കോര്‍പറേറ്റ് ജോലിയിലെ തിരക്ക് കാരണം ഒരു വയസുള്ള കുഞ്ഞിനൊപ്പമിരിക്കാനോ അവനോടൊപ്പം കളിക്കാനോ നേരം കിട്ടുന്നില്ല. ജോലി ഉപേക്ഷിച്ചാലോ? ചോദ്യവുമായി യുവാവിന്‍റെ പോസ്റ്റ്.

പലപ്പോഴും ഇന്ത്യയിലെ കോർപറേറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവരുടെ പരാതിയാണ് വർക്ക് ലൈഫ് ബാലൻസ് ഇല്ല എന്നത്. ജോലി കാരണം കുടുംബത്തിന് വേണ്ടിയോ, സുഹൃത്തുക്കൾക്ക് വേണ്ടിയോ, അവനവന് വേണ്ടിയോ സമയമില്ലാത്ത അവസ്ഥ. അങ്ങനെ ഒരു അനുഭവം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ജോലിക്കിടയിൽ തന്റെ ഒരു വയസ്സുകാരനായ മകന്റെ വളർച്ച ആസ്വദിക്കാൻ പോലും കഴിയുന്നില്ലെന്ന സങ്കടമാണ് യുവാവ് പങ്കുവെച്ചത്. ജോലി കഴിഞ്ഞ് എത്തിയാലും ഫോണിലെ 'അർജന്റ്' കോളുകൾക്കിടയിൽ മകനെ ശ്രദ്ധിക്കാൻ കഴിയുന്നില്ലായെന്നും കുറിപ്പിൽ പറയുന്നു.

'ഞാൻ വീട്ടിലെത്തുമ്പോൾ മകൻ സന്തോഷത്തോടെ എന്റെ അടുത്തേക്ക് വരും. ഞാനവനെ എടുക്കാനും അവന്റെ കൂടെ കളിക്കാനും അവൻ ആഗ്രഹിക്കുന്നു. എന്നാൽ മീറ്റിംഗുകൾക്കിടയിൽ എനിക്ക് അവനെ അവഗണിക്കേണ്ടി വരുന്നു. ആ സമയത്ത് അവന്റെ മുഖത്തുണ്ടാകുന്ന ഭാവം എന്റെ ഹൃദയം തകർക്കുകയാണ്' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. ഒരിക്കൽ കടന്നുപോയാൽ പിന്നെയൊരിക്കലും തിരികെ ലഭിക്കാത്ത മകന്റെ കുട്ടിക്കാലത്തെ പ്രധാന നിമിഷങ്ങൾ നഷ്ടപ്പെടുത്താൻ യുവാവ് ആഗ്രഹിക്കുന്നില്ലെന്നും പോസ്റ്റിൽ നിന്നും മനസിലാകും.

ഈ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണ് യുവാവ് ഇപ്പോൾ ഗൗരവമായി ചിന്തിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാർഡ് ഗെയിം വികസിപ്പിക്കുക എന്ന ആശയമാണ് യുവാവിന്റെ മുന്നിലുള്ളത്. ഈ ആശയം എങ്ങുമെത്തിയില്ലെങ്കിലും, ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് യുവാവ് പ്രതീക്ഷിക്കുന്നത്. എങ്കിലും മകനൊപ്പം ചിലവഴിക്കാനായി സ്ഥിരതയുള്ള ഒരു ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ള ഒന്നിലേക്ക് മാറിയാൽ ശരിയാകുമോ എന്നാണ് യുവാവിന്റെ സംശയം. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയത്. കുടുംബത്തിന് പ്രാധാന്യം നൽകണമെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടത്. ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നത് നിലവിലെ ജോലിയേക്കാൾ കൂടുതൽ സമയം തട്ടിയെടുക്കുന്ന ഒന്നായിരിക്കാമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. സ്ഥിരതയുള്ളൊരു ജോലിയുപേക്ഷിക്കുന്നത് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും അഭിപ്രായമുയർന്നു.