൽ ഒരു പക്ഷേ യൂറോപ്പിലെ ആദ്യത്തെ നഗര വാസസ്ഥലം ആയിരിക്കാമിതെന്നും ബോയാഡ്‌ഷീവ് കൂട്ടിച്ചേര്‍ത്തു. സ്വർണ്ണം ഒരുപക്ഷേ ഈ സ്ഥലത്ത് നിന്ന് തന്നെ നിർമ്മിക്കപ്പെട്ടതാകാം. അതുപോലെ ഒരുതരം മതപരമായ ആരാധനയ്ക്കായി ഉപയോഗിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു.
ബിസി 6,000 -നടുത്ത് ഇന്നത്തെ തുർക്കിയിലെ അനറ്റോലിയയിൽ നിന്ന് കുടിയേറിയ മനുഷ്യര്‍ അന്നത്തെ യൂറോപ്യന്‍ സമൂഹത്തെക്കാള്‍ ഒരു "ഉയർന്ന സംസ്ക്കാരമുള്ള സമൂഹം" ആയിരുന്നുവെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. 9 അടി ഉയരമുള്ള വലിയ മതിലിനുള്ളിലായിരുന്നു പ്രദേശത്തെ മുഴുവന്‍ സെറ്റില്‍മെന്‍റും സംരക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ 4,100 ബിസിയിൽ ആക്രമണകാരികൾ നഗരം നശിപ്പിച്ചതായി അനുമാനിക്കപ്പെടുന്നു. ബാൽക്കനിലെ ചെമ്പ്-യുഗ നാഗരികതയുടെ ഭാഗമാണ് ഇത്. നഗരത്തില്‍ നന്നായി വികസിപ്പിച്ച ഒരു വ്യാപാര ശൃംഖലയും ചരിത്രത്തിലാദ്യമായി വ്യാവസായികവൽക്കരിച്ച ലോഹ ഉൽപ്പാദന കേന്ദ്രവും ഉണ്ടായിരുന്നതായി കരുതുന്നു. ലോകത്തിലെ ഏറ്റവും പഴയ ലിഖിത രേഖകളുടെ സ്രഷ്ടാക്കളുടെ ആസ്ഥാനം പോലും ഇതായിരിക്കാമെന്നും ഗവേഷകർ കരുതുന്നു. 1970 കള്‍ മൂതല്‍ ഇവിടെ സജീവമായി ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. '
