ഏറെ ഔഷധ ഗുണമുണ്ടെന്ന തെറ്റിദ്ധാരണയില്‍ പരമ്പരാഗത മരുന്നുകൾക്ക് ചൈനക്കാർ ഇനാംപേച്ചികളുടെ മാംസം ഉപയോഗിക്കുന്നു.
ബീഹാറിലെ ഏക കടുവ സംരക്ഷണ കേന്ദ്രമായ വാൽമീകിയിലെ ഇടതൂർന്ന വനങ്ങളിൽ, അല്പം നാണക്കാരനും ആർക്കും അത്ര വേഗത്തിൽ പിടി തരാത്തതുമായ ഒരു ജീവിയുണ്ട്. ആര്‍ക്കുമങ്ങനെ പെട്ടെന്ന് പിടി തരില്ലെങ്കിലും ഇന്ന് ആ ജീവിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. സ്കെലി ആന്‍റീറ്റർ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈനാംപേച്ചിയാണ് ആ ജീവി. ലോകത്തിൽ ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചി. ചൈനയിൽ ഇതിന്‍റെ മാംസത്തിന് കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വിലയുണ്ട്. അവിടെ ഇത് ഒരു രുചികരമായ വിഭവമായും പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ പ്രധാന ചേരുവയായും കണക്കാക്കപ്പെടുന്നു.
വന്യജീവി വിദഗ്ധർ പറയുന്നതനുസരിച്ച്, ചിതലുകളെയും ഉറുമ്പുകളെയും നിയന്ത്രിക്കുന്നതിലൂടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈനാംപേച്ചി നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഇവയുടെ മൃദുവായ മാംസം ഇതിനെ വേട്ടക്കാരുടെ പ്രധാന ലക്ഷ്യമാക്കി മാറ്റുന്നു. മനുഷ്യന്‍റെ നഖങ്ങളിൽ കാണപ്പെടുന്ന അതേ വസ്തുവായ കെരാറ്റിൻ ചെതുമ്പലുകളാണ് ഇവയുടെ ശരീരത്തെ പൊതിഞ്ഞു പിടിക്കുന്നത്. ഭൂമിയിൽ ഏറ്റവും അധികം വേട്ടയാടപ്പെടുന്ന ജീവിയാണ് ഈനാംപേച്ചികൾ എന്നാണ് വന്യജീവി വിദഗ്ദർ പറയുന്നത്. ഇതിന് ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ഈ ജീവിയുടെ മാംസത്തിന്‍റെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകളും തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളുമാണ്. ഇവയെ വംശനാശത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രധാന കാരണവും ഇതുതന്നെ.
ഏഷ്യയിലുടനീളം, പ്രത്യേകിച്ച് ചൈനയിൽ, ഈനാംപേച്ചിയുടെ മാംസം ഒരു അമൂല്യ വിഭവമായാണ് വിപണനം ചെയ്യപ്പെടുന്നത്. അതേസമയം അതിന്‍റെ ചെതുമ്പലുകളും അസ്ഥികളും പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ (TCM) വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ, ഈനാംപേച്ചിയുടെ മാംസവും മറ്റു ശരീരഭാഗങ്ങളും മനുഷ്യന് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നുണ്ട് എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. വസ്തുത ഇങ്ങനെയാണെങ്കിലും പരമ്പരാഗതമായി ആളുകൾ ഔഷധഗുണമുള്ള ഒന്നായി ഈനാംപേച്ചിയെ കാണുന്നതാണ് നിയമവിരുദ്ധമായ വേട്ടയാടലിനും കള്ളക്കടത്തിനും ഇവ ഇരയാകുന്നതിനുള്ള പ്രധാന കാരണം.
45 ഇഞ്ച് മുതൽ 4.5 അടി വരെ വലിപ്പമുള്ള ഈനാമ്പേച്ചികൾ ലോകമെമ്പാടുമുള്ള എട്ട് വ്യത്യസ്ത ഇനങ്ങളിലായി കാണപ്പെടുന്നു. അവയിൽ രണ്ടെണ്ണം - ഇന്ത്യൻ ഈനാമ്പേച്ചിയും ചൈനീസ് ഈനാമ്പേച്ചിയും - വാൽമീകി കടുവ സംരക്ഷണ കേന്ദ്രത്തിലുണ്ട്. ചിതലുകളെയും ഉറുമ്പുകളെയും ഭക്ഷണമായി ഉപയോഗിക്കുന്നതിനാൽ ഇന്ത്യയിൽ ഇവയെ ഉറുമ്പുതീനികൾ എന്നും വിളിക്കാറുണ്ട്. ഇവയ്ക്കായി അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ രാത്രികാല സസ്തനികൾ പൂർണ്ണമായും അപ്രത്യക്ഷമായേക്കാമെന്നാണ് വന്യജീവി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ആവാസവ്യവസ്ഥയുടെ നാശവും നിരന്തരമായ വേട്ടയാടലും അവയെ ഇതിനോടകം തന്നെ വംശനാശത്തിന്‍റെ വക്കിൽ എത്തിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.


