ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കിയ 'ചൈനീസ്' വൈറസ് എന്ന് പലവട്ടം ട്രംപ് തന്റെ ട്വീറ്റുകളിൽ ആവർത്തിച്ചു. ചൈനയെ കുറ്റം പറയുന്നതിനുപകരം, സ്വന്തം നാടിനെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ എന്തുചെയ്യാനാകും എന്നാലോചിക്കാൻ ട്രമ്പിനോട് ആവശ്യപ്പെട്ടുകൊണ്ട് ചുട്ട മറുപടിയുമായി ചൈനയും രംഗത്തെത്തിയതോടെ പോര് മുറുകി.

കൊവിഡ് 19 എന്ന പേരിൽ ഇന്നറിയപ്പെടുന്ന ഈ മഹാമാരിയുടെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2019 അവസാനത്തിൽ ചൈനയിലെ ഹുബൈ പ്രവിശ്യയിലുള്ള വുഹാൻ എന്ന പട്ടണത്തിലായിരുന്നു. കഴിഞ്ഞയാഴ്ച ചൈനീസ് വിദേശമന്ത്രാലയത്തിലെ ചില പ്രതിനിധികൾ ഈ മഹാമാരി ഒരു അമേരിക്കൻ ഗൂഢാലോചനയാണ് എന്നും 2019 -ൽ വുഹാനിൽ വച്ചുനടന്ന ലോക സൈനിക ഗെയിംസിൽ പങ്കെടുക്കാൻ വന്ന അമേരിക്കൻ സൈനികർ വഴിയാകാം ഈ രോഗാണു വുഹാനിൽ എത്തിയത് എന്നുമുള്ള മട്ടിൽ ചില ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിനു മറുപടിയായി അമേരിക്കൻ വിദേശകാര്യമന്ത്രി മൈക്ക് പോംപിയോ ചൈനയോട് അപവാദപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ഉണ്ടായിരുന്നു. 

എന്നാൽ അതൊക്കെ ഉദ്യോഗസ്ഥതലത്തിൽ നടന്ന ആരോപണങ്ങൾ മാത്രമായിരുന്നു. ഇന്നുവരെ ലോകത്ത് സ്ഥിരീകരിക്കപ്പെട്ട 1,97,0000 കൊവിഡ് 19 കേസുകളിൽ 80,000 കേസുകളും ചൈനയിൽ നിന്നായിരുന്നു. തിങ്കളാഴ്ച തങ്ങളുടെ രാജ്യത്ത് ആകെ ഉണ്ടായത് ഒരേയൊരു പുതിയ കേസ് മാത്രമാണ് എന്ന വിവരമാണ് ചൈന പുറത്തു വിട്ടത്. അതേ സമയം 6,194 പേർക്ക് അസുഖം ബാധിച്ചിട്ടുള്ള അമേരിക്കയ്ക്ക് 1,531 പുതിയ സ്ഥിരീകരണങ്ങളുണ്ട്. ഏറ്റവും പുതുതായി സ്ഥിരീകരിച്ച 16 മരണങ്ങളോടെ അമേരിക്കയുടെ ആകെ മരണങ്ങളുടെ സംഖ്യ 102 ആയിട്ടുണ്ട്. അസുഖം നിയന്ത്രണാതീതമായി പരക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ട്രംപിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നിരിക്കയാണ്. രാജ്യത്തെ ഒട്ടുമിക്ക വ്യവസായങ്ങളും കൊവിഡ് 19 കാരണം പ്രതിസന്ധിയിൽ പെട്ടുഴലുന്ന അവസ്ഥയിൽ ട്രംപിന് തന്റെ ട്വീറ്റിൽ പോലും ഇതിന്റെ 'പഴി' എവിടെയെങ്കിലും ഒന്ന് കൊണ്ട് ചാരിയില്ലെങ്കിൽ സമാധാനമില്ല എന്ന അവസ്ഥയായി.  അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ. 

 

"'ചൈനീസ് ' വൈറസിന്റെ ആക്രമണത്തിൽ തളർന്നുപോയ വ്യോമയാന മേഖല അടക്കമുള്ള എല്ലാ വ്യവസായത്തെയും ഗവൺമെന്റ് ശക്തമായി പിന്തുണയ്ക്കുന്നതാണ്. നമ്മൾ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കും." എന്നായിരുന്നു ട്വീറ്റ്. ഈ ഒരു ട്വീറ്റിൽ ഒതുങ്ങി നിന്നില്ല ട്രംപിന്റെ 'ചൈനീസ്' വൈറസ് എന്ന പ്രയോഗം. അടുത്ത ട്വീറ്റിൽ ട്രംപ് അത് വീണ്ടും ആവർത്തിച്ചു. 

"എല്ലാ സ്റ്റേറ്റുകളെയും ഒരുപോലെ പരിഗണിക്കണം എന്നാണ് കുവോമോ(ഡെമോക്രാറ്റിക് പാർട്ടി നേതാവ്) പറയുന്നത്. എന്നാൽ, എല്ലാ സ്റ്റേറ്റുകളും ഒരുപോലെ അല്ല...! ചിലത് 'ചൈനീസ്' വൈറസിന്റെ ആക്രമണത്തിൽ കൂടുതൽ കഷ്ടം അനുഭവിക്കുന്നുണ്ട്. മറ്റു ചിലതാണെങ്കിൽ ഒട്ടും ബാധിക്കപ്പെട്ടിട്ടില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല." എന്നായിരുന്നു ട്വീറ്റ്. 

 

എന്നാൽ, ലോകാരോഗ്യ സംഘടന(WHO) തന്നെ നോവൽ കൊറോണാ വൈറസിനെ(nCOV 2019)നെ ഏതെങ്കിലും ഒരു പ്രദേശത്തിന്റെ പേരിനോട് കൂട്ടിക്കെട്ടുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ഒരു നിലപാടുണ്ടായിരുന്നിട്ടും, ട്രംപ് നിരന്തരം 'ചൈനീസ്' വൈറസ് എന്ന ആക്ഷേപം ചൊരിഞ്ഞു കൊണ്ടിരിക്കുകയാണ്. മൈക് പോംപിയോ 'വുഹാൻ വൈറസ്' എന്ന് പലവട്ടം പറഞ്ഞുകഴിഞ്ഞു.

ചൈനീസ് വിദേശകാര്യ വക്താവായ ഗാങ് ഷുവാങ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌  ട്രംപിനെ 'ചൈനയെ ദുഷിക്കുന്നവൻ' എന്ന് വിളിച്ചിരിക്കയാണ്. " അമേരിക്ക തെറ്റു തിരുത്തണം എന്നും, ചൈനക്കെതിരെ അടിസ്ഥാനരഹിതമായ  ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് നിർത്തണം എന്നും ചൈന ആവശ്യപ്പെടുന്നു " എന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സർക്കാർ അനുഭാവപത്രമായ ഷിൻഹുവ, ട്രംപിന്റെ ഭാഷ 'റേസിസ്റ്റും' 'വിവേചനപരവും' ആണെന്ന് ആക്ഷേപിച്ചു. അത് ട്രംപ് എന്ന രാഷ്ട്രത്തലവന്റെ ഉത്തരവാദരാഹിത്യത്തിന്റെയും, കഴിവുകേടിന്റെയും ലക്ഷണമാണ് എന്നും പത്രം ആരോപിച്ചു. 

 

'ഗാങ് ഷുവാങ്'

ട്രംപിന്റെ ഭാഷയിലെ അസഹിഷ്ണുതയുടെ പേരിൽ അമേരിക്കയിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ ട്രംപിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇന്നത്തെ പരിതാപാവസ്ഥയ്ക്ക് ആരെയെങ്കിലും പഴി ചാരിയെ ഒക്കൂ എന്നുണ്ടെങ്കിൽ, ഈ അസുഖത്തെ മുതലെടുത്തുകൊണ്ട് സൈറ്റുണ്ടാക്കാൻ നടക്കുന്ന ഗൂഗിളിനെയോ, ടെസ്റ്റ് കിറ്റ് കൊണ്ടുത്തരാം എന്ന് പറഞ്ഞ് മുങ്ങി നടക്കുന്ന  ടീമിനെയോ ഒക്കെ ചെയ്തോളൂ. ഇന്നാട്ടിലെ ഏഷ്യൻ-അമേരിക്കൻ സമൂഹങ്ങൾക്കിടയിൽ ആവശ്യത്തിന് പ്രശ്നങ്ങൾ അല്ലെങ്കിൽ  തന്നെ ഉണ്ട്. നിങ്ങളുടെ വക വംശീയവിഷം വമിപ്പിക്കേണ്ട ആവശ്യം തൽക്കാലമില്ല മിസ്റ്റർ ട്രംപ്." എന്നായിരുന്നു മേയറുടെ ട്വീറ്റ്. 

 

കൊറോണാ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി നടക്കുന്ന തർക്കം 

കൊവിഡ് 19 ഒരു അമേരിക്കൻ സൈനികഗൂഢാലോചനയാണ് എന്ന പ്രചാരണം ഏറ്റുപിടിച്ച് ട്വീറ്റ് ചെയ്തുകൊണ്ട് സാവോ ലിജിയാൻ എന്ന ഒരു മുതിർന്ന ചൈനീസ് അധികാരി രംഗത്തുവന്നിരുന്നു. അമേരിക്കയിലെ സെന്റേഴ്സ് ഓഫ് ഡിസീസസ് കൺട്രോൾ തലവനായ റോബർട്ട് റെഡ്‌ഫീൽഡിന്റെ ഒരു വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് ലിജിയാൻ പറയുന്നത്, ഈ വീഡിയോ തന്നെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലല്ല നോവൽ കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന്റെ തെളിവാണ് എന്നാണ്. എന്നാൽ, തന്റെ വാദത്തെ ന്യായീകരിക്കാൻ വേണ്ടി ആ ആരോപണത്തിൽ അപ്പുറം ഒരു തെളിവും ലിജിയാൻ  ഹാജരാക്കിയിട്ടില്ല. 

"സിഡിസിയുടെ കള്ളം പിടിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ രോഗി എന്നാണ് അമേരിക്കയിൽ തിരിച്ചറിയപ്പെട്ടത്?  എത്ര പേർക്കാണ് അമേരിക്കയിൽ അസുഖമുണ്ടായത്. ഏതൊക്കെ ആശുപത്രികളിലാണ് ചികിത്സ നടത്തിയത്? അമേരിക്കൻ സൈന്യമാണോ ഈ പകർച്ചവ്യാധി വുഹാനിലേക്ക് എത്തിച്ചത്? ഒന്നും ഒളിച്ചുവെക്കാതെ തെളിച്ചു പറയണം. നിങ്ങളുടെ ഡാറ്റ പബ്ലിക് ആക്കണം.  ഇക്കാര്യത്തിൽ ഞങ്ങൾക്കൊരു വിശദീകരണം തരാനുള്ള ബാധ്യത അമേരിക്കയ്ക്കുണ്ട്. " ലിജിയാൻ തന്റെ ട്വീറ്റിൽ പറഞ്ഞു. 2019 -ൽ വുഹാനിൽ നടന്ന ലോക സൈനിക ഗെയിംസിൽ പങ്കെടുക്കാൻ വേണ്ടി നൂറുകണക്കിന് അമേരിക്ക സൈനികർ വുഹാനിൽ വന്നുപോയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ ആ സന്ദർശനത്തെ ചുറ്റിപ്പറ്റിയാണ് ലിജിയൻറെ ആരോപണം.

ഇതേതുടർന്ന് ലിജിയാന്റെ സഹപ്രവർത്തകനായ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഗെങ്ങ് ഷുവാങ് പറഞ്ഞത് കൊവിഡ് 19 എവിടെ , എങ്ങനെ ഉത്ഭവിച്ചു എന്നതിനെപ്പറ്റി സമൂഹത്തിൽ പല അഭിപ്രായങ്ങളുമുണ്ട് എന്നായിരുന്നു. " കൊവിഡ് 19 ന്റെ ഉത്ഭവത്തെപ്പറ്റിയുള്ള ചൈനയുടെ സംശയങ്ങൾ ശാസ്ത്രീയാടിസ്ഥാനത്തിലുള്ളതാണ്. അതിനെ അതർഹിക്കുന്ന ഗൗരവത്തോടെ ശാസ്ത്രീയമായിത്തന്നെ കാണണം. " എന്നും ഗെങ്ങ് പറഞ്ഞു. എന്നാൽ, ലിജിയാന്റെ ട്വീറ്റ് ചൈനീസ് ഗവൺമെന്റിന്റെ ഔദ്യോഗികനിലപാടാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഗെങ്ങ് ചെയ്തത്. 

അതിനുമുമ്പ് അമേരിക്കയുടെ സെനറ്റർ ടോം കോട്ടൺ ഫോക്സ് ന്യൂസിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞത് ഇതൊരു ചൈനീസ് ഗൂഢാലോചനയാണ് എന്നായിരുന്നു. കൊവിഡ് 19 -ന്റെ പ്രഭവകേന്ദ്രം എന്ന് വിശ്വസിക്കപ്പെടുന്ന ഹുവാനൻ സീ ഫുഡ് മാർക്കറ്റിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ചൈനയുടെ ഒരേയൊരു ബയോസേഫ്റ്റി ലെവൽ 4 ലാബ് എന്നതും ഓർക്കണം എന്ന് അദ്ദേഹം പറഞ്ഞത് ഈ രോഗം ഒരു ജൈവായുധമാകാം എന്ന ദുസ്സൂചനയോടെ ആയിരുന്നു. 

 

മീഡിയാ യുദ്ധം മുറുകുന്നതിനിടെ മാർച്ച് ആദ്യവാരം അമേരിക്കൻ മണ്ണിലെ  ചൈനീസ് മാധ്യമങ്ങൾക്ക് മേൽ ട്രംപ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അമേരിക്കയിൽ പത്രപ്രവർത്തനം നടത്താവുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടായിരുന്നു പുതിയ ഉത്തരവ്. ഇതിനു മറുപടി എന്നോണം, ചൈനയിൽ പ്രവർത്തിക്കുന്ന ന്യൂ യോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേർണൽ എന്നീ പത്രങ്ങളുടെ റിപ്പോർട്ടമാരോട് അവരുടെ മീഡിയാ പാസുകൾ പത്തുദിവസത്തിനകം തിരികെ നൽകാൻ ചൈനീസ് ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ് .വ്യാപാരസംബന്ധമായ വിഷയങ്ങൾ ഇതിനു മുമ്പുതന്നെ അമേരിക്ക-ചൈന ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുള്ളതാണ്. എന്തായാലും കൊവിഡ് 19 -നുമായി ബന്ധപ്പെട്ടു നടക്കുന്ന ഏറ്റവും പുതിയ തർക്കങ്ങൾ അമേരിക്കയും ചൈനയും തമ്മിലുള്ള, ഇതിനകം തന്നെ കലുഷിതമായ ബന്ധങ്ങൾ കൂടുതൽ ഉലച്ചിലിലേക്ക് നീങ്ങും എന്നാണ് സൂചിപ്പിക്കുന്നത്.