ജൂൺ 30 -ന് സ്ത്രീ വാസൈ വീരാർ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. പൊലീസ് അക്കൗണ്ട് ഹോൾഡറെ കണ്ടെത്തുകയും തേടിച്ചെന്ന ശേഷം പണം കൈമാറാൻ ആവശ്യപ്പെടുകയും ചെയ്‍തു.
തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുക എന്നത് എന്തൊരു ദുരന്തമാണ് അല്ലേ? ഒരൊറ്റ അക്കം മാറിയാൽ മതി അക്കൗണ്ട് തന്നെ മാറാൻ. എന്നാൽ അത് ലക്ഷങ്ങളാണ് എങ്കിലോ? അത് തന്നെയാണ് മുംബൈയിലുള്ള ഒരു സ്ത്രീക്കും സംഭവിച്ചത്. പക്ഷേ, സൈബർ പൊലീസിന്റെ സഹായത്തോടെ അക്കൗണ്ടിൽ നിന്നും പോയ പണം സ്ത്രീക്ക് തിരികെ കിട്ടി. എന്നാൽ, ആദ്യം പണം കിട്ടിയ ആൾ തുക തനിക്ക് ലോട്ടറി അടിച്ചതാണ് എന്നും പറഞ്ഞ് അത് തിരികെ കൊടുക്കാൻ തയ്യാറായിരുന്നില്ല.
ജൂൺ 29 -നാണ് സംഭവം നടന്നത്. മിരാ റോഡിൽ നിന്നുള്ള യുവതിക്ക് തന്റെ ബന്ധുക്കൾക്ക് പണം ഇട്ടുകൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അക്കൗണ്ട് മാറിപ്പോവുകയും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം പോവുകയും ചെയ്തത് എന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് പറയുന്നു.
തെറ്റായ അക്കൗണ്ട് നമ്പർ അടിച്ചതിന് തുടർന്നാണ് മുംബൈയിൽ തന്നെയുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം മാറി ചെന്നത്. ഉടനെ തന്നെ അവർ ബാങ്കിൽ ചെന്ന് സഹായത്തിന് അഭ്യർത്ഥിച്ചു. എന്നാൽ, അത് യുവതിയുടെ തെറ്റാണ് എന്നും അതിനാൽ പണം തിരികെ കിട്ടുന്നതിൽ സഹായിക്കാൻ തങ്ങൾക്ക് കഴിയില്ല എന്നുമായിരുന്നു ബാങ്കിന്റെ നിലപാട്.
ജൂൺ 30 -ന് സ്ത്രീ വാസൈ വീരാർ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. പൊലീസ് അക്കൗണ്ട് ഹോൾഡറെ കണ്ടെത്തുകയും തേടിച്ചെന്ന ശേഷം പണം കൈമാറാൻ ആവശ്യപ്പെടുകയും ചെയ്‍തു. എന്നാൽ, ആദ്യം ഇയാൾ പറഞ്ഞത് തുക തനിക്ക് ലോട്ടറി അടിച്ചതാണ്, അതിനാൽ അത് സ്ത്രീക്ക് കൊടുക്കുക സാധ്യമല്ല എന്നാണ്. എന്നാൽ, ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും എന്ന് പൊലീസ് പറഞ്ഞതോടെ ഇയാൾ തുക തിരികെ കൊടുക്കാൻ തയ്യാറാവുകയായിരുന്നു.
രണ്ട് ദിവസത്തിനു ശേഷം ജൂലൈ രണ്ടിന് സ്ത്രീയുടെ അക്കൗണ്ടിൽ പണം തിരികെ കിട്ടി.
