രേഖ ടീച്ചർ സ്ഥലം മാറ്റമായി പോകുമെന്ന് അറിഞ്ഞതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം ​ഗ്രാമമൊന്നാകെ അവരോട് യാത്ര പറയാൻ എത്തിച്ചേരുകയായിരുന്നു.

സ്കൂളിന് മാത്രമല്ല ഒരു നാടിനാകെ പ്രിയപ്പെട്ട അധ്യാപിക, 22 വർഷത്തെ സേവനത്തിന് ശേഷം അവർ ആ നാട്ടിൽ നിന്നും പോകുമ്പോൾ കുട്ടികൾക്ക് മാത്രമല്ല ആർക്കായാലും സഹിക്കാനാവില്ല അല്ലേ? അങ്ങനെ ഹൃദയത്തെ സ്പർശിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

രേഖ എന്നാണ് ആ അധ്യാപികയുടെ പേര്. ബിഹാറിലെ മുസാഫർപൂരിലെ ആദർശ് മധ്യ വിദ്യാലയത്തിൽ 22 വർഷം അധ്യാപികയായി പ്രവർത്തിച്ചു അവർ. അടുത്തിടെയാണ് രേഖ ടീച്ചർക്ക് സ്ഥലം മാറ്റം ലഭിച്ചത്. എന്നാൽ, ആ നിമിഷം അതിവൈകാരികമായിരുന്നു. നാടിനും അധ്യാപികയ്ക്കും ഒന്നും മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ് ആ വിടവാങ്ങൽ ചടങ്ങിലുണ്ടായത്.

അഭിനവ് എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ആദർശ് മധ്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയും ജനങ്ങളിൽ പഠനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനു വേണ്ടിയും 22 വർഷം ചെലവഴിച്ച ഒരു അധ്യാപികയുണ്ട്. 22 വർഷങ്ങൾക്ക് ശേഷം ഇന്ന് ഈ സ്കൂളിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച് പോകുന്ന രേഖ മാഡത്തിന്റെ കഥയാണിത്' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത് തന്നെ.

രേഖ ടീച്ചർ സ്ഥലം മാറ്റമായി പോകുമെന്ന് അറിഞ്ഞതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം ​ഗ്രാമമൊന്നാകെ അവരോട് യാത്ര പറയാൻ എത്തിച്ചേരുകയായിരുന്നു. 'ഞാൻ ആദ്യമായി ഇവിടെ എത്തിയപ്പോൾ എന്നെ ഇവിടേക്ക് അയച്ചതിന് എന്റെ അച്ഛനോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ, ഞാൻ അദ്ദേഹത്തെയാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്' എന്ന് അധ്യാപിക പറയുന്നുണ്ട്.

View post on Instagram

​ഗ്രാമത്തിലെ മുഴുവനാളുകളും വിടപറയൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് കാണാം. അവർ അധ്യാപികയെ കെട്ടിപ്പിടിക്കുന്നു, അവരെ കുറിച്ച് പറയുന്നു. കുട്ടികൾക്ക് മാത്രമല്ല നാട്ടുകാരിൽ പലർക്കും കണ്ണീർ നിയന്ത്രിക്കാനാവുന്നില്ല. പലരും അധ്യാപികയെ കെട്ടിപ്പിടിച്ച് കരയുന്നതും കാണാം. പലപല സമ്മാനങ്ങളും കൊണ്ടാണ് മിക്കവരും എത്തിയിരിക്കുന്നത്. കുട്ടികൾ രേഖ ടീച്ചറെ മിസ് ചെയ്യും എന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചിരിക്കുന്നതും കാണാം.

വളരെ വേ​ഗത്തിലാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഇങ്ങനെ ഒരു അധ്യാപികയെ ആണ് ഏതൊരു സ്കൂളും നാടും ആ​ഗ്രഹിക്കുന്നത് എന്ന് വീഡിയോ കാണുമ്പോൾ തന്നെ വ്യക്തമാണ്.