നദിയിലൂടെ യാതൊരു ഭയവുമില്ലാതെ സന്തോഷത്തോടെ കുത്തിമറിച്ച് മുന്നേറുന്ന ആനകൾ ഇടയ്ക്ക് അവയ്ക്ക് മാത്രം സാധ്യമാകുന്ന ശബ്ദത്തില്‍ മുരളുന്നതും കേൾക്കാം.
കരിവീരന്മാരുടെ ചന്തം കണ്ട് നില്‍ക്കാന്‍ മലയാളിക്ക് പണ്ടേ ഒരിഷ്ടമുണ്ട്. കേരളത്തിലെ ഉത്സവ പറമ്പുകളിലേക്ക് എഴുന്നള്ളിവന്ന ആനകൾ തന്നെയാണ് അതിനൊരു കാരണം. പുഴയില്‍ പാമ്പാന്മാർ ചേര്‍ന്ന് ഒരു ആനയെ കുളിപ്പിക്കുന്നത് കണ്ടാല്‍ പിന്നെ അവിടെ വട്ടം കൂടിയൊന്ന് നില്‍കാതെ മുന്നോട്ട് നീങ്ങുക പ്രയാസം. എന്നാല്‍, യഥാര്‍ത്ഥ ആനക്കുളിയെന്ന വിശേഷണം നേടിയ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ശബ്ദം കൂട്ടു നിങ്ങൾ ആനകളുടെ സന്തോഷകരമായ ഗാനങ്ങൾ കേൾക്കും എന്ന കുറിപ്പോടെ ലെക് ചെയ്ലെർട്ട് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
തായ്‍ലന്‍ഡിലെ എലിഫന്‍റ് നാച്യുർ പാര്‍ക്ക് സ്ഥാപകയാണ് സൈംഗ്ദുറാൻ ലെക് ചൈലർട്ട്. ആനകളോടുള്ള തന്‍റെ സ്നേഹത്തില്‍ നിന്നാണ് സൈംഗ്ദുറാന്‍ അത്തരമൊരു സ്ഥാപനം തുടങ്ങുന്നത്. ലെക് ചൈലർട്ട് പങ്കുവച്ച വീഡിയോയില്‍ ഒരു നദിയിലൂടെ രണ്ട് ആനകൾ ആര്‍ത്തുല്ലസിച്ച് വരുന്നത് കാണാം. അവരെ നിയന്ത്രിക്കാന്‍ പാപ്പാനോ പാപ്പാന്‍റ തോട്ടിയോ ഇല്ല. കറുത്ത തൊലി ഉരച്ച് കഴുകാന്‍ ചകിരിയോ ഇല്ല. അസ്വാതന്ത്ര്യത്തിന്‍റെതായ ഒന്നുമില്ലാതെ ആവോളം സ്വാന്ത്ര്യം ആസ്വദിച്ച് നദിയില്‍ കുത്തി മറിച്ച് സന്തോഷം ശബ്ദമായി പാട്ടായി മൂളിക്കൊണ്ടാണ് ആനകളുടെ വരവ്. വീഡിയോയുടെ ഒടുവില്‍ നദിയിലെ രണ്ട് ആനകളും പരസ്പരം മുഖത്തോത് മുഖം നോക്കി തുമ്പിക്കൈകൾ ചേർക്കാനായി ശ്രമിച്ച് മുരളുന്നത് ആനകളുടെ സംഗീതം പോലെ തോന്നാം. എന്തായാലും അവ പരസ്പരം വികാരങ്ങൾ പങ്കുവയ്ക്കുകയാണെന്നതിൽ സംശയമില്ല.
വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. 'ലോകത്തിലെ ഏറ്റവും മികച്ച ശബ്ദം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ കുറിപ്പ്. 'കുതിച്ചൊഴുകുന്ന നദിയിലെ വെള്ളത്തിന്‍റെ ശബ്ദത്തിനിടയിൽ സംതൃപ്തമായ മുഴക്കങ്ങളും സന്തോഷകരമായ കാഹളങ്ങളും ആഹ്ലാദഭരിതമായ നാദങ്ങളും... ഇതിനേക്കാൾ മികച്ചത് മറ്റെന്താണ്! ഈ മനോഹരമായ നിമിഷം പങ്കുവെച്ചതിന് ലെക്കിന് നന്ദി!' എന്നായിരുന്നു മറ്റൊൾ എഴുതിയത്. 'ജീവിതത്തിലെ ഏറ്റവും മികച്ച ശബ്ദങ്ങളിൽ ഒന്ന്,' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'വളരെ സന്തോഷം. നദിയിൽ ഒരുമിച്ച് കളിക്കുന്നതിൽ അവർ ആവേശത്തിലാണ്.' ഒരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി. 'അവയ്ക്ക് വേണ്ടി ഉദ്ദേശിച്ച ജീവിതം അവ ജീവിക്കുന്നതിൽ വളരെ സന്തോഷം!' എന്നായിരുന്നു മറ്റൊരാൾ എഴുതിയത്.


