രണ്ട് കൈവരികളെ കൂടാതെ ഒരു ഇരുമ്പ് കമ്പി മാത്രമായിരുന്നു പാലത്തിന് ആകെയുണ്ടായിരുന്നത്. ഇതിലൂടെയാണ് അതിസാഹസികമായി വൃദ്ധ, പുഴ മുറിച്ച് കടന്നത്. 

രു പാലമോ റോഡോ തകർന്നെന്ന പാരതിയില്ലാത്ത ഒരു ദിവസം പോലുമില്ലെന്നായിരിക്കുന്നു ഇന്ത്യയില്‍. ഗുജറാത്തില്‍, ബീഹാറില്‍, ജാർഖണ്ഡിൽ, കേരളത്തിൽ എന്ന് തുടങ്ങി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ദേശീയ - സംസ്ഥാന പാതകള്‍ മിക്കതും തകർന്നു കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ പാലങ്ങൾ പോലും പിറ്റേ ദിവസം സുരക്ഷാ പ്രശ്നമുന്നയിച്ച് അടച്ചിടുന്നു. മറ്റ് ചില പാലങ്ങൾ സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ പൊളിച്ച കളയാന്‍ തീരുമാനിക്കുന്നു. എന്നിങ്ങനെ രാജ്യം വികസന പാതയിലാണെന്ന് രാഷ്ട്രീയ നേതാക്കൾ അവകാശപ്പെടുമ്പോൾ മറുവഴിക്ക് പലതും തകർച്ച നേരിടുകയാണെന്ന യാഥാര്‍ത്ഥ്യം മറച്ച് വയ്ക്കപ്പെടുന്നു. കഴിഞ്ഞ ദിവസം ജാർഖണ്ഡിൽ നിന്നും പങ്കുവയക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കി.

ജാർഖണ്ഡിലെ ബൊക്കാറോയിലെ ജില്ലയിലെ ചാമ്പി പുഴയ്ക്ക് കുറുകെയുള്ള തകർന്ന പാലത്തിലൂടെ മറുകര കടക്കാന്‍ ശ്രമിക്കുന്ന വൃദ്ധയായ ഒരു സ്ത്രീയുടെ വീഡിയോയായിരുന്നു അത്. കാഴ്ചക്കാര്‍ ഏറെ ആശങ്കയോടെ കണ്ട് തീര്‍ത്ത വീഡിയോയില്‍ ഒരു വൃദ്ധയായ സ്ത്രീ തകർന്ന് കിടക്കുന്ന പാലത്തിന്‍റെ ഇരുകൈവരിയിലും പിടിച്ച് അവശേഷിച്ച ഒറ്റ കമ്പിയില്‍ ചവിട്ടി കലങ്ങി മറിഞ്ഞ് കിടക്കുന്ന പുഴ കടക്കാന്‍ ശ്രമിക്കുന്നത് കാണാം. പൂർണ്ണമായും ജീർണിച്ച ഇരുമ്പ് പാലത്തിലെ ഷീറ്റുകളെല്ലാം നഷ്ടമായിരുന്നു. ആകെ അവശേഷിച്ചിരുന്നത് രണ്ട് കൈവരികളും ഒത്ത നടുക്കുള്ള ഒരു ഇരുമ്പ് പാലവും മാത്രം. ഇതിലൂടെയാണ് വൃദ്ധയായ സ്ത്രീ അക്കര കടക്കാന്‍ ശ്രമം നടത്തിയത്. പാലം കടന്നയുടനെ അവര്‍ പാലത്തിൽ തൊട്ട് നമസ്കിക്കുന്നതും കാണാം.

Scroll to load tweet…

സ്ത്രീയുടെ വീഡിയോ വൈറലായതിന് പിന്നാലെ പ്രാദേശക ഭരണകൂടത്തെ വിമര്‍ശിച്ച് നിരവധി പേരാണ് കുറിപ്പെഴുതിയത്. ഇത്രയും ചെറിയൊരു പാലം പോലും കൃത്യമായി അറ്റകുറ്റപണി നടത്താന്‍ കഴിയാത്ത പ്രാദേശിക ഭരണകൂടത്തിന് ഒരു ഗ്രാമം ഭരിക്കാന്‍ പോലുമുള്ള അധികാരമില്ലെന്ന് ചിലരെഴുതി. മറ്റ് ചിലര്‍ വീഡിയോ ഹേമന്ത് സോറന്‍റെയും ജാർഖണ്ഡ് മുഖ്യമന്ത്രിയുടെയും ഔദ്യോഗിക എക്സ് അക്കൗണ്ടുകളിലേക്ക് ടാഗ് ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ചു.

ബൊക്കാറോ പ്ലാന്‍റ് ഇന്ത്യ മുഴുവൻ സ്റ്റീൽ ഷീറ്റുകൾ വിതരണം ചെയ്യുന്നു, എന്നിട്ടും അവരുടെ ജന്മദേശത്തെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സി‌എസ്‌ആറിന്‍റെ കീഴിൽ പോലും എന്തെങ്കിലും മുൻകൈയെടുത്ത് നടത്താന്‍ അവർക്ക് കഴിയുന്നില്ല. സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമൊപ്പം, ഇത്തരത്തിലുള്ള കോടിക്കണക്കിന് രൂപയുടെ വ്യവസായങ്ങള്‍ക്കും ഇക്കാര്യങ്ങളിൽ ഉത്തരവാദിത്തമുണ്ടെന്ന് ഒരു കാഴ്ചക്കാരനെഴുതി. സമൂഹ മാധ്യമങ്ങളില്‍ വിമർശനം രൂക്ഷമായതോടെ ബൊക്കാറോ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ വീഡിയോ പെടുകയും പെട്ടെന്ന് തന്നെ പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ നടത്താൻ ഉത്തരവിടുകയും ചെയ്തു.