വിവാഹ അഭ്യര്‍ത്ഥനാ വീഡിയോകൾക്ക് എല്ലാ കാലത്തും സമൂഹ മാധ്യമത്തില്‍ കാഴ്ചക്കാരുണ്ട്. പക്ഷേ. ഇത് കുറച്ച് കടുത്ത് പോയെന്നാണ് കാഴ്ചക്കാര്‍ അഭിപ്രായപ്പെടുന്നത്.  

ങ്ങളുടെ വിവാഹാഭ്യർത്ഥനകൾ സവിശേഷവും കാലങ്ങളോളം ഓർമ്മിക്കപ്പെടുന്നതും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ അതിനെ അല്പം വെറൈറ്റിയാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. ഏതാനും ദിവസങ്ങൾ മുൻപ് കൊടുങ്കാറ്റിനെ സാക്ഷിയാക്കി വിവാഹ മോതിരം കൈമാറിയ അമേരിക്കൻ പ്രണയ ജോഡികളുടെ ചിത്രവും അഗ്നിപര്‍വ്വത ലാവയെ സാക്ഷിയാക്ഷി നടത്തിയ വിവാഹ അഭ്യര്‍ത്ഥനയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ അല്പം വ്യത്യസ്തമായി പ്രണയാഭ്യർത്ഥന നടത്തിയ മറ്റൊരു പ്രണയ ജോഡികളും സമൂഹ മാധ്യമത്തില്‍ ചർച്ചയാവുകയാണ്. ജമൈക്കയിലെ ഒച്ചോ റിയോസിലെ ഡൺസ് നദി വെള്ളച്ചാട്ടത്തിന്‍റെ മുകളിൽ വെച്ചാണ് ഇവർ പ്രണയാഭ്യർത്ഥന നടത്താൻ തീരുമാനിച്ചത്. പക്ഷേ, കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല. പ്രണയഭ്യർത്ഥന നടത്തുന്നതിന് മുൻപ് തന്നെ യുവാവ് കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

@MarchUnofficial എന്ന എക്സ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയുടെ തുടക്കത്തിൽ ഡൺസ് നദിയിലെ വെള്ളച്ചാട്ടത്തിന് മുകളിൽ നിൽക്കുന്ന ഒരു യുവതിയുടെയും യുവാവിന്‍റെയും ദൃശ്യങ്ങളാണ് ഉള്ളത്. തുടർന്ന് യുവാവ്, യുവതിക്ക് മുൻപിൽ മുട്ടുകുത്തി നിന്ന് തന്‍റെ പ്രണയം പറയാൻ ശ്രമം നടത്തുന്നു. ഈ സമയം നാണത്തോടെ യുവതി തന്‍റെ വാ പൊത്തി നില്‍ക്കുന്നു. പിന്നാലെ ചെരിവുള്ള വെള്ളച്ചാട്ടത്തിനെതിരെ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കാന്‍ യുവാവ് ശ്രമിക്കുന്നു. പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ അയാള്‍ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുന്നു. ഇത് കണ്ട് ഭയന്ന് യുവതി നിലവിളിച്ച് നിൽക്കുമ്പോൾ യുവാവ് വെള്ളച്ചാട്ടത്തിലൂടെ നിലവിളിച്ച് കൊണ്ട് തെന്നി താഴേയ്ക്ക് പോകുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

യുവതിയെയും യുവാവിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുവാവിനെ സുരക്ഷിതനായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സന്ദർശകർ സ്വയം സുരക്ഷ ഉറപ്പാക്കിയുള്ള പ്രവർത്തികളിൽ മാത്രമേ ഏർപ്പെടാവൂവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും പൊതുവിൽ അഭിപ്രായം ഉയർന്നു. ആളുകളെ ആകർഷിക്കാൻ നടത്തുന്ന ഇത്തരം അപകടകരമായ പ്രവർത്തികൾ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.