ഒരു സര്‍ഫ്ബോർഡിൽ പത്തിലേറെ നായ്ക്കൾ ഒരുമിച്ച് സര്‍ഫ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ബീച്ച് പ്രേമികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് സർഫിംഗ്. സർഫിംഗ് ബോർഡിൽ ബാലൻസ് ചെയ്ത് നിൽക്കുക എന്നുള്ളത് അത്ര എളുപ്പമല്ല. അതിൽ പ്രാവീണ്യം നേടിയവർക്ക് മാത്രമേ ബാലൻസ് തെറ്റാതെ തിരമാലകൾക്ക് മുകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയൂ. അടുത്തിടെ ഒരു സർഫിംഗ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാരണം മറ്റൊന്നുമായിരുന്നില്ല, ഈ വീഡിയോയിൽ സർഫിംഗ് നടത്തിയത് ഒരു കൂട്ടം നായ്ക്കളാണ്. ഒരൊറ്റ ഫുട്ബോഡിൽ ഒരു ഡസനോളം നായ്ക്കളാണ് കടലിലൂടെ തെന്നി നീങ്ങിയത്. വീഡിയോ അല്പം വ്യത്യസ്തവും കൗതുകം നിറഞ്ഞതുമാണെങ്കിലും നായ്ക്കളുടെ സുരക്ഷയെ കുറിച്ച് വലിയതോതിലുള്ള ആശങ്കയാണ് ഇതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

സാൻ ഡീഗോയിലെ പ്രശസ്തമായ ഓഷ്യൻ ബീച്ചിൽ നിന്നുള്ള കാഴ്ചയായിരുന്നു ഇത്. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 12 ഓളം നായ്ക്കൾ ആയിരുന്നു ഫുട്ബോഡിൽ ഉണ്ടായിരുന്നത്. തിരമാലകൾക്ക് മുകളിലൂടെ ബാലൻസ് ചെയ്ത് നായ്ക്കൾ നിൽക്കുന്ന കാഴ്ച കൗതുകകരമാണ്. എന്നാൽ, നായ്ക്കളിൽ പലതും നന്നേ ഭയന്നിരുന്നു എന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോ വൈറൽ ആയതോടെ നായ്ക്കളുടെ ഉടമകൾ അവരുടെ സ്വന്തം സന്തോഷത്തിനും കൗതുക പൂർത്തീകരണത്തിനും വേണ്ടി നായ്ക്കളെ ഉപയോഗിക്കുകയാണ് എന്ന ആക്ഷേപം സമൂഹ മാധ്യമങ്ങളിൽ ശക്തമായി.

View post on Instagram

ഇതിനെ ഒരു വിനോദമായി കണക്കാക്കാൻ കഴിയില്ലെന്നും മൃഗപീഡനം എന്ന് തന്നെ വിശേഷിപ്പിക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. നായ്ക്കളുടെ സർഫിംഗിന് പുറമേ മറ്റു നിരവധി നായ്ക്കൾ അവയുടെ ഉടമകളോടൊപ്പം വെള്ളത്തിൽ കളിക്കുന്നതും വീഡിയോയിൽ കാണാം. നായ്ക്കളുടെ സർഫിംഗ് വിനോദത്തിന് പേരുകേട്ട ഓഷ്യൻ ബീച്ച്, 'ഡോഗ് ബീച്ച്' എന്നും അറിയപ്പെടുന്നു. എബിസി ന്യൂസ് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചതാണ് ഈ വീഡിയോ.