പൂട്ട് തുറക്കൽ വിദഗ്ധനായ പീറ്റർ മാക്കന് സ്വന്തം നായ്ക്കളിൽ നിന്ന് എട്ടിന്‍റെ പണി കിട്ടി. കാറിൽ നിന്നിറങ്ങിയപ്പോൾ വളർത്തുനായ ബെല്ല അദ്ദേഹത്തിന്‍റെ കാര്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്യുകയായിരുന്നു.
'പണി കിട്ടുക' എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നാട്ടിലെ ആസ്ഥാന പൂട്ട് തുറക്കൽ വിദഗ്ധനായി അറിയപ്പെടുന്ന വ്യക്തിക്ക് സ്വന്തം വളർത്തുന്നത് തന്നെ കൊടുത്തത് എട്ടിന്‍റെ പണി. ഒരു യാത്രയ്ക്കിടയിൽ അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയതും വാഹനത്തിനുള്ളിൽ ഇരുന്ന വളർത്തു നായ്ക്കളിലൊന്ന് സെൻട്രൽ ലോക്കിംഗ് ബട്ടണിൽ അമർത്തി കാർ ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട്, ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം നായ്ക്കൾ തന്നെ ഡോറ് തുറന്നു കൊടുത്തപ്പോഴാണ് ഇദ്ദേഹത്തിന് അകത്ത് കയറാനായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
യുകെയിലെ നോർഫോക്കിലെ ഡെറെഹാമിൽ താമസിക്കുന്ന 31 കാരനായ പീറ്റർ മാക്കൻ, തന്‍റെ സഹായം തേടിയ ഒരു ഉപഭോക്താവിന്‍റെ അടുത്തേക്ക് പോകുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത സംഭവങ്ങൾ നേരിട്ടത്. യാത്രക്കിടയിൽ ടയറുകളിൽ വായു നിറയ്ക്കാൻ ഒരു സർവീസ് സ്റ്റേഷനിൽ പീറ്റർ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. ഈ സമയം വാഹനത്തിന് ഉള്ളിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ബെല്ലാ എന്നും വിന്നീ എന്നു പേരുള്ള രണ്ട് വളർത്ത് നായ്ക്കളിലെ ഫ്രഞ്ച് ബുൾഡോഗ് കാറിന്‍റെ സെൻട്രൽ ലോക്ക് ബട്ടൺ അമർത്തി. ഇതോടെ കാർ ലോക്ക് ആയി. പീറ്റർ പുറത്തും നായ്ക്കൾ കാറിന് അകത്തുമായി.
Watch Video: ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് ആസ്വദിക്കുന്നതിനിടെ 'കൂളായി' രക്ഷപ്പെട്ട് കുറ്റവാളി; സിസിടിവി ദൃശ്യങ്ങൾ വൈറല്‍
ഇതിന് പിന്നാലെ നായ്ക്കളും പീറ്ററും ഒരു പോലെ അസ്വസ്ഥരായെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പൂട്ട് തുറക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും നായ്ക്കൾ തന്നെ കാര്യങ്ങൾ ഏറ്റെടുത്തു. അബദ്ധത്തിൽ വീണ്ടും നായ്ക്കളുടെ കാല് ലോക്ക് ബട്ടണിൽ തട്ടി, പിന്നാലെ കാറിന്‍റെ ലോക് മാറി ഡോർ തുറന്നു. സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വാർത്തയായതോടെ നിരവധി പേരാണ് പീറ്ററെ പരിഹസിച്ചും അദ്ദേഹത്തിന്‍റെ നായകളെ അഭിനന്ദിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. ഇനി പൂട്ട് തുറക്കാൻ ആവശ്യമുള്ളവർ പീറ്ററെ അല്ല അദ്ദേഹത്തിന്‍റെ നായ്ക്കളെ സമീപിക്കണമെന്നായിരുന്നു ചിലരുടെ തമാശ.
