സന്ധ്യാ സമയത്ത് സ്വയം മറന്ന് വളരെ പതുക്കെ റെയില്‍വേ ട്രാക്കിലൂടെ നടന്ന വന്ന ആന പെട്ടെന്ന് മുന്നിൽ ട്രെയിന്‍ കണ്ടപ്പോഴുള്ള അതിന്‍റെ ഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്. 

ബംഗാളിൽ ട്രെയിൻ പാളത്തിലൂടെ അലക്ഷ്യമായി നടന്നുവരുന്ന ഒരു ആനയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൻ കസ്വാൻ പങ്കുവെച്ച 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കൊമ്പൻ ആന ട്രാക്കിലൂടെ സാവധാനം നടന്ന് വരുന്നത് കാണാം. ലോക്കോ പൈലറ്റ് സമയോചിതമായി ബ്രേക്ക് അമർത്തിയതിനാൽ അപകടങ്ങൾ സംഭവിക്കാതെ ആന രക്ഷപ്പെട്ടു.

വീഡിയോ ദൃശ്യങ്ങൾ ഒരേസമയം കൗതുകകരവും ആശങ്കപ്പെടുത്തുന്നതുമാണ്. റെയിൽവേ പാലത്തിലൂടെ ചുറ്റിനുമുള്ള കാഴ്ചകൾ കണ്ട് ട്രെയിനിന് നേരെ എതിരെയാണ് ആന നടന്നു വരുന്നത്. അലസനായി നടന്നുവന്ന ആന തൊട്ടടുത്ത് എത്തിയപ്പോഴാണ് ട്രെയിൻ കണ്ടത്. പെട്ടെന്ന് തന്‍റെ മുൻപിലുള്ള വലിയ അപകടം ശ്രദ്ധയിൽപ്പെട്ട ആന പതിയെ പാളത്തിൽ നിന്നും ഇറങ്ങി കാട്ടിലേക്ക് തിരിയുന്നു. എന്നാൽ, ആനയെ വളരെ മുമ്പ് തന്നെ കണ്ടിരുന്ന ലോക്കോ പൈലറ്റുമാർ കൃത്യമായി ബ്രേക്ക് അമർത്തിയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Scroll to load tweet…

ആ സമയം ട്രെയിൻ ഓടിച്ചിരുന്ന ലോക്കോ പൈലറ്റ് എസ് ടോപ്പോയ്ക്കും അസിസ്റ്റൻറ് ലോക്കോ പൈലറ്റ് എസ്. ഹൽദാറിനും അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടാണ് ഈ ചെറിയ വീഡിയോ പ്രവീണ്‍ കസ്വാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ സംഭവം നടന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ബംഗാളിൽ എവിടെയോ വച്ച് ചിത്രീകരിക്കപ്പെട്ടത് ആണെന്നാണ് സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു.

വൈറലായ വീഡിയോ ഇതിനകം നിരവധി ആളുകൾ കാണുകയും ആനയുടെ ജീവൻ സംരക്ഷിക്കാൻ മനസ് കാണിച്ച റെയിൽവേ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു. വീഡിയോ കണ്ട ഒരു സമൂഹ മാധ്യമ ഉപയോക്താവ് അഭിപ്രായപ്പെട്ടത്, 'എൻജെപി-സിലിഗുരി മുതൽ ജയ്ഗാവ് വരെയുള്ള ഭാഗമായിരിക്കണം. സ്വർഗ്ഗീയ പാത.' എന്നാണ്. മൃഗങ്ങൾ സഞ്ചരിക്കാൻ ഇടയുള്ള സ്ഥലങ്ങളിലും വനപ്രദേശങ്ങളിലും നിർബന്ധിതമായി ട്രെയിനുകളുടെ വേഗത കുറയ്ക്കണം. ഒരു തരത്തിലും തിരക്കുകൂട്ടരുതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.