‘ഇതാണ് ഒരമ്മയുടെ ജീവിതം. ഒരു കുട്ടിക്ക് അസുഖമാണ്. ഒരു ഭാഗത്ത് എനിക്ക് ഭക്ഷണമുണ്ടാക്കുകയും മറുഭാഗത്ത് കുട്ടിയെ നോക്കുകയും വേണം. അതിനിടയിൽ വർക്ക് ഫ്രം ഹോം ചെയ്യണം. ഒരമ്മ മാത്രം കടന്നുപോകുന്ന കാര്യങ്ങളാണ് ഇത്’ എന്ന് യുവതി പറയുന്നത് കേൾക്കാം.
ജോലിക്കാരായ സ്ത്രീകൾക്ക് എപ്പോഴും ജീവിതത്തിൽ ഇരട്ടിഭാരം ആയിരിക്കും എന്ന് പറയാറുണ്ട്. വീട്ടിലെ പണികൾ ചെയ്യണം, കുട്ടികളെ നോക്കണം, ജോലിയും ചെയ്യണം ഇങ്ങനെ പോകുമത്. പലപ്പോഴും ഭർത്താക്കന്മാർ ഇതിലൊന്നും ഇടപെടാറേയില്ല. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ ബുദ്ധിമുട്ടുകൾ കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. pranvi_ki_maa എന്ന യൂസർ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്, ജോലിയുള്ള ഒരു സ്ത്രീയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ചില പ്രയാസങ്ങളെ കുറിച്ചാണ്.
യുവതിയുടെ ജീവിതത്തിലെ ഒരു ദിവസമാണ് വീഡിയോയിൽ കാണിക്കുന്നത്. അവർ രാവിലത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് കാണാം. അവരുടെ കയ്യിൽ കുഞ്ഞുമുണ്ട്. ഒരു കുഞ്ഞിന് വയ്യ എന്നും മറ്റേ കുഞ്ഞ് ബെഡ്‍റൂമിൽ തനിച്ചിരിക്കുകയാണ് എന്നും യുവതി പറയുന്നു. ഈ രണ്ട് കുഞ്ഞുങ്ങളെയും നോക്കുന്നതിനിടയ്ക്കാണ് തനിക്ക് ഭക്ഷണമുണ്ടാക്കേണ്ടത്. ഇതൊന്നും പോരാഞ്ഞ് വർക്ക് ഫ്രം ഹോമായി ജോലി ചെയ്യാനുണ്ട് എന്നും അവർ പറയുന്നു.
‘ഇതാണ് ഒരമ്മയുടെ ജീവിതം. ഒരു കുട്ടിക്ക് അസുഖമാണ്. ഒരു ഭാഗത്ത് എനിക്ക് ഭക്ഷണമുണ്ടാക്കുകയും മറുഭാഗത്ത് കുട്ടിയെ നോക്കുകയും വേണം. അതിനിടയിൽ വർക്ക് ഫ്രം ഹോം ചെയ്യണം. ഒരമ്മ മാത്രം കടന്നുപോകുന്ന കാര്യങ്ങളാണ് ഇത്’ എന്ന് യുവതി പറയുന്നത് കേൾക്കാം. എനിക്ക് രണ്ട് കുട്ടികളെയും നോക്കാതിരിക്കാനാവില്ല. ഒരാൾ വീണേക്കാം, മറ്റേയാൾക്ക് പനിയാണ്, സുഖമില്ല. എല്ലാം കൈകാര്യം ചെയ്യേണ്ടത് അമ്മയാണ്' എന്നും യുവതി പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ജോലി ചെയ്യുന്ന അമ്മമാരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് പലരും കമന്റുകൾ നൽകി. അതേസമയം, ഭർത്താവ് എന്തുകൊണ്ടാണ് ഇതിലൊന്നും ഇടപെടാത്തത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. ഇങ്ങനെ ഒരു കാര്യത്തിലും ഭർത്താവ് ഇടപെടുന്നില്ല, മനസിലാക്കുന്നില്ലായെങ്കിൽ എന്തിനാണ് രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിച്ചത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.
