ഭൂചലനത്തെ അതിജീവിച്ചവർ പലരും പലതരം അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ചിലർ മണിക്കൂറുകളോളം തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അടിയിൽ കിടന്നു. ഇരുട്ടിൽ നിന്നും പുറത്ത് വന്നപ്പോഴേക്കും പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു.
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. ഭൂചലനം അനാഥമാക്കിയത് എത്രയോ കുട്ടികളെയാണ്. ഇപ്പോഴും തുർക്കിയിലെ കുട്ടികൾ പൂർണമായും സംഭവിച്ചത് എന്താണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ, അവരിൽ സംഭവിച്ച മാനസികാഘാതം വളരെ വലുതാണ്. ഇത് അവരിൽ കഠിനമായ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അവരെ പഠിപ്പിക്കുന്ന അധ്യാപകർ വെളിപ്പെടുത്തുന്നതും വളരെ ആശങ്കാജനകമായ കാര്യങ്ങളാണ്. ബിൽഡിങ് ബ്ലോക്കുകൾ ഉണ്ടാക്കി കളിക്കുന്ന കുഞ്ഞുങ്ങൾ ചോദിക്കുന്നത്, 'ഇത് സുരക്ഷിതമാണോ? ഇതും ഭൂചലനത്തിൽ തകരുമോ' തുടങ്ങിയ ചോദ്യങ്ങളാണ് എന്നും അവരുടെ അധ്യാപികയായ ബുസ്റ സിവെലെക് പറയുന്നു. ഇസ്കെൻഡെറൂൺ തുറമുഖത്തിലെ ഫെറിയിൽ താൽക്കാലികമായി പണിത ക്ലാസ്‍മുറികളിലാണ് അവർ ഇപ്പോൾ കുട്ടികളെ പഠിപ്പിക്കുന്നത്. 22 വിദ്യാർത്ഥികളാണ് ക്ലാസിൽ ഇപ്പോൾ ഉള്ളത്. ഫയർ എഞ്ചിൻ വാഹനങ്ങളുടെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുമ്പോൾ കുഞ്ഞുങ്ങൾ പറയുന്നത്, 'വേഗം വേഗം പോകൂ, നമുക്ക് ഭൂചലനമുണ്ടായ സ്ഥലത്തെത്തണം' എന്നൊക്കെയാണ് എന്നും സെവെലിക് പറയുന്നു. അത്രയേറെ ആഴത്തിൽ ഭൂചലനമുണ്ടാക്കിയ ഭയവും ആശങ്കയും കുട്ടികളിൽ പതിഞ്ഞു കഴിഞ്ഞു എന്നാണ് പറയുന്നത്.

ഫെറിയിൽ പ്രവർത്തിക്കുന്ന സൈക്ക്യാട്രിസ്റ്റ് ആയ ഹസിബെ എബ്രു പറയുന്നത് ആളുകൾ എപ്പോഴും കരയുകയാണ്, അവർക്ക് ഉറങ്ങാൻ സാധിക്കുന്നില്ല എന്നാണ്. എന്നാൽ, കുറച്ച് കാലം കഴിയുമ്പോൾ ഇത്തരം പേടികളിൽ നിന്നും ആശങ്കകളിൽ നിന്നും ഇവർ മോചനം നേടുമെന്നും ഇതിനെയെല്ലാം അതിജീവിക്കുമെന്നുമാണ് എബ്രു പ്രതീക്ഷിക്കുന്നത്. എന്നാൽ, ദീർഘകാലാടിസ്ഥാനത്തിൽ ഇത് മനുഷ്യരെ എങ്ങനെ ബാധിക്കും എന്ന് പറയാൻ സാധിക്കില്ല. വിവിധ ആളുകളെ വിവിധ തരത്തിലാകും ഇത് ബാധിക്കുക എന്നും അവർ സൂചിപ്പിക്കുന്നു.

ഭൂചലനത്തെ അതിജീവിച്ചവർ പലരും പലതരം അനുഭവങ്ങളിലൂടെയാണ് കടന്നു പോയത്. ചിലർ മണിക്കൂറുകളോളം തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അടിയിൽ കിടന്നു. ഇരുട്ടിൽ നിന്നും പുറത്ത് വന്നപ്പോഴേക്കും പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വെള്ളവും വെളിച്ചവുമില്ലാതെ മരണഭയവും പേറി മണിക്കൂറുകൾ കഴിഞ്ഞ മനുഷ്യരിൽ പലർക്കും വേദനകളിൽ നിന്നും ഭയത്തിൽ നിന്നും പുറത്ത് കടക്കാൻ ഇപ്പോഴും സാധിച്ചില്ല.

സ്വന്തം വീടും അയൽവീടും നിന്നിരുന്ന സ്ഥലമെല്ലാം വെറും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമായി മാറി. ആശുപത്രിയിലും മറ്റും രക്ഷപ്പെടുത്തിയെത്തിച്ച കുട്ടികളിൽ പലരുടേയും രക്ഷിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തിയ സ്ഥലങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളെ കുറിച്ചും മനസിലാക്കി അവരുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിൽ തന്നെയാണ്. പല കുഞ്ഞുങ്ങൾക്കും തങ്ങളുടെ അച്ഛനേയോ അമ്മയേയോ പ്രിയപ്പെട്ടവരേയോ ഭൂകമ്പത്തിൽ നഷ്ടമായിട്ടുണ്ട്.

ഡോക്ടർമാർ പറയുന്നത് ഭൂചലനത്തെ തുടർന്ന് ഏറെ ആളുകളും മാനസികാഘാതങ്ങളിൽ നിന്നും പുറത്ത് കടന്നിട്ടില്ല എന്നാണ്. അതിൽ പലർക്കും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറും പാനിക് അറ്റാക്കും അനുഭവിക്കേണ്ടി വരുന്നു എന്നും ഡോക്ടർമാർ പറയുന്നു.
