നഗരത്തിലേക്ക് ഇറങ്ങാന്‍ ഭയമാണെന്നും ഇറങ്ങുന്നുണ്ടെങ്കില്‍ അത് കാറില്‍ മാത്രമാണെന്നുമാണ് ലണ്ടനിലെ താമസക്കാര്‍ പറയുന്നത്. 

ണ്ടനിലെ ആഡംബര നഗരങ്ങളിലൂടെ ആളുകൾക്ക് ഇപ്പോൾ നടക്കാന്‍ പേടിയാണ്. പ്രത്യേകിച്ചും കൈയിലൊരു റോളക്സ് വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍. എവിടെ നിന്നും ഒരു മുഖംമൂടി ചാട് വിഴാമെന്ന് അവസ്ഥ. കഴിഞ്ഞ ദിവസം ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജ് പ്രദേശത്ത് മുഖംമൂടി ധരിച്ചെത്തിയ അക്രമി ഒരാളെ കുത്തിക്കൊലപ്പെടുത്തി, 'റോളക്സ് റിപ്പേഴ്‌സ്' എന്നറിയപ്പെടുന്ന വാച്ച് മോഷണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഇതെന്നാണ് ദ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

റോളക്സ് പോലുള്ള ആഡംബര വാച്ചുകൾ ധരിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ലണ്ടനിലെ ആഡംബര നഗരങ്ങളിൽ ഇപ്പോൾ ഈ ആക്രമണ പരമ്പര നടക്കുന്നത്. നിരവധി പേർക്ക് ഇതിനോടകം പരിക്കേറ്റു കഴിഞ്ഞു. മുഖം മൂടി ധരിച്ച് ബൈക്കുകളിലും സ്കൂട്ടറുകളിലുമാണ് അക്രമി സംഘം സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു മോഷണ ശ്രമത്തിനിടയിലാണ് ഒരു ജീവൻ നഷ്ടമായത്. ഒരു ആഡംബര ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിനും ഒരു പഞ്ചനക്ഷത്ര ഹോട്ടലിനും സമീപം രാത്രി 9 മണിയോടെയാണ് ആക്രമണം നടന്നത്. എന്നാൽ, കുറ്റവാളികളെ പിടികൂടാൻ ഇതുവരെയും പോലീസിന് കഴിയാത്തത് ആശങ്ക വർധിപ്പിച്ചു.

Scroll to load tweet…

24 കാരനായ യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തന്‍റെ സുഹൃത്തിനോടൊപ്പം നടക്കവെ സെവില്ലെ സ്ട്രീറ്റിൽ വെച്ച് അക്രമികൾ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പ്രതി ഒരു ബാലക്ലാവ (കണ്ണ് മാത്രം വെളിയില്‍ കാണിക്കുന്ന ഒരു തരം മുഖംമൂടി) ധരിച്ചിരുന്നുവെന്ന് സമീപത്തെ റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി, ഇത് റോളക്സ് റിപ്പേഴ്‌സ് പലപ്പോഴും ഐഡന്റിറ്റി മറയ്ക്കാൻ ധരിക്കുന്ന വേഷമാണ്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

നഗരത്തിലൂടെ നടക്കാൻ ഇപ്പോൾ ഭയമാണെന്നും പുറത്തിറങ്ങുന്നുണ്ടെങ്കിൽ കാറുകളിൽ മാത്രമാണ് സഞ്ചരിക്കുന്നത് എന്നുമാണ് സെവില്ലെ സ്ട്രീറ്റ് ഉൾപ്പെടെയുള്ള വിവിധ ആഡംബര നഗരങ്ങളിൽ താമസിക്കുന്ന ആളുകൾ പറയുന്നത്. ലണ്ടനിൽ മാത്രമല്ല, പാരീസ് പോലുള്ള നഗരങ്ങളിലും സമാനമായ രീതിയിലുള്ള അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായി ഊർജിതമായ അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സൂപ്രണ്ട് ഓവൻ റെനൗഡൻ പറഞ്ഞു. മോഷണത്തിന് സാധ്യതയുണ്ടെങ്കിലും മറ്റെന്തെങ്കിലും സാധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണ സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലെ താമസക്കാരെ ആശ്വാസിപ്പിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനും പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.