ഈജിപ്തിലെ നൈൽ നദിയിൽ 200-ൽ അധികം യാത്രക്കാരുമായി സഞ്ചരിച്ച ഐബറോട്ടൽ ക്രൗൺ എംപ്രസ് എന്ന ക്രൂയിസ് കപ്പലിന് തീപിടിച്ചു. കപ്പലിന്റെ ഗാലിയിൽ നിന്ന് പടർന്ന തീ കപ്പലിനെ പൂർണ്ണമായും വിഴുങ്ങിയെങ്കിലും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു.
ഈജിപ്തിലെ നൈൽ നദിയിൽ 200 -ലധികം യാത്രക്കാരുമായി സഞ്ചരിച്ച ഒരു ക്രൂയിസ് കപ്പലിന് തീപിടിച്ചു. കഴിഞ്ഞ തിങ്കളാഴ്ച 12 ദിവസത്തെ യാത്രയ്ക്കായി ലക്‌സറിൽ നിന്ന് പുറപ്പെട്ട ഐബറോട്ടൽ ക്രൗൺ എംപ്രസ് എന്ന കപ്പലിനാണ് തീ പടർന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈജിപ്തിലെ ലക്‌സറിനും എഡ്ഫു നഗരത്തിനുമിടയിൽ സഞ്ചരിക്കുമ്പോഴാണ് കപ്പലില്‍ തീ കണ്ടത്. പിന്നാലെ കപ്പല്‍ മുഴുവനായും തീ വിഴുങ്ങുകയായിരുന്നു. പീ പടർന്ന് പിടിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പടർന്ന് കയറിയ തീ
കപ്പലിന്‍റെ ഗാലിയിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. കപ്പലിൽ തീ പടർന്നെങ്കിലും 220 യാത്രക്കാരെയും സുരക്ഷിതരമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. കപ്പലിന്‍റെ ഹാളിലേക്ക് തീ പടർന്നതാണ് പട്ടെന്ന് കപ്പൽ മുഴുവനായും തീ പടരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍ തീ പടരാനുള്ള കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
കപ്പലില്‍ തീ പടർന്ന ഉടനെ ക്രൂ അംഗങ്ങൾ തന്നെ യാത്രക്കാരെ എല്ലാം പുറത്തിറങ്ങാന്‍ സഹായിച്ചു. ആദ്യം യാത്രക്കാരെ മുകളിലത്തെ ഡെക്കിലേക്ക് മാറ്റി. അപ്പോഴേക്കും ഒരു ഡോക്കിംഗ് പോയിന്‍റിലേക്ക് എത്തിചേരാന്‍ കപ്പലിന് കഴിഞ്ഞു. ഇതോടെ യാത്രക്കാരെ സുരക്ഷിതമായി കരയിലെത്തിക്കാനായി. ഇതിനിടെ രക്ഷാപ്രവര്‍ത്തകർ സ്ഥലത്തെത്തി ചേർന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഒഴിപ്പക്കൽ അതീവ ദുഷ്കരം
തീ പടർന്ന് തുടങ്ങിയ കപ്പലില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് ഏറെ ശ്രമകരമായിരുന്നെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. തീ പടരുന്നത് കണ്ട് കരയില്‍ നിന്നും എത്തിയ ചെറു ബോട്ടുകളിലാണ് നിരവധി രക്ഷപ്പെടുത്തിയത്. യാത്രക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങളൊന്നും എടുക്കാന്‍ കഴിഞ്ഞില്ല. കപ്പല്‍ ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാകാം തീ പടർന്നതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.


