കുട്ടിയുടെ കരച്ചിൽ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോൾ കുട്ടിയുടെ വായിൽ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവർ പാമ്പിനെ വലിച്ച് പുറത്തിട്ടു.

പാമ്പുകളെ പേടിയില്ലാത്ത മനുഷ്യരുണ്ടോ? വളരെ വളരെ ചുരുക്കമായിരിക്കും. ഇന്ത്യയിൽ ഏറെപ്പേരും പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയന്നു പോകുന്നവരായിരിക്കും. എന്നാലും, ഇന്ത്യയിലെ മിക്കയിടങ്ങളിലും പാമ്പുകളെ കാണാവുന്നതാണ്. പ്രത്യേകിച്ചും ​ഗ്രാമപ്രദേശങ്ങളിൽ അവ വീടുകളിലേക്ക് ഇഴഞ്ഞ് വരുന്നത് ഒരു പുതിയ സം​ഗതി ഒന്നുമല്ല. പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും ദിനംപ്രതി എന്നോണം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. തീരെ പ്രതീക്ഷിക്കാതെ വാഹനങ്ങളിലും വീടിന്റെ അകത്തും ഒക്കെ പാമ്പിനെ കണ്ടെത്തുന്നതൊക്കെ അതിൽ പെടുന്നു. ഇപ്പോഴിതാ ഒരു മൂന്ന് വയസുകാരൻ പാമ്പിനെ ചവച്ച് കൊന്നതായിട്ടാണ് വാർത്ത വരുന്നത്. 

ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ച് കൊന്നത്. വീടിന്റെ പുറത്തായി കളിക്കുകയായിരുന്നു മൂന്ന് വയസുകാരനായ അക്ഷയ്. ആ സമയത്താണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ഒരു പാമ്പ് പുറത്ത് വന്നത്. അത് കുട്ടിയുടെ മുന്നിലായി എത്തിപ്പെട്ടു. കുട്ടി പാമ്പിനെ പിടിച്ച് വായിൽ ഇടുകയും അതിനെ ചവക്കുകയും ചെയ്തു. എന്നാൽ, അധികം വൈകാതെ മൂന്ന് വയസുകാരൻ കരച്ചിലും ആരംഭിച്ചു. 

കുട്ടിയുടെ കരച്ചിൽ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോൾ കുട്ടിയുടെ വായിൽ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവർ പാമ്പിനെ വലിച്ച് പുറത്തിട്ടു. പിന്നാലെ തന്നെ അയൽക്കാരും വീട്ടുകാരും ഒക്കെ ചേർന്ന് കുട്ടിയെ അടുത്തുള്ള ആരോ​ഗ്യകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നും അവൻ പൂർണ ആരോ​ഗ്യവാനാണ് എന്നും ബന്ധുക്കളെ അറിയിച്ചു. പിന്നീട് കുട്ടിയെ വീട്ടിലേക്ക് തിരികെ അയച്ചു. 

ഏതായാലും, മൂന്ന് വയസുകാരൻ ചവച്ചരച്ചതിനെ തുടർന്ന് പാമ്പ് ചത്തിരുന്നു.