ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാകണം, ഹെന്‍‍റി ഒരു 200 ഏക്കര്‍ എസ്റ്റേറ്റ് മെല്‍ബണില്‍ വാങ്ങിയത്. അവിടെ ഒരു ബംഗ്ലാവും പണിതു. അതിന് പേരും നല്‍കി, 'തിരുവിതാംകൂര്‍ ബംഗ്ലാവ്'. 


തിരുവിതാംകൂര്‍... തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു നമ്മുടെ തിരുവിതാംകൂര്‍. ഒരുപാടൊരുപാട് ചരിത്രം പറയാനുള്ളൊരിടം. ഇവിടെയുള്ളവര്‍ക്ക് ഏറെ പരിചിതവുമാണ്. എന്നാല്‍, ഓസ്ട്രേലിയയിലെ മെല്‍ബണിലുമുണ്ട് തിരുവിതാംകൂര്‍ (ട്രാവന്‍കൂര്‍) എന്നൊരു സ്ഥലം. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകനായ കോര അബ്രഹാമാണ് മെല്‍ബണിലെ ട്രാവന്‍കൂറിനെക്കുറിച്ച് ട്വീറ്റ് ചെയ്‍തത്. എഴുത്തുകാരനായ മനു എസ് പിള്ള കൂടി കടന്നുവന്നതോടെ ഈ ട്രാവന്‍കൂറിനെ കുറിച്ച് അത്ര ചെറുതല്ലാത്ത ചര്‍ച്ചകളും നടന്നു ട്വിറ്ററില്‍. അതിനെത്തുടര്‍ന്ന് നിരവധി പേരാണ് ഗൂഗിളില്‍ മെല്‍ബണിലെ ഈ ട്രാവന്‍കൂര്‍ തിരഞ്ഞുചെന്നത്. 

Scroll to load tweet…

മെല്‍ബണിലെ ട്രാവന്‍കൂര്‍

മെല്‍ബണിലെ ഒരു പ്രാന്തപ്രദേശമാണ് ട്രാവന്‍കൂര്‍. മെല്‍ബണിന്‍റെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍നിന്നും അധികം അകലെയല്ല ഈ ട്രാവന്‍കൂര്‍. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ 2016 -ലെ സെന്‍സസ് പ്രകാരം ഈ ട്രാവന്‍കൂറിലെ ജനസംഖ്യ 2480 ആണ്. ഇതിലേറെപ്പേരുടെയും മുന്‍ഗാമികള്‍ ചൈനീസ് ആണ്, 17.4 ശതമാനം. ഇംഗ്ലീഷുകാര്‍ 14.3 ശതമാനം, ഓസ്ട്രേലിയന്‍ 10.7 ശതമാനം, ഇന്ത്യന്‍ 6.8 ശതമാനം, ഐറിഷ് 6.7 ശതമാനം എന്നിങ്ങനെ പോകുന്നു അത്. 

എഴുത്തുകാരനും The Ivory Throne: Chronicles of the House of Travancore എന്ന കൃതിയുടെ രചയിതാവുമായ മനു എസ്. പിള്ള പറയുന്നത്, അദ്ദേഹം മെല്‍ബോണിലെ ഈ ട്രാവന്‍കൂറിന് പേര് ലഭിച്ചതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടിട്ടില്ല എന്നാണ്. എന്നാല്‍, പറഞ്ഞുകേട്ട ഒരു കഥയും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്, ഒരു കുതിര വ്യാപാരി അന്നത്തെ ട്രാവന്‍കൂറില്‍ വ്യാപാരത്തിനായെത്തിയിരുന്നു. ഹെന്‍‍റി മഡന്‍ എന്നുപേരായ ആ കുതിരവ്യാപാരി തിരുവിതാംകൂര്‍ നായര്‍ ബ്രിഗേഡിലേക്ക് കുതിരകളെ വില്‍പ്പനയും ചെയ്തിരുന്നു. 

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാകണം, ഹെന്‍‍റി ഒരു 200 ഏക്കര്‍ എസ്റ്റേറ്റ് മെല്‍ബണില്‍ വാങ്ങിയത്. അവിടെ ഒരു ബംഗ്ലാവും പണിതു. അതിന് പേരും നല്‍കി, 'തിരുവിതാംകൂര്‍ ബംഗ്ലാവ്'. പിന്നീട്, 1920 -ല്‍ ഇതൊരു സ്‍കൂളായി. പക്ഷേ, ഭൂമിയിലേറെയും അപ്പോഴേക്കും വിറ്റുപോയിരുന്നു. പിന്നീട് പയ്യെപ്പയ്യെ അവിടെ ചില കുടുംബങ്ങള്‍ താമസിക്കുകയും അതൊരു ഗ്രാമം പോലെയായി മാറുകയും ചെയ്‍തു. അന്നത്തെ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹെന്‍‍റി ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്. തന്‍റെ ഈ ഫാം വര്‍ഷങ്ങളോളം ഇന്ത്യയിലേക്കുള്ള കുതിരകളെ കയറ്റി അയക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. 

ഏതായാലും ഒറ്റ ട്വീറ്റോടെ മലയാളികളിലെത്രയോ പേര്‍ മെല്‍ബണിലെ ഈ തിരുവിതാംകൂറും തിരഞ്ഞെ ചെല്ലുന്നുണ്ടെന്ന് പറയാതെ വയ്യ.