ജോലിയില്‍ നിന്നും രാജി വച്ച് പോയ രണ്ട് പേരുടെ ജോലി കൂടി ചെയ്ത് പൂർത്തിയാക്കണമെന്ന് മാനേജർമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്ന് സുഹൃത്ത് റെഡ്ഡിറ്റില്‍ എഴുതി.
തൊഴിലിടത്തിലെ സമ്മർദ്ദത്തെ തുടർന്ന് ഒല ജീവനക്കാരൻ ആത്മഹത്യ ചെയ്തു. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ പുറത്തുവന്ന വാർത്തയോടെ ആദ്യഘട്ടത്തിൽ ഒല പ്രതികരിച്ചില്ലെങ്കിലും ഇപ്പോൾ തങ്ങളുടെ ജീവനക്കാരൻ ആത്മഹത്യ ചെയ്തതായി കമ്പനി സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തൊഴിലിടത്തിലെ അതിശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് ജീവനക്കാരൻ, ആത്മഹത്യ ചെയ്തത് എന്നാണ് അദ്ദേഹത്തിന്‍റെ ഒരു സഹപ്രവർത്തകൻ റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്.
പുതുതായി ജോലിക്ക് കയറിയിട്ടും മൂന്നുപേരുടെ ജോലി ഒരേസമയം ചെയ്യാനാണ് തന്‍റെ സഹപ്രവർത്തകനോട് കമ്പനി ആവശ്യപ്പെട്ടത് എന്നാണ് റെഡിറ്റ് ഉപയോക്താവ് കുറിച്ചത്. ഈ പോസ്റ്റ് വ്യാപകമായ പ്രചരിച്ചതോടെ ഒല കമ്പനിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഭവിഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഒലയുടെ എഐ വിഭാഗത്തിൽ ആയിരുന്നു ആത്മഹത്യ ചെയ്ത ജീവനക്കാരൻ ജോലി ചെയ്തിരുന്നത്.
ആദ്യഘട്ടത്തിൽ ഈ വാർത്തയോട് ഒല പ്രതികരിച്ചില്ലെങ്കിലും പിന്നീട് വാർത്താക്കുറിപ്പിലൂടെ ജീവനക്കാരന്‍റെ മരണം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരൻ സ്വകാര്യ അവധിയിലായിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തതെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഒല പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെയായിരുന്നു: "ഞങ്ങളുടെ ഏറ്റവും കഴിവുള്ള യുവ ജീവനക്കാരിൽ ഒരാൾ ദാരുണമായി വിട പറഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഞങ്ങൾ അഗാധമായ ദുഃഖത്തിലാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പമാണ് ഞങ്ങളുടെ മനസ്സും. അനുശോചനങ്ങൾ" സംഭവം നടക്കുമ്പോൾ ഇദ്ദേഹം സ്വകാര്യ അവധിയിലായിരുന്നുവെന്നും പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ എട്ടിന് ജീവനക്കാരൻ മാനേജറിനെ വിളിച്ച് അവധി ആവശ്യപ്പെട്ടിരുന്നുവെന്നും അത് അനുവദിച്ചു നൽകിയിരുന്നതായും കമ്പനി വക്താക്കൾ പറയുന്നു. തുടർന്ന് ഏപ്രിൽ 17 -ന് കൂടുതൽ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അവധി നീട്ടി ചോദിച്ചതായും അതും അനുവദിച്ച് നൽകിയതായും കമ്പനി അവകാശപ്പെട്ടു. ഒരു കമ്പനി എന്ന നിലയിൽ ജീവനക്കാരന്‍റെ വിയോഗത്തിൽ തങ്ങൾക്ക് അതീവ ദുഃഖമുണ്ടെന്നും ഈ ദുഃഖകരമായ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം നിൽക്കുന്നതായും എല്ലാവിധ പിന്തുണയും ആവശ്യാനുസരണം നൽകുമെന്നും കമ്പനി വ്യക്തമാക്കി.
വൈറലായ സമൂഹ മാധ്യമ പോസ്റ്റിൽ ആത്മഹത്യ ചെയ്ത ജീവനക്കാരന്‍റെ സഹപ്രവർത്തകൻ കുറിച്ചത് ഈ വിഷയം എന്തുകൊണ്ടാണ് ഒരു പൊതു വിഷയമായി ഉയരാത്തതെന്ന് തനിക്കറിയില്ലെന്നും തന്‍റെ സഹപ്രവർത്തകൻ കടുത്ത ജോലി സമ്മർദ്ദം മൂലമാണ് ജീവിതം അവസാനിപ്പിച്ചതെന്നുമായിരുന്നു. ക്രുട്രിമിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തോട് കമ്പനിയില്‍ നിന്നും രാജിവച്ച് പോയ മറ്റ് രണ്ട് ജീവനക്കാരുടെ ജോലി കൂടി ചെയ്തുതീർക്കണമെന്ന് മേലധികാരികൾ നിർബന്ധം പിടിച്ചതായും ഇതേ തുടർന്നുണ്ടായ സമ്മർദ്ദമാണ് ഇത്തരമൊരു ദുരന്തത്തിൽ കലാശിച്ചതൊന്നുമാണ് സഹപ്രവർത്തകന്‍റെ വൈറലായ കുറിപ്പില്‍ പറയുന്നത്.