വലിയ ബാ​ഗുകളുമായിട്ടാണ് ടോമും കുട്ടികളും സഞ്ചരിച്ചിരുന്നത്. ആശ്വാസം നൽകുന്ന കാഴ്ച എന്നാണ് ഇവരെ കണ്ടതിനെ പൊലീസ് വിശേഷിപ്പിച്ചത്.

മൂന്ന് വർഷം മുമ്പ് മൂന്നുമക്കളെയും കൊണ്ട് നാടുവിട്ട യുവാവിനെ മക്കൾക്കൊപ്പം കണ്ടതായി റിപ്പോർട്ട്, തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. 2021 അവസാനത്തോടെയാണ് ഇയാളെ കാണാതാവുന്നത്. ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിൻ്റെ പടിഞ്ഞാറൻ തീരത്താണ് ഇയാളെയും മക്കളെയും കണ്ടതായി റിപ്പോർട്ട് വന്നിരിക്കുന്നത്. 

മക്കളായ എംബർ (ഇപ്പോൾ 8 വയസ്സ്), മാവെറിക്ക് (ഇപ്പോൾ 9 വയസ്സ്), ജയ്‌ദ (ഇപ്പോൾ 11 വയസ്സ്) എന്നിവരോടൊപ്പമാണ് 2021 -ലെ ക്രിസ്‌മസിന് തൊട്ടുമുമ്പ് ടോം ഫിലിപ്‌സിനെ കാണാതാവുന്നത്. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ടോം ഫിലിപ്സ് മക്കളുമായി നാടുവിട്ടത്. കുട്ടികളെ വൈകാറ്റോ മരുഭൂമിയിലേക്കാണ് അയാൾ കൊണ്ടുപോയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നീട്, പലയിടത്തും ഇയാളെ കണ്ടു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു എങ്കിലും കുട്ടികളെ ഒരുമിച്ച് പിന്നീട് ആരും കണ്ടതായി പറഞ്ഞുകേട്ടിരുന്നില്ല. 

2024 ഒക്‌ടോബർ 3 -ന്, ന്യൂസിലൻഡിലെ മരോകോപ്പയിലെ ഒരു കൃഷിയിടത്തിലൂടെ ഫിലിപ്‌സ് മൂന്ന് കുട്ടികളുമായി നടക്കുന്നതാണ് കണ്ടത്. പന്നിവേട്ടയ്ക്കെത്തിയവരാണത്രെ ഇയാളെയും കുട്ടികളെയും കണ്ടത്. ഈ ദൃശ്യങ്ങൾ പിന്നീട് പ്രചരിച്ചതോടെ ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. 

അച്ഛനെയും മക്കളെയും കണ്ടതിൽ ടോം ഫിലിപ്സിന്റെ ഭാര്യയും പ്രതികരിച്ചു. അവരെ അവസാനമായി കണ്ടത് 2021 -ലാണ്. ഇപ്പോൾ അവരെ കണ്ടതിൽ വളരെ സമാധാനമുണ്ട്. ചിത്രങ്ങൾ കണ്ടതിൽ നിന്നും മക്കളെ തിരിച്ചറിഞ്ഞു. അവർ ആരോ​ഗ്യത്തോടെയിരിക്കുന്നു എന്ന് കണ്ടതിൽ സമാധാനം എന്നായിരുന്നു ഇവരുടെ പ്രതികരണം. 

വലിയ ബാ​ഗുകളുമായിട്ടാണ് ടോമും കുട്ടികളും സഞ്ചരിച്ചിരുന്നത്. ആശ്വാസം നൽകുന്ന കാഴ്ച എന്നാണ് ഇവരെ കണ്ടതിനെ പൊലീസ് വിശേഷിപ്പിച്ചത്. ഇപ്പോൾ, ടോമിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.