ജ്യോതി മഹല്‍ഹോത്രയെ അറസ്റ്റ് ചെയ്യുന്നതിനും ഒരു വര്‍ഷം മുമ്പ് തന്നെ അവരെ സൂക്ഷിക്കണമെന്നും പാക് ചാരയാണെന്നും ആരോപിക്കുന്ന ഒരു എക്സ് കുറിപ്പ് ഇപ്പോൾ വൈറലായി.
'ട്രാവല്‍ വിത്ത് ജോ' എന്ന നാല് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനല്‍ ഉടമ ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നതിന് ഒരു വർഷം മുമ്പ് തന്നെ അവരെ കുറിച്ച് മുന്നറിയിപ്പ് ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുവെച്ചതിന് ഹരിയാനയിലെ ഹിസാറിൽ നിന്നുമാണ് ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഒരു വർഷം മുമ്പ് തന്നെ അന്വേഷണ ഏജന്‍സികളോട് ജ്യോതിയെ സൂക്ഷിക്കണമെന്നും അവര്‍ക്ക് പാക് ചാര സംഘടനകളുമായി ബന്ധമുണ്ടെന്നും ഒരു ഇന്ത്യക്കാരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയെന്ന കേസിലാണ് ജ്യോതി മല്‍ഹോത്രയെ, 25 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് ആഴ്ചകൾക്ക് ശേഷം അറസ്റ്റ് ചെയ്തത്. 2025 മെയിലാണ് ജ്യോതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2024 മെയ് മാസത്തില്‍ ജ്യോതിയെ സൂക്ഷിക്കണമെന്നും അവര്‍ പാക് ചാരയാണെന്നും ആരോപിക്കുന്ന ഒരു സമുഹ മാധ്യമ കുറിപ്പ് പങ്കുവയ്ക്കപ്പെട്ടിരുന്നു. ജ്യോതിയുടെ അറസ്റ്റിന് പിന്നാലെ ഈ കുറിപ്പ് വൈറലായി.
ജ്യോതിയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ തന്നെ ജ്യോതി നിരവധി തവണ കശ്മീര്‍ സന്ദശിച്ചിരുന്നെന്നും 2023 ല്‍ രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതിനും തെളിവുണ്ട്. ഈ തെളിവുകൾ ഉപയോഗിച്ചാണ് എക്സ് ഉപയോക്താവായ കപിൽ ജയിന്‍ 2024 മെയ് മാസത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ( National Investigation Agency) മുന്നറിയിപ്പ് നല്‍കിയത്.
“എൻ.ഐ.എ., ഈ സ്ത്രീയെ സൂക്ഷ്മമായി നിരീക്ഷിക്കാമോ.. അവൾ ആദ്യം പാകിസ്ഥാൻ എംബസിയുടെ ചടങ്ങിൽ പങ്കെടുത്തു, പിന്നീട് 10 ദിവസം പാകിസ്ഥാൻ സന്ദർശിച്ചു. അവൾ ഇപ്പോൾ കശ്മീരിലേക്ക് പോകുകയാണ്... ഇതിന് പിന്നിൽ ഏതെങ്കിലും ബന്ധങ്ങളുണ്ടാവാം,” കപിൽ ജയിന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഒപ്പം ജ്യോതിയുടെ യൂട്യൂബ് പേജിന്‍റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. 17 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. 'വാവ്, അവളുടെ അറസ്റ്റിന് ഒരു വര്‍ഷം മുമ്പ് തന്നെ ഇയാൾ അവരുടെ അസാധാരണ നീക്കം കണ്ടെത്തിയിരുന്നു. ആദരം' എന്നായിരുന്നു ഒരു എക്സ് ഉപയോക്താവ് കുറിച്ചത്.