"ഹവായി എനിക്ക് ഒരിക്കലും വീട് പോലെ തോന്നിച്ചിട്ടില്ല. അവിടെ ജീവിക്കാനുള്ള ചെലവും കൂടുതലാണ്. എന്നാൽ, വിയറ്റ്നാമിലെത്തിയപ്പോൾ ശാന്തമായ അവസ്ഥ. ഒരുപാടുകാലം ഞാനിവിടെ കഴിയാൻ പോവുകയാണ് എന്ന് എനിക്ക് അപ്പോൾ തന്നെ തോന്നിയിരുന്നു" എന്നും ട്രാവിസ് പറയുന്നു.
തിരക്കേറിയ ജീവിതം, എന്നും രാവിലെ മുതൽ വൈകുന്നേരം വരെ ജോലി, അതിന്റേതായ സമ്മർദ്ദം, ചുറ്റും ബഹളം. ജീവിതത്തിൽ എപ്പോഴെങ്കിലും ഇതിൽ നിന്നെല്ലാം ഒരു ഒളിച്ചോട്ടം വേണമെന്നും തീർത്തും പുതുതായ ശാന്തിയും സമാധാനവുമുള്ള ഒരു ജീവിതം വേണമെന്നും പലർക്കും തോന്നിയിട്ടുണ്ടാവും അല്ലേ? അതുപോലെ ഹവായിയിൽ നിന്നുള്ള ഒരു യുവാവ് തന്റെ ജോലിയും അമേരിക്കൻ ജീവിതവും എല്ലാം വേണ്ടെന്ന് വച്ച് വിയറ്റ്നാമിലേക്ക് തന്റെ ജീവിതം പറിച്ചുനട്ടു. തന്റെ വീട്ടിൽ കണ്ടെത്താനാവാത്ത സമാധാനവും ശാന്തിയും അടുപ്പവുമെല്ലാം വിയറ്റ്നാമിലെ ജീവിതം തനിക്ക് നൽകിയെന്നാണ് ഈ 37 -കാരൻ പറയുന്നത്.
ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ട് പ്രകാരം, ചിക്കാഗോയിൽ നിന്നുള്ള ട്രാവിസ് കരാസ്ക്വില്ലോ ആറ് വർഷം മുമ്പാണ് വിയറ്റ്നാമിലേക്ക് താമസം മാറിയത്. യുഎസിൽ, സൈനിക കുടുംബങ്ങളിലെ ഓട്ടിസം ബാധിച്ച കുട്ടികളെ പിന്തുണയ്ക്കുന്ന ഒരു ബിഹേവിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ട്രാവിസ്. "അത് സമ്മർദ്ദം നിറഞ്ഞ ജോലിയായിരുന്നു, എന്നും ആ ജോലി ചെയ്യാനാവില്ല, അതിനാൽ മറ്റൊരു വഴി കണ്ടെത്തേണ്ടി വരും എന്ന് എനിക്ക് അന്നേ അറിയാമായിരുന്നു" എന്നും അദ്ദേഹം ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.
"ഹവായി എനിക്ക് ഒരിക്കലും വീട് പോലെ തോന്നിച്ചിട്ടില്ല. അവിടെ ജീവിക്കാനുള്ള ചെലവും കൂടുതലാണ്. എന്നാൽ, വിയറ്റ്നാമിലെത്തിയപ്പോൾ ശാന്തമായ അവസ്ഥ. ഒരുപാടുകാലം ഞാനിവിടെ കഴിയാൻ പോവുകയാണ് എന്ന് എനിക്ക് അപ്പോൾ തന്നെ തോന്നിയിരുന്നു" എന്നും ട്രാവിസ് പറയുന്നു. 2019 -ൽ, ഹനോയിയിൽ നിന്നും ഒരു റിട്ട. ആർമി ഡോക്ടറിൽ നിന്ന് ഓട്ടിസം ബാധിച്ച തന്റെ മകന് സഹായം തേടിയുള്ള സന്ദേശം ലഭിച്ചതോടെയാണ് ട്രാവിസ് വിയറ്റ്നാമിലെത്തുന്നത്. ചെറിയ കാലത്തേക്ക് എന്ന് പറഞ്ഞ് വരികയായിരുന്നെങ്കിലും അതങ്ങനെ നീണ്ടുനീണ്ടു പോവുകയും വിയറ്റ്നാമിനെ സ്വന്തം നാടിനേക്കാൾ സ്നേഹിക്കുകയായിരുന്നു എന്നും യുവാവ് പറയുന്നു.
അതേസമയം, തിരക്കേറിയ കോർപറേറ്റ് ജോലിയും ജീവിതവും ഉപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ ശാന്തിയും സമാധാനവും തേടി എത്തുന്ന നിരവധിപ്പേരുണ്ട്.
