മരിച്ച് പോയ ആനക്കുട്ടിയെ മറ്റുള്ളവരില്‍ നിന്നും മാറ്റുന്നതിനായി വാലില്‍ പിടിച്ച് വലിക്കുന്ന അമ്മയാനയുടെ കാഴ്ച ഹൃദയഭേദകമെന്നായിരുന്നു നിരവധി പേര്‍ എഴുതിയത്.
അമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികളോടുള്ള സ്നേഹത്തെ കുറിച്ച് കൂടുതല്‍ വാചാലമാകേണ്ട കാര്യമല്ല. മനുഷ്യര്‍ക്ക് മാത്രമല്ല, ഇക്കാര്യത്തില്‍ മൃഗങ്ങളുടെ കാര്യവും ഒന്ന് തന്നെയാണ്. ശ്രീലങ്കന്‍ കാഴ്ചകൾ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന എസ് എല്‍ റോമിംഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിന് തെളിവ് നല്‍കുന്നു. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഹൃദയം കീഴടക്കി.
ശ്രീലങ്കയിലെ മിന്നെരിയ നാഷണൽ പാർക്കില്‍ നിന്നുള്ള വീഡിയോയില്‍ ഒരു കൂട്ടം ആനകൾ ഒരു വലിയ തടാകത്തിന് സമീപത്ത് കൂടി നടന്ന് പോകുന്നതായിരുന്നു. അതില്‍ ഒരു പിടിയാന തന്‍റെ തുമ്പിക്കൈ കൊണ്ട് ഒരു ആനക്കുട്ടിയുടെ ജഡം വലിച്ച് കൊണ്ട് പോകുന്നത്. കാണാം. ഇടയ്ക്ക് ഒന്ന് നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന വാഹനത്തിലേക്ക് അമ്മയാന ഒന്ന് നോക്കുന്നു. വീണ്ടും തന്‍റെ മരിച്ച് കിടക്കുന്ന കുഞ്ഞിന്‍റെ വാലില്‍ പിടിച്ച് വലിച്ച് അത് മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കൂട്ടത്തിലുള്ള മറ്റ് ആനകളും അവളോടൊപ്പം നീങ്ങുന്നു. കൂട്ടത്തിലുള്ള ഒരു കുട്ടിയാന മരിച്ച് കിടക്കുന്ന കുട്ടിയാനയുടെ അടുത്തേക്ക് ഓടിവരുന്നതും അതിന് മാറ്റാന്‍ ശ്രമിക്കുന്ന മറ്റ് ആനകളെയും വീഡിയോയില്‍ കാണാം.
വീഡിയോ കാഴ്ചക്കാരുടെ ഹൃദയം തകർത്തു. നിരവധി പേരാണ് ഈ കാഴ്ച വേദനപ്പിക്കുന്നുവെന്ന് എഴുതിയത്. 'അവൻ ഉറങ്ങുകയാണോ? എപ്പോൾ ഉണരും' എന്നാണ് മറ്റേ കുട്ടിയാന ചോദിക്കുന്നതെന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റേ കുട്ടിയാന മരിച്ച കുഞ്ഞിന്‍റെ അടുത്തൂ കൂടി നടക്കുമ്പോൾ എന്‍റെ ഹൃദയം തകർന്നു എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ നമ്മൾ എങ്ങനെയാണ് അവരെ സംരക്ഷിക്കാതെയും ശ്രദ്ധിക്കാതെയും ഇരിക്കുന്നത് എന്നായിരുന്നു മറ്റൊരു കുറിപ്പ്.
അതേസമയം ഇന്ത്യയിലും മുമ്പ് ആഫ്രിക്കയിലും നടന്ന പഠനങ്ങൾ, ആനക്കുട്ടി അകാലത്തില്‍ മരിച്ചാല്‍ അവയുടെ മൃതദേഹം ആനകൾ ചേര്‍ന്ന് കുഴിച്ചിടുമെന്ന് കണ്ടെത്തിയിരുന്നു. 2022 നും 2023 നും ഇടയില്‍ ബംഗാളിലെ വടക്കന്‍ പ്രദേശങ്ങളില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരത്തില്‍ മരിച്ച് പോയ അഞ്ചോളം കുട്ടിയാനകളെ ആനകൾ അടക്കിയ ശ്മശാനങ്ങൾ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ജേണല്‍ ഓഫ് ത്രെറ്റ്‌ന‍്‍ഡ് ടാക്‌സയിൽ ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠന സംഘത്തിലുണ്ടായിരുന്ന പ്രവീണ്‍ കസ്വന്‍ ഐഎഫ്എസ് ഇത് സംബന്ധിച്ച് ഒരു കുറിപ്പ് എക്സില്‍ നേരത്തെ പങ്കുവച്ചിരുന്നു.


