ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്‍റെ മരിച്ചുപോയ നായയുടെ ചിത്രം ഓട്ടോയിൽ വെച്ച് യാത്ര ചെയ്യുന്നതിന്‍റെ ഹൃദയസ്പർശിയായ കഥ റെഡ്ഡിറ്റിൽ വൈറലായി. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ഇദ്ദേഹത്തിന്‍റെ പ്രവൃത്തി, മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ തന്‍റെ മരിച്ചുപോയ നായയുടെ ഫോട്ടോ, തന്‍റെ ഓട്ടോയിൽ വച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ആ മനുഷ്യന്‍റെ, തന്‍റെ വളർത്തുമൃഗത്തോടുള്ള സ്നേഹം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ സ്പർശിച്ചുവെന്ന് അവരുടെ കുറിപ്പുകളില്‍ നിന്നും വ്യക്തം. റെഡ്ഡിറ്റിലായിരുന്നു ഈ സ്നേഹ ബന്ധത്തിന്‍റെ കഥ പങ്കുവച്ചിരുന്നത്. എല്ലാ ദിവസവും തന്‍റെ മരിച്ച് പോയ നായയുടെ ചിത്രം കൊണ്ടുപോകുന്ന ഒരു ഓട്ടോ ഡ്രൈവറെന്ന തലക്കെട്ടോടെയാണ് 'ഇന്ത്യൻ പെറ്റ്സ്' എന്ന സബ്റെഡിറ്റിലില്‍ നിന്നും ചിത്രവും കുറിപ്പും പങ്കുവയ്ക്കപ്പെട്ടത്.
കുറിപ്പ്
ബെംഗളൂരുവിൽ ഒരു വേനൽക്കാല ഇന്‍റേൺഷിപ്പിനിടെയാണ് സംഭവം നടന്നതെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. ഞാൻ ഒരു ഓട്ടോ ബുക്ക് ചെയ്തു, അൽപ്പം വൈകുമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. ഞാൻ എത്തിയപ്പോൾ, അയാൾ തെരുവ് നായ്ക്കൾക്ക് കുറച്ച് നായ ബിസ്‌ക്കറ്റുകൾ കൊടുക്കുന്നത് ഞാൻ കണ്ടു. പാർലെ-ജി അല്ല. പിന്നെ അതിലെ രസകരമായ ഭാഗം, അയാൾ തന്‍റെ ഓട്ടോയുടെ മുന്നിൽ ഒരു നായയുടെ ചിത്രം ഒട്ടിച്ചിരുന്നു. ഒരു മാസം മുമ്പ് മരിച്ച് പോയ അദ്ദേഹത്തിന്‍റെ പ്രീയപ്പെട്ട വളർത്തുമൃഗമായിരുന്നു അത്. ആ സുന്ദരിക്കുട്ടിക്ക് നാല് മാസം മാത്രമേ പ്രായമുള്ളൂവെന്നും അദ്ദേഹം എഴുതി.
ഒരു നായ സ്നേഹി എന്ന നിലയിൽ ആ പ്രവൃത്തി തന്നെ വളരെയധികം സ്പർശിച്ചുവെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു. യാത്രയുടെ അവസാനം, നായ്ക്കൾക്ക് കൂടുതൽ ബിസ്‌ക്കറ്റുകൾ വാങ്ങാൻ ഞാൻ അദ്ദേഹത്തിന് 100 രൂപ അധികമായി നൽകി. ആദ്യം അദ്ദേഹമത് നിരസിച്ചു, പക്ഷേ, അത് അദ്ദേഹത്തിനുളളതല്ലെന്നും മറിച്ച് അദ്ദേഹം ഭക്ഷണം നല്‍കുന്ന ആ കുട്ടികൾക്കുള്ളതാണെന്നും തനിക്ക് നിര്‍ബന്ധിക്കേണ്ടിവന്നെന്നും അദ്ദേഹം എഴുതി. ഒടുവില്‍ യാത്രക്കാരന്‍റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങി. വളരെ ചെറിയൊരു യാത്രയായിരുന്നിട്ടും അത് തന്‍റെ മനസിനെ ഏറെ ആകർഷിച്ചെന്നും കുറിപ്പില്‍ പറയുന്നു.
പ്രതികരണം
കുറിപ്പിനോടുള്ള സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണവും ഏറെ സ്നേഹം നിറഞ്ഞതായിരുന്നു. വൈകാരികമായ വലിയ പിന്തുണയോട് കൂടിയ കുറിപ്പുകളായിരുന്നു മിക്കതും. ചിലർ ആ ഡ്രൈവറുടെ നമ്പരോ മറ്റ് വ്യക്തിഗത വിവരങ്ങളോ പങ്കുവയ്ക്കാമോയെന്ന് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ബെംഗളൂരുവിലെ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തിന്‍റെ ഓട്ടം വിളിച്ച് അദ്ദേഹത്തെ സഹായിക്കാമോല്ലോയെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. ഇത്തരം ആളുകൾ സമൂഹത്തിന് വിലമതിക്കാനാകാത്ത നിധിയാണെന്നും അത്തരക്കാരെ പിന്തുണയ്ക്കണമെന്നും മറ്റ് ചിലര്‍ കുറിച്ചു.


