അവിവാഹിതരാണെന്നും വിദ്യാര്‍ത്ഥിനികളാണെന്നും നേരത്തെ അറിയിച്ച് കൊണ്ടായിരുന്നൂ ഫ്ലാറ്റ് എടുത്തത്. പക്ഷേ. അയല്‍വാസികൾ പറ്റില്ലെന്ന് പറഞ്ഞതോടെ ആകെ പ്രശ്നമായി. 

ഒരു വാടക വീട് കിട്ടുകയെന്നാല്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിപ്രായം പ്രത്യേകിച്ചും നിങ്ങളൊരു അവിവാഹിതനോ അവിവാഹിതയോ ആണെങ്കില്‍ പിന്നെ പറയേണ്ട. നിരന്തരം വീട്ടുടമസ്ഥന്‍റെ നിരന്തരമുള്ള നിരീക്ഷണം മുതല്‍ പല തരം ഉപദേശങ്ങളും ചിലപ്പോൾ സഹിക്കേണ്ടിവരും. എന്നാല്‍ വിദ്യാര്‍ത്ഥിനിയായ തന്‍റെ അനിയത്തിയെ ഗുജറാത്തിയായ ഫ്ലാറ്റ് ഉടമ അവിവാഹിതയാണെന്ന പേരില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു.

@smash_1048 എന്ന ഉപയോക്താവാണ് തന്‍റെ സഹോദരിക്ക് നേരിടേണ്ടിവന്ന ദുരിതത്തെ കുറിച്ച് വിവരിച്ചത്. അനിയത്തിയും മറ്റ് രണ്ട് വിദ്യാര്‍ത്ഥിനികളും കൂടി ഗുജറാത്തിലെ ഗാന്ധിനഗറിൽ മൂന്ന് കിടക്ക മുറികളുള്ള ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. പിന്നീടുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാന്‍ അവര്‍ ആദ്യമേ തന്നെ ബാച്ചിലറാണെന്ന് വ്യക്തമാക്കിയിരുന്നു. ബ്രോക്കർ ഇത് സമ്മതിക്കുകയും വിദ്യാര്‍ത്ഥിനികളുടെ വീട്ട് സാധനങ്ങൾ ഫ്ലാറ്റിലേക്ക് കയറ്റുകയും ചെയ്തു. എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നും ബ്രോക്കര്‍ ഏറ്റു. എന്നാല്‍ അയല്‍ക്കാര്‍ അവിവാഹിതരായ പെണ്‍കുട്ടികൾക്ക് ഫ്ലാറ്റ് നല്‍കിയതിനെ എതിര്‍ത്ത് രംഗത്തെത്തി. ഒപ്പം അവര്‍ ബിൽഡർക്ക് പരാതിയും നല്‍കി.

ഫ്ലാറ്റ് ഉടമയ്ക്ക് സമ്മതമായിരുന്നിട്ടും ബില്‍‍ഡർക്ക് സംഗതി സമ്മതമായിരുന്നില്ല. പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥിനികൾ അയല്‍ക്കാരനായ അമ്മാവനെ ഫോണില്‍ വിളിച്ചു. തങ്ങൾ വിദ്യാര്‍ത്ഥിനികളാണെന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും അയാൾ പെട്ടെന്ന് തന്നെ ഫോണ്‍ കട്ടു ചെയ്യുകയും പിന്നാലെ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്ന് കുറിപ്പില്‍ പറയുന്നു. ആളുകളെന്തിനാണ് വിദ്യാര്‍ത്ഥികളോടും അവിവാഹിതരോടും ഇങ്ങനെ പെരുമാറുന്നതെന്ന് ചോദിച്ച കുറിപ്പ്. ഇനി കോളേജ് തുറക്കും മുമ്പ് ഒരു വീട് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന ആശങ്കയും പങ്കുവച്ചു.

ദിവസങ്ങൾക്ക് പിന്നാലെ കുറിപ്പില്‍ ഒരു അപ്ഡേറ്റും ചേര്‍ത്തു. ഫ്ലാറ്റില്‍ കയറ്റിവച്ച സാധനങ്ങൾ കൊണ്ട് പോകണമെന്നും ഇല്ലെങ്കില്‍ സാധനങ്ങളെല്ലാം വലിച്ച് പുറത്തിടുമെന്ന് ഫ്ലാറ്റുടമ ഭീഷണിപ്പെടുത്തി എന്നായിരുന്നു ആ കുറിപ്പ്. യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി അവിവാഹിതര്‍ തങ്ങൾക്ക് ഫ്ലാറ്റ് ഉടമകളുടെ അടുത്ത് നിന്നും നേരിടേണ്ടിവന്ന കൈപ്പേറിയ അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട് രംഗത്തെത്തി.