പാങ്ങിന്‍റെ കാറിൽ ഒരിക്കലെങ്കിലും കയറമെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്.
മോശം പെരുമാറ്റം, അശ്രദ്ധമായ ഡ്രൈവിംഗ്, അമിതമായ പണമീടാക്കൽ എന്നിങ്ങനെ നിരവധി പരാതികൾ സാധാരണയായി ടാക്സി ഡ്രൈവർമാരുമായി ബന്ധപ്പെട്ട് ഉയർന്നു വരാറുണ്ട്. യാത്രക്കാരും ടാക്സി ഡ്രൈവർമാരും തമ്മിൽ ആക്രമണത്തിൽ എത്തിയ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സിംഗപ്പൂരിൽ നിന്നുള്ള ഈ ഡ്രൈവർ തന്‍റെ വാഹനത്തിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത് സൗജന്യ സേവനങ്ങളുടെ നീണ്ട നിരയാണ്. ഒരു ചെറിയ പാർക്ക് എന്നോ വിശ്രമ കേന്ദ്രമെന്നോ ഒക്കെ വിശേഷിപ്പിക്കാൻ സാധിക്കും വിധമാണ് തന്‍റെ ടാക്സിയെ അദ്ദേഹം യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
പാങ് എന്നാണ് ഈ ഡ്രൈവറുടെ പേര്. അദ്ദേഹത്തിന്‍റെ കാറിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത് എന്നെങ്കിലും ഒരിക്കൽ പാങ്ങിന്‍റെ വണ്ടിയിൽ കയറണമെന്നാണ്. പാങ് തന്‍റെ വാഹനത്തിൽ കയറുന്ന യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങൾ എന്തൊക്കെയാണെന്ന് ഇനി പറയാം. ലഘു ഭക്ഷണങ്ങൾ, മിഠായികൾ, കുടിക്കാൻ വെള്ളം, ഫോൺ ചാർജ് ചെയ്യാനുള്ള കേബിളുകൾ, ഇനി ബോറടിക്കുന്നവർക്ക് ഗെയിം കളിക്കണമെങ്കിൽ അതിനുള്ള സംവിധാനവും ഈ കാറിനുള്ളിൽ ഉണ്ട്. @mustsharenews ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് പിന്നിലെ തന്‍റെ കാഴ്ചപ്പാടും ചിന്തകളും പാങ് വിശദീകരിക്കുന്നത് കാണാം.
യാത്രക്കാർക്ക് അവരുടെ യാത്രയിൽ എങ്ങനെ സമയം ഗുണകരമായി ചെലവഴിക്കാമെന്നും മികച്ച സേവനം നൽകാനാകുമെന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ തന്‍റെ കാറിനുള്ളിൽ സജ്ജീകരണങ്ങൾ ഒരുക്കിയതെന്നാണ് അദ്ദേഹം പറയുന്നത്. കാറിനുള്ളിൽ ഒരുക്കിയിരിക്കുന്ന മുഴുവൻ സേവനങ്ങളും പാങ് സൗജന്യമായാണ് യാത്രക്കാർക്ക് നൽകുന്നത്. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ടാക്സി ഡ്രൈവറായി മാറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏറെ സമ്മർദ്ദം നിറഞ്ഞ ജോലി ഉപേക്ഷിച്ച് ഡ്രൈവറായി മാറിയതോടെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ടെന്നാണ് പാങ്ങ് പറയുന്നത്.


