മഴയത്ത് ഹെല്‍മറ്റ് പോലും ധരിക്കാതെ ഒരു സ്ത്രീയും പുരുഷനും മദ്യപിച്ച് സ്കൂട്ടറോടിച്ച് പോകുന്നതിനിടെയാണ് പോലീസ് തടഞ്ഞത്. പിന്നാലെ അസഭ്യവര്‍ഷം.
ഛത്തീസ്ഗഡിലെ കോർബ ജില്ലയിലെ നെറ്റ് ക്ലബില്‍ നിന്നും സ്കൂട്ടിയുമായി ഹെല്‍മറ്റില്ലാതെ ഇറങ്ങിയ യുവതി ചെന്ന് പെട്ടത് പോലീസിന്‍റെ മുന്നില്‍. പിന്നാലെ പോലീസിന് നേരെ യുവതിയുടെ അസഭ്യവര്‍ഷം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കോർബയിലെ ട്രാൻസ്പോർട്ട് നഗർ പ്രദേശത്തെ വൺ നൈറ്റ് ക്ലബ്ബിന് പുറത്താണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മുകേഷ് എസ് സിംഗ് എന്ന് എക്സ് അക്കൗണ്ടില്‍ നിന്നും നാലോണം വീഡിയോകളാണ് പങ്കുവച്ചത്. ക്ലബില്‍ നിന്നും ഇറങ്ങി ഒരു സ്കൂട്ടിയില്‍ ഒരു പുരുഷനെ പിന്നിൽ ഇരുത്തി ഹെല്‍മറ്റ് പോലുമില്ലാതെ മഴയിലൂടെ വണ്ടിയോടിച്ച് പോവുകയായിരുന്നു യുവതി. പോലീസ് തടഞ്ഞ് നിര്‍ത്തിയതോടെ യുവതി പോലീസുമായി വാക്കേറ്റമായി. വാഹനത്തിന് പിന്നിലിരിക്കുന്ന പുരുഷന്‍ തന്‍റെ ഭര്‍ത്താവാണെന്നും 'നിങ്ങൾ എന്‍റെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടും' എന്ന് മദ്യലഹരിയില്‍ യുവതി പോലീസിനോട് ആക്രോശിച്ചു. സ്വബോധം പോലും നഷ്ടപ്പെട്ട് രാത്രിയില്‍ യുവതി കാണിച്ച പരാക്രമത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റൊരു വീഡിയോയില്‍, യുവതി ഭര്‍ത്താവാണെന്ന് പറഞ്ഞ യുവാവ് സ്കൂട്ടിയില്‍ നിന്നും ഇറങ്ങി കാലുറയ്ക്കാതെ പോലീസിന് നേരെ അസഭ്യം വിളിച്ച് പറയുന്നതും കാണാം.
യുവതിയുടെ പ്രകോപനത്തിന് നേരെ പോലീസ് ക്ഷമയോടെയാണ് പ്രതികരിക്കുന്നത്. ഇതിനിടെ പോലീസിനെതിരെ പരാതി നല്‍കുമെന്ന് യുവതി പറയുമ്പോൾ എങ്കില്‍ നിങ്ങൾ പോയി പരാതി നല്‍കൂവെന്ന് പോലീസ് പറയുന്നതും കേൾക്കാം.
ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിന്‍റെ നിയന്ത്രണത്തിലുള്ള ക്ലബ്ബിനുള്ളിൽ സംഘര്‍ഷം ഉണ്ടായെന്ന് അറിഞ്ഞാണ് പ്രദേശത്ത് പോലീസ് എത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ സമയം ക്ലബില്‍ നിന്നും മദ്യപിച്ച് ഇറങ്ങിയതായിരുന്നു യുവതി. അതേസമയം ക്ലബിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മഹീന്ദ്ര ഥാറിന് കേടുപാടുകൾ പറ്റി. അതേസമയം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട യുവാക്കൾ പോലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം വിളിക്കുന്നതും മറ്റ് വീഡിയോകളില്‍ കാണാം. വീഡിയോകൾ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട രംഗത്തെത്തി.


