ഷവറും ടോയ്‌ലറ്റും, അടുക്കളയും ലിവിംഗ് ഏരിയയും കിടപ്പുമുറിയും ഒക്കെ അടങ്ങിയതാണ് ഈ ഫ്ലാറ്റ്. അഞ്ചുപേർ 20 മിനിറ്റ് നേരമെടുത്താണ് വീട് ഫിറ്റ് ചെയ്തത്.

ഈ ലോകത്തിലെ ഭൂരിഭാ​ഗം ആളുകളുടെയും സ്വപ്നമായിരിക്കും ഒരു വീട് വാങ്ങുക എന്നത്. എന്നാൽ, ദിവസമെന്നോണം നിർമ്മാണസാമ​ഗ്രികൾക്കും ഭൂമിക്കും എല്ലാത്തിനും വില കൂടി വരികയാണ്. മറ്റെന്തെങ്കിലും സാധനങ്ങളാണെങ്കിൽ നമുക്ക് ആമസോണിൽ ഓർഡർ ചെയ്യാമായിരുന്നു. പക്ഷേ, വീട് പറ്റുമോ എന്നാണോ? ഇതാ ആമസോണിൽ ഒരു കിടിലൻ വീട് ഓർഡർ ചെയ്ത് കൈപ്പറ്റിയ ടിക്ടോക്കറായ യുവാവാണ് ഇപ്പോൾ വാർത്തയാവുന്നത്. 

ലോസ് ഏഞ്ചൽസിൽ നിന്നുള്ള ജെഫ്രി ബ്രയാൻ്റ് എന്ന 23 -കാരനാണ് ആമസോണിൽ നിന്നും വീട് വാങ്ങിയത്. ആമസോണിൽ നിന്നും ഞാനൊരു വീട് വാങ്ങി. അത് വാങ്ങാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നാണ് ജെഫ്രി പറയുന്നത്. വീട് വാങ്ങിയതിനെ കുറിച്ച് ജെഫ്രി വിവരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. 

മെട്രോ പറയുന്നതനുസരിച്ച്, 26,000 ഡോളർ (21,37,416 രൂപ) വിലമതിക്കുന്ന 16.5/ 20 അടി വലിപ്പമുള്ള ഒരു ഫോൾഡ് ഔട്ട് ഫ്ലാറ്റാണ് ജെഫ്രി വാങ്ങിയിരിക്കുന്നത്. ഷവറും ടോയ്‌ലറ്റും, അടുക്കളയും ലിവിംഗ് ഏരിയയും കിടപ്പുമുറിയും ഒക്കെ അടങ്ങിയതാണ് ഈ ഫ്ലാറ്റ്. അഞ്ചുപേർ 20 മിനിറ്റ് നേരമെടുത്താണ് വീട് ഫിറ്റ് ചെയ്തത്. മുത്തച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ എസ്റ്റേറ്റിൽ നിന്നും പാരമ്പര്യമായി കിട്ടിയ തുക ഉപയോ​ഗിച്ചാണ് ഈ വീട് ജെഫ്രി വാങ്ങിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Scroll to load tweet…

എന്നാൽ, ജെഫ്രി മാത്രമല്ല ഇങ്ങനെ ആമസോണിൽ നിന്നും വീട് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിവസേന വില കൂടി വരുന്ന സാഹചര്യത്തിൽ അനേകം പേർ ഇതുപോലെ വീടുകൾ ആമസോണിൽ നിന്നും വാങ്ങി അതിൽ താമസിക്കുന്നുണ്ടത്രെ. അതാണ് കൂടുതൽ എളുപ്പം എന്നാണ് യുവാക്കളുടെ അഭിപ്രായം. 

വായിക്കാം: 30 കൊല്ലക്കാലം മുമ്പ് കുപ്പിയിലടച്ച് കടലിലൊഴുക്കിയ സന്ദേശം തീരമണഞ്ഞു, പിന്നാലെ അപ്രതീക്ഷിത സംഭവവികാസങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം