ഒരു പ്ലാസ്റ്റിക്ക് കുപ്പിയില്‍ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം വെള്ളം നിറച്ച് ഒരു പുല്‍ത്തൊടിയില്‍ വച്ചിരിക്കുന്നു. അതിന് സമീപത്തായി ഒരു മരക്കുറ്റിയും ഉണ്ട്. അതിന് ചുറ്റം കുറച്ച് കല്ലുകള്‍ വിതറിയിരിക്കുന്നതും കാണാം. 

കാക്കകള്‍ അല്പം ബുദ്ധിയുള്ള കൂട്ടത്തിലാണെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത്. കുടത്തിലെ വെള്ളം തനിക്ക് കുടിക്കുന്നതിനായി കല്ലിട്ട് ഉയര്‍ത്തിയ ബുദ്ധിമാനായ കാക്കയെ കുറിച്ചുള്ള ഈസോപ്പ് കഥ കുട്ടിക്കാലത്ത് കേള്‍ക്കാത്തവരായി നമ്മളില്‍ ആരുമുണ്ടാകാനുള്ള സാദ്ധ്യതയില്ല. എന്നാല്‍, അതൊരു കഥയല്ലെന്നും ദാഹിച്ച് വലഞ്ഞ കാക്കയ്ക്ക്, വെള്ളമുള്ള കുടത്തില്‍ കല്ല് ഇട്ടാല്‍ അതിലെ വെള്ളം തനിക്ക് കുടിക്കാന്‍ പാകത്തിന് ഉയര്‍ന്ന് വരുമെന്നുമുള്ള ബുദ്ധിയുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറെ വൈറലായി. 

തൻസു യെഗൻ എന്ന ട്വിറ്റര്‍ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. 'സ്മാര്‍ട്ട് കാക്ക' എന്നെഴുതിക്കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനകം 43 ലക്ഷം പേരാണ് കണ്ടത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ അത് കാക്കയ്ക്കായി സെറ്റിട്ടതാണെന്ന് വ്യക്തമാകും. ഒരു പ്ലാസ്റ്റിക്ക് കുപ്പിയില്‍ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം വെള്ളം നിറച്ച് ഒരു പുല്‍ത്തൊടിയില്‍ വച്ചിരിക്കുന്നു. അതിന് സമീപത്തായി ഒരു മരക്കുറ്റിയും ഉണ്ട്. അതിന് ചുറ്റം കുറച്ച് കല്ലുകള്‍ വിതറിയിരിക്കുന്നതും കാണാം. മരക്കുറ്റിയില്‍ ഇരുന്ന് കൊണ്ട് കാക്ക കുപ്പിയിലെ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. തുടര്‍ന്ന് അവടെ ഉണ്ടായിരുന്ന ചെറു കല്ലുകള്‍ കൊക്ക് ഉപയോഗിച്ച് കൊത്തിയെടുത്ത് കുപ്പിയിലേക്ക് ഇടുന്നു. വെള്ളം അല്പാല്‍പ്പമായി ഉയര്‍ന്നുവരുന്നു. ഒടുവില്‍ കാക്കയ്ക്ക് വെള്ളം കുടിക്കാന്‍ ഏതാണ്ട് സാധിക്കുമെന്നാകുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത്. 

കുപ്പിയിലെ വെള്ളം കല്ലിട്ട് ഉയര്‍ത്താന്‍ കാക്കയ്ക്ക് കഴിയുന്നുണ്ട്. എന്നാല്‍, കുപ്പിയിലേക്ക് കടത്തിവിടാന്‍ കഴിയുന്നതിനെക്കാള്‍ വലിയൊരു കല്ല് കുപ്പിയിലേക്ക് ഇടാനായി കാക്ക ഇടയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. തുടര്‍ന്ന് ഈ കല്ല് ഉപേക്ഷിക്കുന്ന കാക്ക, തൊട്ടടുത്ത നിമിഷം അതേ കല്ല് തന്നെ വീണ്ടും കൊത്തിയെടുത്ത് കുപ്പിയിലേക്ക് ഇടാന്‍ ശ്രമിക്കുന്നു. കാക്ക ഇത് രണ്ട് മൂന്ന് തവണ ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം. ആ കല്ലിനെ കുപ്പിക്കുള്ളിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് മനസിലാക്കാന്‍ കാക്കയ്ക്ക് പലതവണ അത് ചെയ്യേണ്ടിവരുന്നതും വീഡിയോയില്‍ വ്യക്തം. വീഡിയോയ്ക്ക് ഏറെ പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. നിരവധി പേരും പറഞ്ഞത്, തങ്ങളുടെ കുട്ടിക്കാലത്ത് ഈ കഥ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് സംഭവിച്ച് കാണുന്നത് ആദ്യമായിട്ടാണെന്നുമായിരുന്നു.