യുവതിയുടെ കല്യാണം നടത്താനാണ് അവളുടെ അച്ഛന്‍ സ്ഥലം വിറ്റത്. എന്നാല്‍ 19 വര്‍ഷങ്ങൾക്ക് ശേഷം തന്നോട് ചോദിക്കാതെയാണ് സ്ഥലം വിറ്റതെന്നും അതിനാല്‍ തന്‍റെ അവകാശം തിരികെ വേണമെന്നുമാണ് യുവതിയുടെ ആവശ്യം.
മക്കളുടെ വിവാഹം നടത്തുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് ഏറെ സാമ്പത്തിക ബാധ്യതയുള്ള ഒന്നാണ്. അതിനായി തങ്ങളുടെ ജീവിതം സമ്പാദ്യം മുഴുവനും അവര്‍ ചെലവഴിക്കുന്നു. എന്നാല്‍, പിന്നീട് അത് മറ്റുള്ളവര്‍ക്ക് തലവേദയായാല്‍? അത്തരമൊരു അനുഭവത്തെ കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിലെഴുതിയ കുറിപ്പ് വൈറല്‍. '2006 ല്‍ ബെംഗളൂരുവില്‍ ഒരു സ്ഥലം വാങ്ങി. ഇപ്പോൾ വില്പനക്കാരന്‍റെ മകൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നു' എന്ന തലക്കെട്ടിലായിരുന്നു യുവാവ് താന്‍ നേരിടുന്ന പ്രശ്നം വിവരിച്ചത്.
2006 -ല്‍ മകളുടെ വിവാഹം നടത്തുന്നതിന് പണം കണ്ടെത്താന്‍ വേണ്ടി വില്പനയ്ക്ക് വച്ചിരുന്ന സ്ഥലമാണ് യുവാവിന്‍റെ അച്ഛന്‍ വാങ്ങിയത്. പിന്നീട് 19 വര്‍ഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ, താന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് അച്ഛന്‍ സ്ഥലം വിറ്റതെന്നും അതിനാല്‍ തനിക്ക് അവകാശപ്പെട്ട സ്വത്ത് തിരികെ തരണമെന്നും ആവശ്യപ്പെട്ടാണ് യുവതി രംഗത്തെത്തിയതെന്നും അദ്ദേഹം എഴുതി.
സ്ഥലത്തിന്‍റെ മുന്‍ ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിലും ആരോഗ്യം ക്ഷയിച്ച് മകന്‍റെ ഒപ്പമാണ് താമസം. മകനാണ് കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കുന്നത്. അയൾ വിളിച്ചാണ് ആദ്യം ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ആദ്യ സമയങ്ങളില്‍ തങ്ങൾ ഈ പ്രശ്നം സഹോദരിയോട് സംസാരിച്ച് സൗഹാര്‍ദ്ദപരമായി തീര്‍ക്കാന്ഒ ശ്രമിക്കുകയാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നീട് ഇയാൾ കളം മാറി. തങ്ങൾ കേസിന് പോകുമെന്നും നിങ്ങളും കേസുമായി മുന്നോട്ട് പോയിക്കോയെന്നുമായി സംഭാഷണം.
രണ്ട് ദിവസം മുമ്പ് ഇയാൾ വീണ്ടും മാറി. സഹോദരിയുമായി പ്രശ്നം പണം കൊടുത്ത് സെറ്റില്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് വിളി തുടങ്ങി. തങ്ങൾക്ക് കോടതിയില്‍ പോകാന്‍ താത്പര്യമില്ലെന്നും കോടതിയില്‍ പോയാൽ രണ്ട് മൂന്ന് വര്‍ഷമെടുക്കും തീരുമാനമാകാന്‍ അത് സഹോദരിക്ക് അനുകൂലമായിരിക്കും എന്നാല്‍ ഇത്രയും നാൾ കാത്തിരിക്കാന്‍ കഴിയില്ലെന്നും കോടതിക്ക് പുറത്ത്, സഹോദരിക്ക് നഷ്ടപരിഹാരമായി പണം കൊടുത്ത് പ്രശ്നം പരിഹരിക്കണമെന്നുമായി ഇയാളുടെ ആവശ്യമെന്നും യുവാവ് എഴുതി. ഒപ്പം തങ്ങളുടെ സ്ഥലത്തിന് ചേര്‍ന്നാണ് ഇപ്പോൾ സ്ഥലത്തിന്‍റെ മുന്‍ ഉടമയും മകനും മകളും അവരുടെ കുടുംബങ്ങളും താമസിക്കുന്നതെന്നും യുവാവ് എഴുതി.
ഇത്തരമൊരു അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടെന്ന് നിശ്ചയമില്ലെന്നും തങ്ങളുടെ വക്കീല്‍, ശക്തമായ കേസാണ് ഇതെന്നും കോടതിയില്‍ പോയാല്‍ അനുകൂല വിധി ലഭിക്കുമെന്ന് അറിയിച്ചതായും യുവാവ് എഴുതി. ഒപ്പം റെഡ്ഡിറ്റ് ഉപഭോക്താക്കളോട് അഭിപ്രായമാരാഞ്ഞു. നികുതി അടച്ച് നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്താണ് തങ്ങൾ സ്ഥലം വാങ്ങിയതെന്നും സ്ഥലത്തിന് ഒരു പവർ ഓഫ് അറ്റോർണിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുറിപ്പ് വൈറലായതിന് പിന്നാലെ യുവതിയുടെ ആവശ്യം ന്യായമല്ലെന്നും കോടതി കേസ് തള്ളുമെന്നും ചിലരെഴുതി. അതേസമയം മറ്റ് ചിലര്‍ യുവതിയുടെ ആവശ്യം ന്യായമാണെന്നും അവര്‍ക്ക് അവകാശപ്പെട്ടത് നല്‍കണമെന്നുമായിരുന്നു എഴുതിയത്. അതേസമയം ചില കുറിപ്പുകൾക്ക് യുവാവ് നല്‍കിയ മറുപടികളില്‍ യുവതിയുടെ കടുപ്പിടിത്തമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വ്യക്തമാക്കുന്നു.


