ദില്ലി മെട്രോ സ്റ്റേഷന് പുറത്ത് പുസ്തകവുമായി ഒരു വീടില്ലാത്തയാളുടെ വീഡിയോ വൈറലായി. പഠിക്കാനുള്ള ആഗ്രഹത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയപ്പോൾ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ ഉയർന്നു.

ദില്ലി മെട്രോ സ്റ്റേഷന് പുറത്ത് വെറും നിലത്തിരുന്ന് പഠിക്കുന്ന ഒരു വീടില്ലാത്തയാളുടെ ചെറിയൊരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഷോർട്സ് ധരിച്ച ഒരു മദ്ധ്യവയസ് പ്രായമുള്ള ഒരാൾ ഒരു മെട്രോ തൂണിന് ചുവട്ടിലിരുന്ന് പുസ്തകം നോക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇയാൾ ശ്രദ്ധയോടെ പുസ്തകം എടുത്ത് വയ്ക്കുന്നതും ഇടയ്ക്ക് കുറിപ്പുകൾ എഴുതുന്നതും കാണാം. ഇടയ്ക്ക് നഷ്ടപ്പെട്ട് പോയ ഒരു പേജ് തിരികെ ആ പുസ്തകത്തിലേക്ക് വയ്ക്കുന്നതും കാണാം. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ജിജ്ഞാസ നിറച്ചു. പലരും പല ഉത്തരങ്ങളുമായി എത്തി.

വീഡിയോ

ഭവനരഹിതനായ ഒരാൾ മെട്രോ സ്റ്റേഷന് പുറത്ത് പഠിക്കുന്നത് കണ്ടുവെന്ന കുറിപ്പോടെ ദി വാട്ട് അപ്പ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പഠിക്കണമെന്നുണ്ടെങ്കില്‍ എവിടെ നിന്നും പഠിക്കാമെന്ന് ചിലര്‍ കുറിപ്പുകളെഴുതി. വീഡിയോയുടെ കമന്‍റ് ഷെക്ഷനില്‍ ചിലർ നന്മയുടെയും മറ്റ് ചിലര്‍ തമാശയോടെയും വേറെ ചിലര്‍ ആത്മപരിശോധന നടത്തുന്നതും കുറവായിരുന്നില്ല. ശർമ്മ ജി കാ ബേട്ട എന്ന് തുടങ്ങിയ ഹിന്ദി ബെല്‍റ്റുകളില്‍ അച്ഛനമ്മമാരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന കഴിവുള്ള കുട്ടികളെ പ്രശംസിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകൾ ഉപയോഗിച്ചു കൊണ്ടായിരുന്നു ചിലര്‍ പ്രതികരിച്ചത്. മറ്റ് ചിലര്‍ ഇത്തരം വീഡിയോകൾ തങ്ങളുടെ അച്ഛനമ്മമാരുടെ ഇന്‍സ്റ്റാഗ്രാം ഫീല്‍ഡുകളില്‍ വരരുതെന്ന് എഴുതി.

View post on Instagram

സമൂഹ മാധ്യമ അഭിപ്രായങ്ങൾ

ചിലര്‍ അദ്ദേഹത്തെ നല്ല വിദ്യാര്‍ത്ഥിയെന്ന് പ്രശംസിച്ചു. 'പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും എവിടെ വേണമെങ്കിലും പഠിക്കാൻ കഴിയുമെന്നതിനും ഉത്തമ ഉദാഹരണമാണ് അദ്ദേഹം' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം മറ്റ് ചിലര്‍ കുറച്ച് കൂടി പ്രായോഗിതക കാണിച്ച് കൊണ്ട് എഴുതി. അദ്ദേഹത്തിന് എന്തോ മാനസികാസ്വാസ്ഥ്യം ഉണ്ടെന്നായിരുന്നു അത്തരമൊരു കുറിപ്പ്. കാഴ്ചയിലെ പ്രായവും വേഷവിധാനങ്ങളും അദ്ദേഹത്തെ ഒരു സാധാരണക്കാരൻ എന്നതിനപ്പുറം എന്തോ മാനസിക പ്രശ്നങ്ങളുള്ള ഒരാളെ പോലെ തോന്നിക്കുന്നെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. പിന്നാലെ ഇത്തരം മനുഷ്യരെ പുനരധിവസിപ്പിക്കുന്നതില്‍ നമ്മുടെ ഭരണകൂടം പരാജയപ്പെടുകയാണെന്ന് മറ്റ് ചിലരെഴുതി.