ഈഫൽ ടവറിലെ റെസ്റ്റോറന്‍റില്‍ വച്ച് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭക്ഷണം വാങ്ങി. പക്ഷേ, അത് ഇതുവരെ കഴിച്ചതില്‍ ഏറ്റവും മോശമെന്ന് തമിഴ് യുവതി.
പാരീസിലെ ഈഫൽ ടവറിൽ നിന്ന് ഏറെ ആഗ്രഹത്തോടെ വാങ്ങിയ വിലയേറിയ ഉച്ചഭക്ഷണം തീർത്തും നിരാശാജനകമായിരുന്നു എന്ന് ഇന്ത്യൻ യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ എന്ന പേരിൽ അറിയപ്പെടുന്ന യുവതിയാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ ഉച്ചഭക്ഷണത്തെ കുറിച്ചുള്ള അവലോകനം തീർത്തും നിരാശാജനകം എന്ന അഭിപ്രായപ്പെട്ടത്.വീഡിയോയിൽ യുവതി പറയുന്നത് കഴിക്കാൻ ലഭിച്ച ബ്രഡ് വളരെ മോശമായിരുന്നു എന്നും സ്റ്റാർട്ടർ തണുത്തുറഞ്ഞതാണെന്നുമാണ്.
'മേക്ക് ട്രാവൽ ഈസി' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ട്രാവൽ വ്ലോഗർ ദമ്പതിമാരിൽ ഒരാളാണ് ഐശ്വര്യ. ഭർത്താവ് ശക്തിയും ഐശ്വര്യം യുകെയിലാണ് താമസിക്കുന്നത്. സ്വതന്ത്രമായി യാത്ര ചെയ്യാനും, ഫലപ്രദമായി ബജറ്റ് കൈകാര്യം ചെയ്യാനും, ആത്മവിശ്വാസത്തോടെ ലോകം പര്യവേക്ഷണം ചെയ്യാനും ആളുകളെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ആണ് തങ്ങളുടെ ലക്ഷ്യം എന്നാണ് 'മേക്ക് ട്രാവൽ ഈസി' കപ്പിൾസ് പറയുന്നത്.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അടുത്തിടെ ഇവർ പങ്കുവെച്ച വീഡിയോയിലാണ് ഈഫൽ ടവറിന്റെ രണ്ടാം നിലയിലെ റസ്റ്റോറന്റിൽ നിന്നും കഴിച്ച ഉച്ചഭക്ഷണം തീർത്തും നിരാശാജനകമായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. സമാനഭിപ്രായമുള്ള ന്യൂസിലാൻഡിൽ നിന്നുള്ള 82 വയസ്സുള്ള ഒരു സ്ത്രീയും ഇവരോടൊപ്പം വീഡിയോയിൽ ഉണ്ടായിരുന്നു. റസ്റ്റോറന്റിൽ നിന്ന് ലഭിച്ച ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ബ്രഡ് കഴിക്കാൻ ഏറെ ബുദ്ധിമുട്ടി എന്നാണ് ഐശ്വര്യയും ഈ സ്ത്രീയും വീഡിയോയിൽ പറയുന്നത്.
ബ്രെഡിന് വളരെ കട്ടിയായിരുന്നതിനാൽ കടിക്കാൻ കഴിയുന്നില്ല എന്നാണ് ഇവർ പരാതിപ്പെടുന്നത്. തുടർന്ന് റസ്റ്റോറന്റിലെ വെയിറ്ററോട് അല്പം കൂടി മൃദുവായ ബ്രഡ് ഉണ്ടോ എന്ന് ഐശ്വര്യ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്. അതിന് ഇല്ല എന്നായിരുന്നു വെയിറ്ററുടെ മറുപടി. അതുകൂടാതെ സ്റ്റാർട്ടർ ആയി നൽകിയ ഭക്ഷണം വളരെയധികം തണുത്ത് പോയിരുന്നുവെന്നും ഇവർ പരാതിപ്പെടുന്നുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണസാധനങ്ങൾക്ക് നൽകിയ റേറ്റിംഗിൽ ഐശ്വര്യ സ്റ്റാർട്ടറിന് 10 ൽ 2 റേറ്റിംഗ് ആണ് നൽകിയത്. പ്രധാന വിഭവത്തിന് 10 ൽ 7 റേറ്റിംഗ് നൽകി. ഡെസേർട്ടിന് നൽകിയത് 10 ൽ 1 റേറ്റിംഗ് മാത്രമാണ്. താൻ ഇനി ഒരിക്കലും ഇവിടെ പോകില്ല എന്നും ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.


