തങ്ങളുടെ ഭാവി രാജ്ഞി നിങ്ങളുടെ രാജ്യത്ത് വിദ്യാ‍ത്ഥി ജീവിതം ആസ്വദിക്കുകയാണെന്ന് ബെല്‍ജിയം രാജകുടുംബം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറല്‍.   


ലോകത്തിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഹാർവാർഡ് സർവകലാശാലയുടെ ഇടനാഴികളിലൂടെ നിരവധി പ്രതിഭാധനർ നടന്നിട്ടുണ്ട്. ബരാക് ഒബാമ, നീൽ ഡിഗ്രാസ് ടൈസൺ, മാർഗരറ്റ് ആറ്റ്വുഡ്, രത്തൻ ടാറ്റ തുടങ്ങി നിരവധി പൂർവ്വ വിദ്യാർത്ഥികളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് ഹാർവാർഡിന്. കൂടാതെ നിരവധി അന്താരാഷ്ട്ര രാജകുടുംബങ്ങളിലെ അംഗങ്ങളും ഹാർവാർഡിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. ഡെൻമാർക്കിലെ രാജാവ് ഫ്രെഡറിക് മുതൽ ജപ്പാനിലെ ചക്രവർത്തിനി മസാക്കോ വരെ ഇതിൽപ്പെടുന്നു. ഇപ്പോഴിതാ മറ്റൊരു രാജകുമാരി കൂടി ഹാർവാർഡിൽ വിദ്യാർത്ഥിയായി എത്തിയിരിക്കുകയാണ്.

2024 സെപ്റ്റംബറിലാണ് ബെൽജിയത്തിലെ രാജകുമാരിയായ എലിസബത്ത് ഹാർവാർഡ് കെന്നഡി സ്‌കൂളിൽ പഠനം ആരംഭിച്ചത്. ബെൽജിയത്തിലെ കിരീടാവകാശിയായ എലിസബത്ത് ഹാർവാർഡിൽ പബ്ലിക് പോളിസിയിൽലാണ് രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദത്തിന് ചേർന്നിരിക്കുന്നത്. ഫിലിപ്പ് രാജാവിന്‍റെയും മാത്തിൽഡെ രാജ്ഞിയുടെയും നാല് മക്കളിൽ മൂത്തവളായ എലിസബത്ത് രാജകുമാരി ജനിച്ചത് 2001 -ലാണ്. നിലവിൽ ബ്രബാന്‍റിലെ ഡച്ചസ് ആയ എലിസബത്ത് ബെൽജിയൻ സിംഹാസനത്തിന്‍റെ അവകാശി കൂടിയാണ്. ഫിലിപ്പ് രാജാവിന്‍റെയും മാത്തിൽഡെ രാജ്ഞിയുടെയും മൂത്ത മകൾ എന്ന നിലയിൽ, ഒരു ദിവസം ബെൽജിയത്തിന്‍റെ ആദ്യ രാജ്ഞിയായി അവർ ചരിത്രം സൃഷ്ടിക്കും.

Scroll to load tweet…

എന്നാൽ, ഇപ്പോൾ, ബെൽജിയൻ രാജകുമാരി അമേരിക്കൻ വിദ്യാർത്ഥി ജീവിതം ആസ്വദിക്കുകയാണ്. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിലും രാഷ്ട്രീയത്തിലും ബിരുദം നേടിയ ശേഷമാണ് എലിസബത്ത് രാജകുമാരി പബ്ലിക് പോളിസിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ബിരുദത്തിനായി ഹാർവാർഡ് കെന്നഡി സ്കൂളിൽ എത്തിയത്. ബെൽജിയൻ റോയൽ പാലസ് തന്നെയാണ് സമൂഹ മാധ്യമ പോസ്റ്റിലൂടെ എലിസബത്ത് രാജകുമാരിയുടെ ഹാർവാഡ് പ്രവേശനം പുറത്തുവിട്ടതും. 'ഹലോ യുഎസ്എ! രാജകുമാരി എലിസബത്ത് @harvardkennedyschool-ൽ പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം ആരംഭിച്ചു" എന്നായിരുന്നു പോസ്റ്റ്. ഒപ്പം രാജകുമാരിയുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.