കുളിക്കുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കുളിമുറിയിലേക്ക് കയറാന്‍ ശ്രമിക്കുന്ന കടുവയെ.
കുളിമുറി, ഒരാളുടെ ഏറ്റവും സ്വകാര്യമായ സ്ഥലമാണെന്ന് പൊതുവെ പറയാറുണ്ട്. അവിടേയ്ക്ക് അപ്രതീക്ഷിതമായി ആരെങ്കിലും, പ്രത്യേകിച്ച് അപരിചിതരാരെങ്കിലും പെട്ടെന്ന് കടന്ന് വന്നാല്‍ ഭയം തോന്നുന്നതും സ്വാഭാവികം. എന്നാല്‍ അങ്ങനെ കയറി വരുന്നത് ഒരു കടുവയാണെങ്കിലോ? അതെ അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. എവിടെ എപ്പോൾ നടന്നതാണെന്ന വ്യക്തതയില്ലെങ്കിലും ഇന്ത്യയിലാണെന്ന് മാത്രം കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ബിയോണ്ട് ദി വൈൽഡ് ലൈവ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇന്ത്യയിലെ ഒരാൾ കുളിക്കുന്നതിനിടെ ഒരു കടുവ ഉള്ളില്‍ കയറാന്‍ ശ്രമിച്ചുവെന്ന കുറിപ്പോടെയാമ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒപ്പം ഇന്ത്യയിൽ, ഗ്രാമങ്ങളിലും പട്ടണങ്ങളിലും, വന്യജീവികൾ അലഞ്ഞുതിരിയുന്നത് അസാധാരണമായ കാര്യമല്ലെന്നും മനുഷ്യൻ കുളിക്കുന്നതിനിടെ പെട്ടെന്ന് ഒരു കടുവ കുളിമുറിയിലേക്ക് കയറാന്‍ ശ്രമിച്ചെന്നും വിശദീകരിക്കുന്നു. എന്നാല്‍ കൃത്യമായി ഇത് എവിടെ വച്ചാണ് സംഭവിച്ചതെന്ന് കുറിപ്പില്‍ പറയുന്നില്ല.
ടൈൽസ് പതിപ്പിച്ച് അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു അടച്ചിട്ട കുളിമുറിക്കുള്ളില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ മുറിയുടെ ചുമരിലെ ദ്വാരത്തിലൂടെ ഒരു കടുവ ഏറെ ആയാസപ്പെട്ട് കുളിമുറിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കാണാം. വീഡിയോയില്‍ ആദ്യം ഒരു മുന്‍കാലും പിന്നാലെ അടുത്ത മുന്‍ കാലുമാണ് ചുമരിലെ ദ്വാരത്തിലൂടെ കടന്ന് വരുന്നത് പിന്നീടാണ് കടുവയുടെ തല കാണുന്നത്. കടുവയുടെ മുഖത്ത് ആശങ്കയേക്കാളേറെ ഒരു സന്തോഷഭാവമാണ് കാണാന്‍ കഴിയുക. കടുവയെ വീട്ടിൽ വളർത്തുന്നതാണെന്ന് സംശയം കാഴ്ചക്കാരന് തോന്നുക സ്വാഭാവികം. എന്തായാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പിന്നാലെ രസകരമായ നിരവധി കുറിപ്പുകളും എത്തി. 'ക്ഷമിക്കണം സർ. നിങ്ങളുടെ കാറിന്‍റെ എക്സ്റ്റെൻഡഡ് വാറണ്ടിയെക്കുറിച്ച് അറിയാൻ ഞാൻ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ചിലര്‍ എഐയാണെന്നും വിശ്വസിക്കാന്‍ പ്രായസമെന്നും എഴുതി. മറ്റ് ചിലര്‍ കടുവ ഒളിഞ്ഞ് നോട്ടക്കാരനാണെന്ന് ഭാവം കൊണ്ട് വ്യക്തം എന്നായിരുന്നു കുറിച്ചത്. അതേസമയം കടുവയ്ക്കോ, കുളിമുറിയില്‍ ഉണ്ടായിരുന്ന ആൾക്കോ പിന്നീട് എന്ത് സംഭവിച്ചുവെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.


