മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ഒരു ബാങ്കിൽ നിന്ന് 30 സെക്കൻഡിനുള്ളിൽ പണം അടങ്ങിയ ബാഗ് മോഷ്ടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. ഉപഭോക്താവിന്റെ ബാഗാണ് മോഷണം പോയത്.
ബാങ്കില്‍ നിന്നും വെറും 30 സെക്കന്‍റിൽ പണം അടങ്ങിയ ബാഗ് മോഷ്ടിച്ച് കടക്കുന്ന ഒരു യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ഒരു ബാങ്കിലാണ് വൻ മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബാങ്കിലെത്തിയ ഒരു ഉപഭോക്താവിന്‍റെ ബാഗാണ് മോഷ്ണം പോയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മധ്യപ്രദേശിലെ ബൈതൂൽ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ശാഖയിലാണ് മോഷണം നടന്നത്.
കണ്ടു, എടുത്തു, പോയി
എല്ലാം നിമിഷങ്ങൾക്കുള്ളില്‍ നടന്നു. നീല ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ച യുവാവ് ബാങ്കിലൂടെ അലക്ഷ്യമായി നടക്കുന്നതാണ് സിസിടിവിയിൽ കാണാന്‍ കഴിയുക. പെട്ടെന്ന് ഇയാൾ ഒരു മേശയ്ക്ക് അടിയില്‍ പണം നിറച്ച ഒരു ബാഗ് കാണുന്നു. തൊട്ടടുത്തായി ഒന്ന് രണ്ട് പേര്‍ ഇരിക്കുന്നുണ്ടെങ്കിലും അവര്‍ ഫോണ്‍ ചെയ്യുകയോ ഫോണിൽ റീൽസ് കണ്ട് ഇരിക്കുകയായിരുന്നു. ബാഗ് കണ്ടതും ഒരു സെക്കന്‍റ് ഒന്ന് നിന്ന യുവാവ് പെട്ടെന്ന് തന്നെ കുനിഞ്ഞ് മേശയ്ക്ക് അടിയില്‍ നിന്നും ബാഗെടുത്ത് ഒന്നും സംഭവിക്കാത്തത് പോലെ ബാങ്കില്‍ നിന്നും ഇറങ്ങിപ്പോകുന്നു. വെറും 30 സെക്കന്‍റിനുള്ളില്‍ ഇയാൾ ബാങ്കില്‍ നിന്നും ബാഗുമായി കടന്നു കളഞ്ഞു.
പട്ടാപകലും മോഷണം
പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന ഒരു ഉപഭോക്താവിന്‍റെ പരാതിയെ തുടർന്ന് ബാങ്ക് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി. പോലീസ് സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ച് യുവാവിനെ തിരിച്ചറിയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു. അതേസമയം പട്ടാപകൽ സ്വർണ്ണവും പണവും മോഷ്ടിക്കപ്പെടുന്നത് വർദ്ധിക്കുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട മറ്റൊരു വീഡിയോയിൽ തോക്ക് ചൂണ്ടി നടത്തിയ ഒരു ജ്വല്ലറി മോഷണം ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജബാൽപൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നും ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, 12 കിലോ സ്വർണ്ണവും 5 ലക്ഷം രൂപയും മോഷ്ടിക്കുന്ന ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കളുടെ സിസിടിവി വീഡിയോയായിരുന്നു അത്. ഈ കേസിലും പോലീസ് പ്രതികളെ അന്വേഷിക്കുകയാണ്.


