പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോട് അനുബന്ധിച്ചുണ്ടായ അപകടത്തില്‍ പ്രതിഷേധിച്ച് ഒഡീഷ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് നേരെയായിരുന്നു എഎസ്പിയുടെ രോഷം. 

ഭരണകൂടത്തിന് എതിരായ പ്രതിഷേധങ്ങളോട് എല്ലാ കാലത്തും പോലീസിന് ഒരേ മനോഭാവമാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അത് വീഡിയോയ്ക്ക് മുന്നില്‍ നിന്നും വ്യക്തമാക്കിയപ്പോൾ വിവാദമായി. പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാലുകളൊടിച്ച് തന്‍റെ അടുത്ത് വന്ന് പ്രതിഫലം വാങ്ങൂവെന്നായിരുന്നു ഭുവനേശ്വര്‍ എഎസ്പി നരസിംഹ ബോൽ തന്‍റെ കീഴുദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചത്. ഒഡീഷയില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

പുരി ജഗന്നാഥ രഥയാത്രയില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് എഎസ്പി നരസിംഹ ബോലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ച് കൊണ്ട് വരേണ്ടെന്നും മറിച്ച് കാലൊടിച്ച് തന്‍റെ അടുത്ത് വന്ന് പ്രതിഫലം വാങ്ങൂവെന്നും പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Scroll to load tweet…

മനാസ് ചൗധരി എന്ന എക്സ് അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. 'ഇതാണോ ജനാധിപത്യം? അടുത്തിടെ നടന്ന പുരി രഥയാത്ര സംഭവത്തിനിടെയുണ്ടായ അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വസതി ഘെരാവോ ചെയ്തു. എന്നാൽ മറുപടിക്ക് പകരം സർക്കാർ ഗുണ്ടകളെപ്പോലെ പ്രവർത്തിക്കുന്ന ഒ‍ഡീൽ പോലീസ് സ്ക്വാഡുകൾ യുവാക്കളെ നിശബ്ദരാക്കാന്‍ ശ്രമിച്ചു. വീഡിയോയും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ വിവാദമായതോടെ തന്‍റെ വാക്കുകൾ സന്ദ‍ർഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയതാണെന്നായിരുന്നു എഎസ്പി നരസിംഹ ബോൽ മാധ്യമങ്ങളോട് പറഞ്ഞത്.