തന്നെ രക്ഷപ്പെടുത്തിയ ആളെ വര്‍ഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ അവന് സന്തോഷം സഹിക്കാനായില്ല. പിന്നാലെ കെട്ടിപ്പിടിച്ച് കൈ കൊടുത്ത് അവന്‍ തന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് തന്നെ രക്ഷപ്പെടുത്തിയയാളെ പിന്നീട് കണ്ടപ്പോൾ ഓടിയെത്തി കെട്ടിപ്പിടിക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോ വൈറൽ. നേച്ചർ ഈസ് അമേസിംഗ് എന്ന പേജിൽ പങ്കുവച്ച വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി. മനുഷ്യ മൃഗ സംഷർഷം വര്‍ദ്ധിച്ചിരിക്കുന്ന കാലത്ത് വ്യത്യസ്തമായൊരു കാഴ്ച നിരവധി പേരെ ആകര്‍ഷിച്ചു. നേച്ചർ ഈസ് അമേസിംഗ് ജനപ്രിയ എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഇരുകൈകളിലും പഴങ്ങളുമായി ഒരാൾ മുട്ടോളം വെള്ളത്തിലിറങ്ങുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതേസമയത്ത് തന്നെ മറുകരയില്‍ നിന്നും ഇരുകൈകളും തലയ്ക്ക് പിന്നില്‍ പിണച്ച് വച്ച് ഒരു ചിമ്പാസിയും വെള്ളത്തിലൂടെ നടന്ന് വരുന്നത് കാണാം. യുവാവിന്‍റെ അടുത്തെത്തുന്ന ചിമ്പാന്‍സി അദ്ദേഹത്തെ ആലംഗനം ചെയ്യുന്നു. രണ്ടോമൂന്നോ തവണ യുവാവിനെ ആലംഗനം ചെയ്യുന്ന ചിമ്പാന്‍സി ഓടുവില്‍ യുവാവിന്‍റെ കൈയിലിരുന്ന പഴം വാങ്ങി മറുകരയ്ക്ക് നടന്ന് നീങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു. അതേസമയം ചിമ്പാന്‍സിയും യുവാവും തമ്മിലുള്ള ഊഷ്മളമായ സ്നേഹ പ്രകടനം മറുകരയില്‍ നിന്നും ഒരു കൂട്ടം ചിമ്പാന്‍സികൾ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയിലുട നീളം യുവാവിന്‍റെ കണ്ട സന്തോഷം പ്രകടിപ്പിക്കുന്ന ചിമ്പാസി ഒടുവില്‍ യുവാവിന് കൈ നല്‍കിയാണ് പിരിയുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ രക്ഷപ്പെടുത്തിയ കെയർടേക്കറെ കണ്ടപ്പോഴുള്ള ചിമ്പിന്‍റെ ഹൃദയംഗമമായ പ്രതികരണമെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടു. നിരവധി പേര്‍ തങ്ങളുടെ സന്തോഷം മറച്ച് വയ്ക്കാതെ കുറിപ്പെഴുതാനെത്തി.
മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസം പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള ഉള്ളടക്കമെന്നാണ് ഒരു കാഴ്ചക്കാരനെഴുതിയത്. അയാൾ ഒരു മടിയും കൂടാതെ പുഞ്ചിരിച്ചുകൊണ്ട് അവനെ കെട്ടിപ്പിടിച്ച രീതി... അതാണ് യഥാർത്ഥ സ്നേഹമെന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. മൃഗങ്ങൾ ഒരിക്കലും ദയ മറക്കില്ലെന്നതിന്‍റെ തെളിവാണ് വീഡിയോയെന്ന് മറ്റൊരാൾ എഴുതി. ആ ആലിംഗനം ആയിരം വാക്കുകൾ സംസാരിക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.


