പാലം തകർന്ന് കാർ വീണത് 900 അടി താഴ്ചയിലേക്ക്. കാറില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ തന്‍റെ കുഞ്ഞ് കാറിലുണ്ടെന്നും രക്ഷിക്കണമെന്നും നിലവിളിക്കുന്ന വീഡിയോ.
ഗുജറാത്തിലെ വഡോദര ജില്ലയിലെ മഹിസാഗർ നദിയ്ക്ക് കുറുകെയുള്ള പാലം തകർന്ന് വീണ് പത്ത് പേരാണ് മരിച്ചത്. ഉയരമേറിയ രണ്ട് തൂണുകൾക്കിടയിലെ സ്ലാബ് തര്‍ന്ന് നദിയിലേക്ക് വീണ് കുടക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെ അതേ സംഭവത്തിലെ മറ്റൊരു ദൃശ്യം കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് കൂട്ടി. അപകത്തില്‍ നദിയിലേക്ക് വീണ ഒരു കാറിനുള്ളില്‍ തന്‍റെ മകന്‍ മുങ്ങിത്താഴുകയാണെന്ന് നിലവിളിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോയായിരുന്നു അത്.
അമ്മ, ഭർത്താവ്, മകൻ, മകൾ, മരുമകൻ എന്നിവരടങ്ങുന്ന കുടുംബം പാലത്തിലൂടെ ബാഗ്ദാനയിലേക്ക് പോകുന്നതിനിടെയാണ് പാലം തകർന്ന് നദിയിലേക്ക് വീണത്. നദിയിലേക്ക് മറിഞ്ഞ കാറിന്‍റെ ചില്ല് തകര്‍ത്ത് സ്ത്രീ പുറത്തിറങ്ങിയെങ്കിലും കാറില്‍ നിന്നും മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇവര്‍ അരയോളം വെള്ളത്തില്‍ നിന്ന് നിലവിളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. നദിയില്‍ പാതിയോളം മുങ്ങിയ വാഹനങ്ങൾക്കിടയില്‍ നിന്നും തന്‍റെ കുട്ടിയെ രക്ഷിക്കാന്‍ വേണ്ടിയുള്ള ആ സ്ത്രീയുടെ നിലവിളി പാലത്തില്‍ തട്ടി പ്രതിധ്വിക്കുന്നു.
അത്രയും താഴ്ചയില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. അതിനായി പ്രത്യേക യന്ത്രസാമഗ്രികൾ ആവശ്യമാണ്. എങ്കിലും സ്ത്രീയോട് സമാധാനമായിരിക്കാനും രക്ഷാപ്രവര്‍ത്തകര്‍ ഉടനെത്തുമെന്നും പാലത്തില്‍ നിന്നും ആളുകൾ വിളിച്ച് പറയുന്നത് വീഡിയോയില്‍ കേൾക്കാം. കഴിഞ്ഞ ബുധനാഴ്ച രാവിലെ നല്പത് വര്‍ഷം പഴക്കമുള്ള പാലം തകർന്ന് രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ പത്ത് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി.
ഏകദേശം 900 മീറ്റർ നീളമുള്ള പാലത്തിന്‍റെ രണ്ട് തൂണുകളെ ബന്ധിപ്പിക്കുന്ന സ്ലാബാണ് തകർന്ന് നദിയില്‍ വീണത്. കാറുകൾ, വാനുകൾ, ട്രക്കുകൾ, ഒരു ഓട്ടോറിക്ഷ, ഒരു ഇരുചക്ര വാഹനം എന്നിവ വെള്ളത്തിലേക്ക് മറിഞ്ഞതായി പോലീസ് സൂപ്രണ്ട് റോഹൻ ആനന്ദ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് യഥാക്രമം 2 ലക്ഷം രൂപയും 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


