മകന് നല്‍കിയ ഗൃഹപാഠം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിന്‍റെ പേരില്‍ അവന്‍റെ മാര്‍ക്ക് കുറയ്ക്കരുതെന്ന് അപേക്ഷിച്ച് അച്ഛന്‍ എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ.

വധിയൊക്കെ കഴിഞ്ഞ് സ്കൂളുകൾ തുറന്നു. കുട്ടികൾ വീണ്ടും പുസ്തകങ്ങളിലേക്കും ഹോം വര്‍ക്കുകളിലേക്കും ഒതുങ്ങി. പക്ഷേ, അപ്പോഴും പഴയ പ്രശ്നങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല. ഹോംവര്‍ക്ക് ചെയ്ത് തീരാത്ത കുട്ടികൾ, ടീച്ചർമാര്‍ വഴക്ക് പറയുമോ, മാര്‍ക്ക് കുറയ്ക്കുമോ എന്നെല്ലാം ആശങ്കയ്പ്പെട്ട് തുടങ്ങിയിരിക്കുന്നു. എന്നാലിന്ന് പഴയത് പോലെയല്ല കാര്യങ്ങൾ. മാറ്റം വന്ന് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന ഒരു അച്ഛന്‍റെതായിരുന്നു.

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് ക്ഷമ ചോദിക്കുന്ന അച്ഛന്‍റെ വീഡിയോയ്ക്ക് പിന്നില്‍ ഇന്‍സ്റ്റാഗ്രാം കണ്ടന്‍റ് ക്രീയേറ്ററായ റിഷി പണ്ഡിറ്റും മകനുമാണ്. വീഡിയോയുടെ തുടക്കത്തില്‍ കിടക്കയില്‍ ഇരിക്കുന്ന മകനെയും റിഷിയെയും കാണാം. അദ്ദേഹം വീഡിയോയിലേക്ക് നോക്കി പറയുകയാണ്, 'എന്‍റെ മകന്‍റെ ടീച്ചര്‍ ഈ വീഡിയോ കാണുകയാണെങ്കില്‍... മാഡം നിങ്ങൾ അവധിക്കല ഹോംവര്‍ക്കായി തന്ന പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ ഞങ്ങൾക്ക് കഴിഞ്ഞില്ല. 34 പ്രോജക്റ്റുകളാണ് തന്നത്, അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അതിന്‍റെ പേരില്‍ അവന്‍റെ മാര്‍ക്ക് കുറയ്ക്കരുത്. പ്രോജക്റ്റുകൾ ‌ഞങ്ങൾ ആറ് ആക്കി കുറയ്ക്കുന്നു. ദയവായി മാര്‍ക്ക് കുറയ്ക്കരുത്.' ഇത് പറയുന്നതിനൊപ്പം റിഷി മകനോട് കൈകൂപ്പി ടീച്ചറോട് അപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും അച്ഛന്‍റെ അഭിനയം കണ്ട് ചിരിച്ച് കൊണ്ട് മകന്‍ കൈ കൂപ്പുന്നതും വീഡിയോയിൽ കാണാം.

View post on Instagram

റിഷിയുടെ അഭിനയം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചു. നടി ഇഷ ഗുപ്ത ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചു. എന്‍റെ ഭാവി മകനോടൊപ്പം എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. വേനല്‍ക്കാല അവധിയ്ക്കൊപ്പം ഇത്രയും അസൈന്‍മെന്‍റുകൾ കുട്ടികൾക്ക് കൊടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് മറ്റ് ചിലർ കുറിച്ചു. മാതാപിതാക്കളുടെ യഥാര്‍ത്ഥ പ്രശ്നമാണ് ഇതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ അഭിപ്രായം. മറ്റ് ചിലര്‍ കുട്ടികളുടെ അധ്യാപകര്‍ക്ക് വീഡിയോ ടാഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് കുറിച്ചു.