ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്യുന്ന യുവാക്കാൾ കൊല്ലുമെന്ന് ഭീഷണിയും മുഴക്കുന്നു.
കനേഡിയൻ യുവാക്കൾ ഇന്ത്യൻ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ചെന്ന് പരാതി. അയർലന്‍ഡിൽ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ശാരീരിക ഉപദ്രവം റിപ്പോര്‍ട്ട് ചെയ്യപ്പടുന്നതിനിടെയാണ് സമാനമായ അനുഭവങ്ങൾ കാനഡയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മൂന്ന് യുവാക്കൾ ഇന്ത്യന്‍ ദമ്പതികളുടെ കാറിനെ പിന്തുടരുകയും അസഭ്യം വിളിക്കുകയുമായിരുന്നു. കാനഡയിലെ ഒന്‍റാറിയോയിലെ പീറ്റർബറോയിലുള്ള ലാൻസ്‌ഡൗൺ പ്ലേസ് മാളിന്‍റെ പാർക്കിംഗ് സ്ഥലത്താണ് വംശീയ ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
യുവാക്കളില്‍ ഒരാൾ പിക്കപ്പ് ട്രക്കിൽ നിന്നും ഇറങ്ങി ദമ്പതികളുടെ കാറിന് നേരെ അശ്ലീല ആംഗ്യം കാണിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ കാറിന് പുറത്തിറങ്ങി വീഡിയോ ചിത്രീകരിക്കാന്‍ ആരംഭിച്ചു. ഈ സമയം യുവാക്കൾ കാറിന്‍റെ വിന്‍റോ ഗ്ലാസ് ഉയർത്തുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തിന്‍റെ നിരവധി വീഡിയോകൾ ഇന്ത്യക്കാരന്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. വീഡിയോയില്‍ യുവാക്കൾ ഇന്ത്യന്‍ വംശജരുടെ വാഹനത്തിന് മുന്നില്‍ തങ്ങളുടെ പിക്കപ്പ് ട്രക്ക് നിര്‍ത്തിയാണ് അഭസ്യം വിളിച്ചതെന്ന് വ്യക്തം. ഇതിലൂടെ ഇന്ത്യന്‍ ദമ്പതികളുടെ വഴി ഇവര്‍ തടയുകയായിരുന്നു.
ഇന്ത്യക്കാരന്‍ യുവാക്കളുടെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോൾ ഞാന്‍ കാറില്‍ നിന്നും ഇറങ്ങി നിന്നെ കൊല്ലണോയെന്ന് യുവാക്കളിലൊരാൾ ചോദിക്കുന്നതും കേൾക്കാം. പിന്നാലെ ഇവര്‍ അശ്ലീല ആംഗ്യവും അസഭ്യ വര്‍ഷവും വംശീയ പരാമര്‍ശങ്ങളും തുടരുന്നു. ഒപ്പം ഇന്ത്യക്കാരന്‍ തങ്ങളുടെ കാറില്‍ ഇടിച്ച് കേടുവരുത്തിയെന്നും ഇവര്‍ വിളിച്ച് പറയുന്നു.
വീഡിയോകൾ സമൂഹ മാധ്യമത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചിലര്‍ യുവാക്കളെ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ കനേഡിയന്‍ പോലീസ് കവാർത്ത തടാക നഗരത്തിൽ നിന്നുള്ള 18 കാരനായ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊല്ലുമെന്നും ശാരീകമായി അക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയതിന് കേസെടുത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


