സമൂഹമാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ അരങ്ങേറിയ പ്രതിഷേധത്തിൽ ശതകോടീശ്വരനായ ഉപേന്ദ്ര മഹതോയുടെ വസതി കൊള്ളയടിക്കപ്പെട്ടു. കലാപത്തിൽ സുപ്രീം കോടതി, പാർലമെന്‍റ്, പ്രധാനമന്ത്രിയുടെ വസതി എന്നിവയും അഗ്നിക്കിരയായി.
34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെ നേപ്പാൾ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. പ്രതിഷേധക്കാർ രാഷ്ട്രീയക്കാരെ ക്രൂരമായി മർദിക്കുകയും സുപ്രീംകോടതി. പാർലമെന്‍റ്, പ്രധാനമന്ത്രിയുടെ വസതി എന്നിവയ്ക്ക് തീയിടുകയും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തു. പിന്നാലെ ഒരു സൂപ്പർമാർക്കറ്റ് കൊള്ളയടിക്കുന്ന ഒരുകൂട്ടം യുവതി യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രാജ്യത്തെ ശതകോടീശ്വരനായ ഉപേന്ദ്ര മഹതോയുടെ വസതിയിലും പ്രതിഷേധക്കാര്‍ ഇരച്ച് കയറി. കണ്ണിൽക്കണ്ടതെല്ലാം കൊള്ളയടിച്ചു. തീയിട്ടു. അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
റഷ്യയിലെ മോസ്കോയിലാണ് ഉപേന്ദ്ര മഹതോ ഇപ്പോൾ താമസിക്കുന്നത്. 250-900 മില്യൺ യുഎസ് ഡോളർ ആസ്തിയുള്ള നേപ്പാളിലെ മൂന്നാമത്തെ വലിയ ധനികൻ. നേപ്പാളിലെ രാഷ്ട്രീയ നേതാവ്, ഉപേന്ദ്ര യാദവിന്‍റെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് കലാപകാരികൾ ഉപേന്ദ്ര മഹതോയുടെ കൊട്ടാരം അക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിലപിടിപ്പുകള്ള സാധനങ്ങൾ കൊള്ളയടിക്കുകയും കസേരകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
സമൂഹ മാധ്യമ നിരോധനം
സെപ്തംബർ നാലിന് നേപ്പാൾ സര്‍ക്കാര്‍ 26 സമൂഹ മാധ്യമങ്ങൾ (social media) നിരോധിച്ച് ഉത്തരവിറക്കിയതിന് പിന്നാലെ നേപ്പാളിലെ യുവ തലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങി. സെപ്തംബര്‍ എട്ടാം തിയതി ഹാമി നേപ്പാൾ എന്ന എന്‍ജിഒ പാര്‍ലമെന്‍റിലേക്ക് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും അത് അക്രമണങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ വഴി മാറുകയായിരുന്നു. രാഷ്ട്രീയക്കാര്‍ക്ക് എതിരെ തുടങ്ങിയ പ്രതിഷേധം വളരെ പെട്ടെന്ന് കലാപകാരികൾ ഏറ്റെടുക്കുകയായിരുന്നു. കാഠ്മണ്ഡു, പോഖ്‌റ തുടങ്ങിയ നഗരങ്ങളിൽ തീവെപ്പ്, പൊതുമുതൽ നശിപ്പിക്കൽ, കൂട്ടക്കൊള്ള എന്നിവ നടന്നു. മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പോലും പൊള്ളലേറ്റ് കൊല്ലപ്പെട്ടു.
കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള 26 പ്രധാന സമൂഹ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം നേപ്പാൾ നിരോധിച്ചത്. എല്ലാ പ്രധാന സമൂഹ മാധ്യമങ്ങളും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നേപ്പാൾ സർക്കാരിന്‍റെ നിർദേശം. വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗം, ഓൺലൈൻ തട്ടിപ്പ് എന്നിവ തടയാൻ പുതിയ നിയന്ത്രണങ്ങൾ സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെട്ടു. പക്ഷേ, പുതിയ തീരുമാനം അഭിപ്രായ പ്രകടനത്തെ സെൻസർ ചെയ്യുമെന്നും രാഷ്ട്രീയ വിയോജിപ്പുകളെ നിശബ്ദമാക്കുമെന്നും ജെന്‍ സി പ്രതിഷേധക്കാര്‍ വാദിച്ചു. ഒപ്പം നെപ്പോ കിഡ്സുകക്കെതിരെ ഉയർന്ന് വന്ന വിയോജിപ്പുകളും പ്രതിഷേധത്തെ ആളിക്കത്തിച്ചു.


