വൃദ്ധന്‍ തന്‍റെ രോഗിയായ ഭാര്യയ്ക്ക് ചപ്പാത്തി ശ്രദ്ധാപൂര്‍വ്വം മുറിച്ച് കറിയില്‍ മുക്കി ഭാര്യയുടെ വായില്‍ വച്ച് നല്‍കുന്നു. ഇടയ്ക്ക് വായുടെ പുറത്തേക്ക് വന്ന ഭക്ഷണ ശകലത്തെ അദ്ദേഹം തന്‍റെ കൈ കൊണ്ട് തൂത്തുകൊടുക്കുന്നതും കാണാം.


സ്നേഹമെന്നാല്‍ എന്താണ്? എന്ന ചോദ്യത്തിന് വാക്കുകളില്‍ ഉത്തരം നല്‍കാന്‍ പാടുപെട്ടാലും ചില കാഴ്ചകള്‍ നമ്മെ ആഴത്തില്‍ ആകര്‍ഷിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹപ്രകടനങ്ങള്‍ അത്തരത്തിലൊരു വൈകാരിക പ്രകടനമാണ്. സമാനമായ രീതിയില്‍ മറ്റൊരു സ്നേഹപ്രകടനം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഏറെ പേരുടെ ഹൃദയത്തെ ആകര്‍ഷിച്ച ആ കുഞ്ഞു വീഡിയോയില്‍ ഒരു വൃദ്ധന്‍ തന്‍റെ രോഗിയായ ഭാര്യയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഏപ്രിൽ 12 ന് ഗായകനും ഇന്ത്യൻ ഐഡൽ 5 റണ്ണറപ്പുമായ രാകേഷ് മൈനി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്നത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഒരാളെ നിങ്ങളുടേതാക്കുക എന്നത് ഒരു വൈദഗ്ധ്യമാണ്, എന്നാൽ ഒരാളുടേതാകുന്നത് അതിശയകരമാണ് !! കഴിഞ്ഞ ദിവസം രാത്രി ഈ മനുഷ്യൻ തന്‍റെ രോഗിയായ ഭാര്യയുടെ കൈപിടിച്ച് ട്രെയിനിൽ കയറുന്നതും ഭക്ഷണം കൊടുക്കുന്നതും ചിലപ്പോൾ അവരെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതും ഞാൻ കണ്ടു. രാത്രിയിൽ അവളുടെ കിടക്ക ഒരുക്കി, ഒരു പ്രശ്നവുമില്ലാതെ അവളെ വളരെ സ്നേഹത്തോടെ ഉറക്കി. ഇതിനെയാണ് യഥാർത്ഥ സഹവാസം എന്നും സ്നേഹം എന്നും വിളിക്കുന്നത്. ഞാൻ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു, അതില്‍ നിന്ന് എനിക്ക് എന്നെത്തന്നെ തടയാൻ കഴിഞ്ഞില്ല. എനിക്കത് വളരെ വൈകാരികമായി തോന്നി.'

View post on Instagram

സ്വാതന്ത്ര്യം എന്താണ്? കൂട്ടില്‍നിന്നും സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍

വീഡിയോയില്‍, ഒരു രാത്രി വണ്ടിയില്‍ സ്ലീപ്പര്‍ സീറ്റില്‍ ഇരിക്കുന്ന വൃദ്ധരായ ഭാര്യാഭര്‍ത്താക്കന്മാരെ കാണാം. ട്രെയിനിലുള്ള മറ്റുള്ളവരും ഭക്ഷണം കഴിക്കുകയാണ്. ഇതിനിടെ വൃദ്ധന്‍ തന്‍റെ രോഗിയായ ഭാര്യയ്ക്ക് ചപ്പാത്തി ശ്രദ്ധാപൂര്‍വ്വം മുറിച്ച് കറിയില്‍ മുക്കി ഭാര്യയുടെ വായില്‍ വച്ച് നല്‍കുന്നു. ഇടയ്ക്ക് വായുടെ പുറത്തേക്ക് വന്ന ഭക്ഷണ ശകലത്തെ അദ്ദേഹം തന്‍റെ കൈ കൊണ്ട് തൂത്തുകൊടുക്കുന്നതും കാണാം. ഭാര്യയെ ഊട്ടുന്നതില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധയത്രയും. വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ഹൃദയം കവര്‍ന്നു. 9 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ട് കഴിഞ്ഞത്. ഈ കാഴ്ചകണ്ടാല്‍ കണ്ണടച്ചാല്‍ പോലും പ്രണയത്തില്‍ വിശ്വസിക്കാന്‍ തോന്നുന്നു എന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. “ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ,” എന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 

90 മിനിറ്റ് കൊണ്ട് ഒരു ലിറ്റർ മദ്യം അകത്താക്കി; 36 കാരന് ദാരുണാന്ത്യം