പട്ടാപകല്‍ വീടിന് മുന്നില്‍ വച്ച വേസ്റ്റ്ബിന്‍ മോഷ്ടിച്ച് കൊണ്ട് പോകുന്ന മോഷ്ടാക്കളുടെ വീഡിയോ പുറത്ത് വിട്ട് വീട്ടുടമ. 

മോഷ്ടാക്കൾ പല രീതിയിലാണ്. ചിലര്‍ സ്വർണ്ണം മാത്രം മോഷ്ടിക്കുന്നു. മറ്റ് ചിലര്‍ ഇലക്ട്രോണിക് സാധനങ്ങളാകും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുന്നിൽ വച്ച വേസ്റ്റ് ബിന്‍ മോഷ്ടിച്ച് കൊണ്ട് പോകുന്ന രണ്ട് മോഷ്ടാക്കാളെ പിടിക്കാന്‍ സഹായിക്കണമെന്ന വിചിത്രമായ ഒരു പരാതിയാണ് ചണ്ഡീഗഡിലെ സെക്ടർ 36-ൽ നിന്നുള്ള ഒരു വീട്ടുടമ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. പിന്നാലെ പരാതിയുമായി സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടു.

ആദിത്യ പ്രതാപ് സിംഗ് ചാഹൽ എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമത്തിലൂടെ പോലീസിന് പരാതി നല്‍കിയത്. ആദിത്യ പങ്കവച്ച വീഡിയോയില്‍ ഒരു സ്കൂട്ടറില്‍ രണ്ട് പേര്‍ വീടിന്‍റെ ഗേറ്റിന് മുന്നില്‍ വന്ന് നില്‍ക്കുന്നതും അതിലൊരാൾ ഇറങ്ങിവന്ന് ഗേറ്റിന് മുന്നില്‍ വച്ച രണ്ട് വേസ്റ്റ് ബിന്‍ പാത്രങ്ങളുമായി സ്കൂട്ടറില്‍ കയറി വന്ന വഴി തന്നെ തിരികെ പോകുന്നതും കാണാം. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ആദിത്യ ഇങ്ങനെ എഴുതി. ' സെക്ടർ 36, ചണ്ഡീഗഡ്. ചണ്ഡീഗഡ് പോലീസ്, എന്‍റെ ഡെസ്റ്റ്ബിന്‍ എടുത്തുകൊണ്ടുപോയ വ്യക്തികളെ കണ്ടെത്താൻ ദയവായി സഹായിക്കൂ. ഇത് വെറും ഡെസ്റ്റ് ബിന്നുകളല്ല, മറിച്ച് നമ്മുടെ പ്രദേശത്തിന്‍റെ സുരക്ഷയെ കുറിച്ചാണ്. നിങ്ങളുടെ അടിയന്തര സഹായം അഭ്യർത്ഥിക്കുന്നു.'

Scroll to load tweet…

ആദിത്യ, വീഡിയോ ചണ്ഡീഗഡ് ഡിജിപിയ്ക്കും ട്രാഫിക്കിനും ടാഗ് ചെയ്തു. കുറിപ്പ് കണ്ട ചണ്ഡീഗഢ് പോലീസ് മറുപടി നല്‍കി. നടപടി സ്വീകരിക്കുന്നതിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ മോഷണ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവരുടെ കമന്റ് ഇങ്ങനെയായിരുന്നു. പിന്നാലെ പരാതി നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകല്‍ വെളിച്ചത്തിലെ മോഷണം, ആ മാലിന്യ പാത്രത്തിന്‍റെ വലുപ്പം നോക്കിയാല് അവർ എന്തോ മനുഷ്യനോളം വലിയ എന്തോ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നുവെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു.

ആഗസ്റ്റ് 3 ന് എറണാകുളം ആലുവയിലെ തോട്ടുമുഖം പാലത്തിന് സമീപത്തും സമാനമായ ഒരു മോഷണം നടന്നു. പലചരക്ക് കടയിൽ കയറിയ മോഷ്ടാവ് കൊണ്ട് പോയത് എണ്ണയും ആപ്പിളും പാലും. കോൺക്രീറ്റ് തറ തുരന്ന് കടയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴായാതായതോടെ പൂട്ട് പൊളിച്ചാണ് കള്ളന്‍ അകത്ത് കടന്നത്. ഏകദേശം 600 രൂപ വിലയുള്ള 30 കുപ്പി വെർജിൻ വെളിച്ചെണ്ണയും, കുറച്ച് എള്ളെണ്ണ, ആപ്പിൾ, പാൽ എന്നിവയുമായി മോഷ്ടാവ് കടന്നു. എന്നാല്‍ കടയിൽ ഉണ്ടായിരുന്ന പണം മോഷ്ടിക്കാന്‍ കള്ളന്‍ ശ്രമിച്ചതേയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.