എസ്കലേറ്ററിന് ഇടയിലേക്ക് ഒരു കൗതുകത്തിന് എത്തി നോക്കിയതാണ്. പക്ഷേ, തല ഭിത്തിക്കും എസ്കലേറ്ററിനും ഇടയില്‍ കുടുങ്ങിപ്പോയി.
എസ്കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ജൂലൈ 16 -ന് ചൈനയിലെ ചോങ്‌ക്വിങ്ങിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽപ്പെട്ട കുട്ടിക്ക് കാര്യമായ പരിക്കുകൾ ഒന്നും ഇല്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആശുപത്രിയിൽ നിന്നും കുട്ടി മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഒരു മാളിൽ നടന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സംഭവത്തിന് ദൃക്സാക്ഷികളായവരാണ് മൊബൈലിൽ ചിത്രീകരിച്ചത്.
എസ്കലേറ്ററിന്‍റെ കൈപ്പിടിക്കിടയിലൂടെ താഴോട്ട് നോക്കുന്നതിനിടയിലാണ്, സമീപത്തായി ഉണ്ടായിരുന്ന ഭിത്തിക്കും കൈപിടിക്കും ഇിടയിൽ കുട്ടിയുടെ കുടുങ്ങിയത്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്തായി ഉണ്ടായിരുന്ന വ്യക്തി എസ്കലേറ്റർ എമർജൻസി സ്വിച്ച് ഉപയോഗിച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഏതാനും വ്യക്തികൾ ചേർന്ന് എസ്കലേറ്ററിന്‍റെ കൈപ്പിടി വലിച്ച് അകത്തിയാണ് കുട്ടിയുടെ തല പുറത്തെടുത്തത്.
അപകടത്തിന്‍റെ ദൃശ്യങ്ങൾ @livingchina എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവച്ചിരിക്കുന്നത്. ‘ഒരു പര്യവേക്ഷകന്‍റെ കുട്ടിക്കാലം. ഭാവിയിൽ അവൻ കൂടുതൽ മിടുക്കനാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമൂഹ മാധ്യമത്തിൽ മറ്റൊരു വീഡിയോ വൈറലായിരുന്നു. ബീവറേജിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു പ്രായമായ വ്യക്തിയുടെ തല ബീവറേജിന്‍റെ ഇരുമ്പ് ഗ്രില്ലിൽ കുടുങ്ങിയ വീഡിയോ ആയിരുന്നു അത്. അവിടെ ഉണ്ടായിരുന്ന മറ്റ് ഉപഭോക്താക്കളുടെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അദ്ദേഹത്തെ രക്ഷപ്പെടുത്താനായത്. താന്‍ വാങ്ങിച്ച മദ്യക്കുപ്പിക്ക് പുറമേ മറ്റൊരു കുപ്പി കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാളുടെ തല കുടുങ്ങി പോയതെന്നും അതല്ല, മദ്യ കുപ്പി വാങ്ങാനുള്ള ആവേശത്തില്‍ തലയിട്ടെങ്കിലും പിന്നീട് തിരിച്ചെടുക്കാന്‍ പറ്റാതെപോയതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


