പുസ്തകത്തിലെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്. ചില പാഠഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത് ദുഃഖഭാവമാണ്, ചിലതിൽ കുട്ടികൾ നല്ല രീതിയിൽ വസ്ത്രധാരണം നടത്തിയിട്ടില്ല, ചിലതിൽ പെൺകുട്ടികളുടെ അടിവസ്ത്രം കാണാം, ചിലതിൽ കുട്ടികൾ കളിക്കുമ്പോൾ വസ്ത്രം പൊങ്ങി പോയിട്ടുണ്ട്, ചിലതിൽ കുട്ടികളുടെ മുടി നല്ല രീതിയിലല്ല ചീകി ഒതുക്കിയിരിക്കുന്നത് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ.
തെറ്റ് എപ്പോൾ കണ്ടെത്തിയാലും അത് തിരുത്തണം എന്നല്ലേ? അക്ഷരാർത്ഥത്തിൽ അത് നടപ്പിലാക്കിയിരിക്കുകയാണ് ചൈനീസ് സർക്കാർ. ഒരു പതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിലെ ചില തെറ്റായ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചൈനീസ് സർക്കാരിന്റെ നടപടി. ഗണിത പാഠപുസ്തകത്തിൽ കുട്ടികളുടെ ചിത്രങ്ങൾ മോശമായ രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്നാണ് 27 പേർക്കെതിരെ ചൈനയിൽ കേസെടുത്തത്.
ചൈനീസ് സർക്കാരിന് കീഴിലുള്ള പീപ്പിൾസ് എജുക്കേഷൻ പ്രസിദ്ധീകരിച്ച ഗണിത പാഠപുസ്തകം ആണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. പാഠപുസ്തകത്തിൽ ചിത്രീകരിച്ചിരുന്ന ചില ചിത്രങ്ങളിൽ കുട്ടികളെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന ആക്ഷേപമാണ് ഉയർന്നത്. പക്ഷേ, മറ്റൊരു കൗതുകകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഈ പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി എന്നതാണ്. നിരവധി കുട്ടികൾ ഈ പുസ്തകം ഉപയോഗിച്ച് പഠനം നടത്തി കഴിഞ്ഞു. പക്ഷേ, ഇപ്പോഴാണ് പാഠപുസ്തകത്തിലെ ചിത്രങ്ങളിൽ ഇത്തരത്തിൽ ചില കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.
പുസ്തകത്തിലെ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്. ചില പാഠഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന കുട്ടികളുടെ മുഖത്ത് ദുഃഖഭാവമാണ്, ചിലതിൽ കുട്ടികൾ നല്ല രീതിയിൽ വസ്ത്രധാരണം നടത്തിയിട്ടില്ല, ചിലതിൽ പെൺകുട്ടികളുടെ അടിവസ്ത്രം കാണാം, ചിലതിൽ കുട്ടികൾ കളിക്കുമ്പോൾ വസ്ത്രം പൊങ്ങി പോയിട്ടുണ്ട്, ചിലതിൽ കുട്ടികളുടെ മുടി നല്ല രീതിയിലല്ല ചീകി ഒതുക്കിയിരിക്കുന്നത് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. ചില ചിത്രങ്ങൾ ലൈംഗികത തുളുമ്പുന്നതാണെന്നും ആരോപണം ഉയർന്നിരുന്നു.
ഏതായാലും വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് സർക്കാർ ഇതിനെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. ആ സമിതിയുടെ പഠന റിപ്പോർട്ടിൽ ഇക്കാര്യങ്ങളെല്ലാം സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ 27 പേർക്കെതിരെ നടപടി സ്വീകരിച്ചത്. പുസ്തകത്തിന്റെ എഡിറ്റർ ഇൻ ചീഫും ഗണിത വിഭാഗം മേധാവിയും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ ഇവർ പരാജയപ്പെട്ടു എന്നാണ് പ്രത്യേക സമിതി കണ്ടെത്തിയത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഷാങ്ഹായിലെ ക്വിംഗ്‌പു ഡിസ്ട്രിക്ട് സ്‌കൂളിലെ ഒരു അധ്യാപിക ചൈനീസ് കുട്ടികളുടെ നിഷ്‌കളങ്കത, സ്വയം പ്രചോദനം എന്നിവ പരിപോഷിപ്പിക്കുന്നതിൽ ചിത്രങ്ങൾ പരാജയപ്പെട്ടുവെന്ന കുറിപ്പോടെ നിരവധി ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയായിരുന്നു. ആൺകുട്ടികൾ പെൺകുട്ടികളുടെ പാവാടയിൽ പിടിച്ചു വലിക്കുന്നു, കുട്ടികളുടെ കാലിൽ ടാറ്റു പതിപ്പിച്ചിട്ടുണ്ട് തുടങ്ങിയ വിമർശനങ്ങളും സോഷ്യൽ മീഡിയ ചർച്ചകളിൽ നിരവധിപേർ ഉന്നയിച്ചിരുന്നു. ഏതായാലും ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് സർക്കാരിന്റെ നടപടി.
