Asianet News MalayalamAsianet News Malayalam

യാത്രക്കാരന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു, ജനാലയിൽ തൂങ്ങിക്കിടന്ന് കള്ളന് യാത്ര ചെയ്യേണ്ടി വന്നത് 15 കി.മി

ട്രെയിൻ നീങ്ങുമ്പോൾ കള്ളൻ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താൻ മരിച്ചു പോകുമെന്നും അയാൾ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകൾ വിട്ടുകളയരുതേ എന്ന് അയാൾ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്. 

tried to snatch mobile phone  thief had to travel 15 km while hanging from the window
Author
First Published Sep 16, 2022, 10:53 AM IST

ബീഹാറിലെ ബെഗുസാരായിയിൽ ഓടുന്ന ട്രെയിനിന്റെ ജനാലയിൽ നിന്ന് ഒരാൾ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ, പിന്നീട് സംഭവിച്ചത് ഒരു ജീവൻ മരണ പോരാട്ടമാണ്. ഇനി ഒരിക്കലും മോഷ്ടിക്കാൻ പോയിട്ട് വെറുതെ പോലും അയാൾ ട്രെയിനിന്റെ അടുത്തേക്ക് വരും എന്ന് തോന്നുന്നില്ല. അങ്ങനെയൊരു അനുഭവമായിരിക്കും അയാൾക്ക് ഉണ്ടായിരിക്കുക. 

സംഭവിച്ചത് ഇങ്ങനെ, അയാൾ‌ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചതോടെ ഒരാൾ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു. അപ്പോൾ തന്നെ വണ്ടി സ്റ്റേഷൻ വിടുകയും ചെയ്തു. യാത്രക്കാരൻ കള്ളന്റെ കൈ വിടാൻ തയ്യാറായില്ല. മറ്റൊരു യാത്രക്കാരനും കള്ളന്റെ മറ്റേ കൈ പിടിക്കുകയും അത് വലിക്കാൻ തുടങ്ങുകയും ചെയ്തു. ട്രെയിൻ സ്റ്റേഷൻ വിട്ടു. അങ്ങനെ ജനാലയ്ക്കൽ തൂങ്ങിക്കിടന്നു കൊണ്ട് കള്ളന് സഞ്ചരിക്കേണ്ടി വന്നത് 15 കിലോമീറ്റർ. യാത്രക്കാരൻ ഇങ്ങനെ ട്രെയിൻ ഓടുമ്പോൾ കള്ളൻ ജനാലയ്ക്കൽ തൂങ്ങി നിൽക്കുന്നതിന്റെ ഒരു വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അധികം വൈകാതെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. 

ട്രെയിനിലെ യാത്രക്കാർ ഈ മോഷ്ടാവിനെ ബെഗുസാരായിയിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ഖഗാരിയയിലേക്കാണ് കൊണ്ടുപോയത്. അതുവരെയും അയാൾ ജനലിലൂടെ തൂങ്ങിക്കിടക്കുകയായിരുന്നു. ബെഗുസരായിലെ സാഹെബ്പൂർ കമാൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങിയ ഉടനെയാണ് പ്ലാറ്റ്‌ഫോമിന്റെ അടുത്ത് വന്ന് നിന്ന് ട്രെയിനിന്റെ ജനലിലൂടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ഇയാൾ ശ്രമിച്ചത് എന്ന് യാത്രക്കാർ പറയുന്നു. അപ്പോൾ ഒരു യാത്രക്കാരൻ അവന്റെ കൈ പിടിച്ചു. ആ യാത്രക്കാരനെ സഹായിക്കാൻ സമീപത്തുള്ള യാത്രക്കാർ കള്ളന്റെ ഇരുകൈകളും പിടിക്കുകയായിരുന്നു. 

ട്രെയിൻ നീങ്ങുമ്പോൾ കള്ളൻ ആകെ ഭയന്ന് നിലവിളിക്കുന്നുണ്ട്. തന്റെ കൈ പൊട്ടിപ്പോകുമെന്നും താൻ മരിച്ചു പോകുമെന്നും അയാൾ പറയുന്നു. ഒപ്പം തന്നെ തന്റെ കൈകൾ വിട്ടുകളയരുതേ എന്ന് അയാൾ യാത്രക്കാരോട് അപേക്ഷിക്കുന്നും ഉണ്ട്. 

പിന്നീട് ഖഗാരിയ സ്റ്റേഷനിലെ ജിആർപിക്ക് ഇയാളെ കൈമാറി. അയാളുടെ പേര് പങ്കജ് കുമാർ എന്നാണ് എന്നും തിരിച്ചറിഞ്ഞു. ബെഗുസരായിലെ സാഹേബ്പൂർ കമാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് ഇയാൾ. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios