റാന്‍ഡല്‍ തന്റെ കാമുകിയെ കാണാന്‍ ഒരു മോട്ടലില്‍ എത്തിയതായിരുന്നു. അയാള്‍ക്കൊപ്പം അയാളുടെ മകനുമുണ്ടായിരുന്നു. രണ്ടുവയസ്സുള്ള ഇരട്ടക്കുട്ടികളെയും ഒരു വയസ്സുള്ള മകളെയും കൂട്ടിയാണ് കാമുകിയും  വന്നിരുന്നത്

അച്ഛന്‍ തിര നിറച്ചുവെച്ച തോക്ക് എടുത്ത് കളിച്ച എട്ട് വയസ്സുകാരന്‍ ഒരു വയസുള്ള കുഞ്ഞിനും, രണ്ട് വയസുള്ള ചേച്ചിക്കും നേരെ നിറയൊഴിച്ചു. അപകടത്തില്‍, ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിക്കുകയും, രണ്ട് വയസുള്ള പെണ്‍കുട്ടിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎസിലെ ഫ്‌ലോറിഡയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന്, 45 -കാരനായ റോഡ്രിക് റാന്‍ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവുകള്‍ മറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

റാന്‍ഡല്‍ തന്റെ കാമുകിയെ കാണാന്‍ ഒരു മോട്ടലില്‍ എത്തിയതായിരുന്നു. അയാള്‍ക്കൊപ്പം അയാളുടെ മകനുമുണ്ടായിരുന്നു. രണ്ടുവയസ്സുള്ള ഇരട്ടക്കുട്ടികളെയും ഒരു വയസ്സുള്ള മകളെയും കൂട്ടിയാണ് കാമുകിയും വന്നിരുന്നത്. രാത്രി പുറത്തേക്കിറങ്ങാന്‍ നേരം മുറിയിലുള്ള ഒരു അലമാരിയില്‍ അയാള്‍ തന്റെ തോക്ക് ഭദ്രമായി വച്ചു. അവിടെ വച്ചാല്‍ കുട്ടികള്‍ കാണില്ലെന്ന് അയാള്‍ കരുതിയിരിക്കണം. 

എന്നാല്‍ അച്ഛന്‍ തോക്ക് വെച്ച ഇടം മകന് നല്ലപോലെ അറിയാമായിരുന്നു. അയാള്‍ പുറത്ത് പോയ നേരം അവന്‍ ആ തോക്ക് കൈവശപ്പെടുത്തി. അവന്‍ അതെടുത്ത് കളിക്കുമ്പോള്‍ അടുത്ത് കാമുകിയുടെ മക്കളും ഉണ്ടായിരുന്നു. അവന്‍ കാഞ്ചി വലിച്ച് കളിക്കുന്നതിനിടയില്‍ ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിന് വെടിയേറ്റു. പിന്നാലെ രണ്ട് വയസ്സുള്ള കുട്ടികളില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇരട്ടകളില്‍ മറ്റെയാള്‍ക്ക് വെടിയേറ്റില്ല. 

വെടിയേറ്റ ഒരു വയസ്സുള്ള കുഞ്ഞ് തല്‍ക്ഷണം മരിച്ചു. അവളുടെ പേര് കെസി ബാസ്. അതേസമയം പരുക്കേറ്റ മൂത്ത കുട്ടി അതിജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം സംഭവിക്കുമ്പോള്‍, കാമുകി മുറിയില്‍ ഉറങ്ങുകയായിരുന്നു.

മുറിയില്‍ തിരിച്ചെത്തിയ റാന്‍ഡല്‍ മുറിയില്‍ നിന്ന് തോക്കും മയക്കുമരുന്ന് നിറച്ച ഒരു ബാഗും നീക്കം ചെയ്തതായി എസ്‌കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മണ്‍സ് പറഞ്ഞു. ക്രിമിനല്‍ റെക്കോര്‍ഡുള്ള റാന്‍ഡലിന് തോക്ക് കൈവശം വയ്ക്കാന്‍ നിയമപരമായി അവകാശമില്ലായിരുന്നു. എന്നിട്ടും അയാള്‍ നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുകയായിരുന്നു. മാത്രവുമല്ല തിര നിറച്ച തോക്ക് അയാള്‍ കുട്ടികളുള്ള മുറിയില്‍ അശ്രദ്ധമായി ഉപേക്ഷിക്കുകയും ചെയ്തു. കുട്ടികളോട് പെരുമാറേണ്ട രീതി ഇതല്ലെന്നും, ഇത് പരിഹാസ്യമാണെന്നും സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

ക്രിമിനല്‍ പശ്ചാത്തലമുള്ള റാന്‍ഡലിന്‍ പതിനാല് കേസുകളില്‍ പ്രതിയാണ്. അതേസമയം അയാളുടെ കാമുകിയ്ക്കെതിരെ ഇതുവരെ കുറ്റം ഒന്നും ചുമത്തിയിട്ടില്ല. യു എസില്‍ സമാനമായ അപകടങ്ങള്‍ നിരവധിയാണ്. എല്ലാ വര്‍ഷവും മുതിര്‍ന്നവരുടെ അശ്രദ്ധ നിമിത്തം കുട്ടികളുടെ കൈയില്‍ തോക്കുകള്‍ എത്തുന്ന നൂറുകണക്കിന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്ന് എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റിയുടെ സമീപകാല റിപ്പോര്‍ട്ട് പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഈ മനപ്പൂര്‍വമല്ലാത്ത വെടിവയ്പ്പുകളില്‍ ഓരോ വര്‍ഷവും ശരാശരി 350 പേരെങ്കിലും മരണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു.