കാറില്‍ പുലിക്കുട്ടിയുമായി ഡിഎഫ്ഒയുടെ ഓഫീസിലേക്ക് പോകുന്നയാളുടെ വീഡിയോ വൈറൽ.
ഹിമാചല്‍പ്രദേശില്‍ നിന്നും ഒരു അസാധാരണ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധ നേടി. പിന്നാലെ, ഇത്തരം പ്രവര്‍ത്തികൾ ചെയ്യരുതെന്ന മുന്നറിയിപ്പുമായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും രംഗത്തെത്തി. ഹിമാചൽ പ്രദേശിലെ തിയോഗിൽ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എക്സില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ കാറിന്‍റെ സൈഡ് ഗ്ലാസിന് സമീപത്തായി അസ്വസ്ഥനായ ഒരു പുലിക്കുഞ്ഞിനെ കാണാം. ഒപ്പം ഡിഎഫ്ഒയുടെ അടുത്തേക്ക് പോകുകയാണെന്ന കുറിപ്പും.
നിഖിൽ സെയ്നി എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കോട്ഖായ് തരോളയിൽ താമസിക്കുന്ന അങ്കുഷ് ചൗഹാൻ കാട്ടിൽ അമ്മയിൽ നിന്ന് വേർപിരിഞ്ഞ ഒരു പുള്ളിപ്പുലിയുടെ കുഞ്ഞിനെ കണ്ടെത്തി. അദ്ദേഹം അതിനെ തിയോഗിലെ ഡിഎഫ്ഒയ്ക്ക് അടുത്തേക്ക് എത്തിച്ചു. പല്ലിനും ചർമ്മത്തിനും വേണ്ടി അപൂർവ മൃഗങ്ങളെ പലപ്പോഴും കൊല്ലുന്നതിനാൽ, മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കാണുന്നത് സന്തോഷകരമാണെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് നിഖിൽ സെയ്നി കുറിച്ചു.
വീഡിയോയില്‍ കാറിന്‍റെ സൈഡ് ഗ്ലാസില്‍ നിന്ന് പുറത്തേക്ക് നോക്കി കരയുന്ന പുലിക്കുട്ടിയെ കാണാം. അത് അടച്ചിട്ട ഗ്ലാസിലൂടെ പുറത്തേക്ക് ചാടുനുള്ള വിഫല ശ്രമം നടത്തുന്നു. ഇതിനിടെ കരയുന്നതും കേൾക്കാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര് കരുണയെ കുറിച്ച് വാചാലരായി. ആ പുലിക്കുഞ്ഞിനെ രക്ഷപ്പെടുത്തിയതല്‍ അഭിനന്ദനങ്ങൾ ചൊരിഞ്ഞു.
എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഉയര്‍ന്നത്. ചെയ്തത് സദുദ്ദേശം കൊണ്ടാണെങ്കിലും അത് തെറ്റാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെയും എടുത്ത് വനം വകുപ്പ് ഓഫീസിലേക്ക് പോകുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കുക. ഇത്തരം പല കേസുകൾ തങ്ങളുടെ അടുത്തെത്തുന്നുണ്ടെന്നും എന്നാല്‍ വനം വകുപ്പ് ഇങ്ങനെ ഒറ്റപ്പെട്ട് കാണുന്ന കുട്ടികളെ എടുക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകല്‍ സമയത്ത് കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിച്ച് തള്ളപ്പുലി ഇരതേടി പോയതാകും. അത് സന്ധ്യയ്ക്ക് മുമ്പ് വേട്ട കഴിഞ്ഞ് മടങ്ങിയെത്തും. ഇത്തരം സന്ദർഭങ്ങളിലെ ആദ്യ പരിഗണന ഇരുവരെയും വീണ്ടും ഒന്നിപ്പിക്കുകയെന്നതാണ്. അമ്മയില്‍ നിന്നും വേര്‍പെട്ട തീരെ ചെറിയ കുഞ്ഞുങ്ങൾ രക്ഷപ്പെടാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


