ഇതൊരു വളരെ ചെറിയ ന​ഗരമാണ് അവിടെ 619 താമസക്കാർ മാത്രമേ ഉള്ളൂ. ഓസ്ട്രേലിയയിൽ‌ അനേകം ​ഗ്രാമീണർ ഇതുപോലെ ഒരു റെസിഡൻഷ്യൽ ഡോക്ടറെ കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 

ഓസ്ട്രേലിയയിലെ ഒരു ന​ഗരം അവിടെ ഡോക്ടർമാരായി സേവനം അനുഷ്ഠിക്കാൻ തയ്യാറാവുന്നവർക്ക് പ്രതിഫലമായി നൽകാൻ തയ്യാറാവുന്നത് ആറ് കോടിയിലധികം രൂപ. 8,00,000 ഡോളർ (6,56,00,490 രൂപ) വാർഷിക ശമ്പളത്തിനൊപ്പം നാല് കിടപ്പുമുറികളുള്ള ഒരു വീടും സൗജന്യമായി താമസിക്കാൻ നൽകും എന്നാണ് ന​ഗരത്തിലെ അധികൃതർ പറയുന്നത്. 

ഓസ്ട്രേലിയയിലെ വീറ്റ്‌ബെൽറ്റ് മേഖലയിലാണ് ക്വാറാഡിംഗ് എന്ന പ്രസ്തുത ന​ഗരം സ്ഥിതി ചെയ്യുന്നത്. പെർത്തിൽ നിന്ന് കിഴക്കോട്ട് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്. എന്നാൽ, വളരെ മാസങ്ങളായി ഇവിടുത്തുകാർ ഒരു സ്ഥിരം റസിഡൻഷ്യൽ ഡോക്ടറെ കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. അങ്ങനെയാണ്, നാട്ടിലെ മെഡിക്കൽ സൗകര്യങ്ങളുടെയും ഡോക്ടറുടെയും അഭാവം പരിഹരിക്കുന്നതിന് വേണ്ടി ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു ജനറൽ പ്രാക്ടീഷണർക്കും 6.56 കോടി രൂപ നൽകാൻ ക്വാറാഡിം​ഗ് ടൗൺ കൗൺസിൽ തീരുമാനിച്ചത്. ഡോക്ടറുടെ പ്രവർത്തനത്തിനു വേണ്ടിയുള്ള സ്റ്റാഫുകളടക്കം എല്ലാത്തിനുമുള്ള ചെലവും ഇതുവഴി വഹിക്കപ്പെടും. എന്നാൽ, ഈ ശമ്പളം കൊണ്ട് മാത്രമായില്ല. ഇതിനൊപ്പം ബോണസും ഇൻസെന്റീവുകളും ഉണ്ട്. 

രണ്ട് വർഷത്തിൽ കൂടുതൽ പട്ടണത്തിൽ തങ്ങാൻ ഡോക്ടർ തീരുമാനിക്കുകയാണെങ്കിൽ, അവർക്ക് 12,000 ഡോളറും (9.94 ലക്ഷം രൂപ), നഗരത്തിൽ അഞ്ച് വർഷത്തിലധികം ജോലി ചെയ്താൽ 23,000 ഡോളറും (19.05 ലക്ഷം രൂപ) ബോണസായി ലഭിക്കും. ഇതൊരു വളരെ ചെറിയ ന​ഗരമാണ് അവിടെ 619 താമസക്കാർ മാത്രമേ ഉള്ളൂ. ഓസ്ട്രേലിയയിൽ‌ അനേകം ​ഗ്രാമീണർ ഇതുപോലെ ഒരു റെസിഡൻഷ്യൽ ഡോക്ടറെ കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 

പല ന​ഗരങ്ങളും സമാനമായ കാരണം കൊണ്ട് മെഡിക്കൽ സെന്ററുകൾ പൂട്ടിയിട്ടു. ഷയർ ഓഫ് ക്വെയ്‌റാഡിംഗിന്റെ പ്രസിഡന്റ് പീറ്റർ സ്മിത്ത് ദി വെസ്റ്റിനോട് പറഞ്ഞത്, “സമൂഹത്തിന് ഇത്രയും പ്രധാനപ്പെട്ട ഒരു ആവശ്യം ഉള്ളപ്പോൾ കൗൺസിലിന് വെറുതെ നോക്കിനിൽക്കാനാവില്ല. ഡോക്ടറോ, ക്ലിനിക്കോ, ആശുപത്രിയോ, കെമിസ്റ്റോ ഇല്ലാതായാൽ അവിടെ നിന്നും ​ഗ്രാമത്തിന്റെ മരണം ആരംഭിക്കും“ എന്നാണ്. 

അടുത്തയാഴ്ച വെസ്റ്റ് ഓസ്‌ട്രേലിയൻ മെഡിക്കൽ പ്രസിദ്ധീകരണങ്ങളിൽ ഡോക്ടറെ ആവശ്യമുണ്ട് എന്ന് കാണിച്ച് പരസ്യം നൽകും. അതിലൂടെ ഡോക്ടറെ കണ്ടെത്താനായില്ലെങ്കിൽ മറ്റ് തരത്തിലും പരസ്യം പ്രസിദ്ധീകരിക്കും. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഓസ്ട്രേലിയയിലെ മെഡിക്കൽ വിദ്യാർത്ഥികളിൽ 14 ശതമാനം മാത്രമാണ് ഒരു ജനറൽ പ്രാക്ടീഷണറാവാൻ ആ​ഗ്രഹിക്കുന്നത്, വെറും 4.5 ശതമാനം മാത്രമേ ക്വാറാഡിംഗ് പോലെയുള്ള ചെറു ന​ഗരങ്ങളിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നുള്ളൂ എന്നാണ്.