നിരോധിത മേഖലയിലാണ് യുവാക്കൾ മെഴ്സിഡസ് ബെന്‍സുമായി സ്റ്റണ്ടിനെത്തിയത്. വേലിയേറ്റത്തില്‍ നദിയിലെ വെള്ളം കയറിയപ്പോൾ വാഹനം കുടുങ്ങിപ്പോയി.

ഷെയറുകളും ലൈക്കുകളും കാര്യങ്ങൾ തീരുമാനിക്കുന്ന സമൂഹ മാധ്യമ യുഗത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളില്‍ ആളാകാനും ഫോളോവേഴ്സിനെ നേടാനും സ്വന്തം ജീവൻ പോലും പണയം വെക്കാൻ മടിയില്ലാത്ത ഒരു തലമുറ നമുക്ക് ചുറ്റിനുമുണ്ട്. സമീപകാലത്തായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നും സമാനമായ രീതിയിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. സൂറത്തിലെ ഡുമാസ് ബീച്ചിൽ ഒരുകൂട്ടം യുവാക്കൾ നടത്തിയ കാർ സ്റ്റണ്ട് പിഴച്ച് ആഡംബര എസ്‌യുവി മണലിൽ കുടുങ്ങി പോവുകയായിരുന്നു.

ബീച്ചിലെ ചതുപ്പ് നിലത്ത് പകുതിയോളം താഴ്ന്നുപോയ നിലയിൽ കിടക്കുന്ന നീല നിറത്തിലുള്ള മെഴ്‌സിഡസ് ബെൻസ് കാറിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ കാറിന് സമീപത്തായി രണ്ട് യുവാക്കൾ ചേർന്ന് വാഹനം ചതുപ്പിൽ നിന്ന് പൊക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, വാഹനം അത്ര എളുപ്പത്തിൽ ഉയർത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ഉള്ളതെന്ന് വീഡിയോയിൽ വ്യക്തമാണ്. ഡുമാസ് ബീച്ചിലെ നിരോധിത പ്രദേശത്തേക്ക് യുവാക്കൾ കാറുമായി അതിക്രമിച്ച് കയറിയാണ് സോഷ്യൽ മീഡിയ റീലിനായി സ്റ്റണ്ട് നടത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

സുരക്ഷാ, പാരിസ്ഥിതിക ആശങ്കകൾ കാരണം ആ പ്രദേശത്തേക്ക് പൊതുജനങ്ങൾ പോകുന്നതിന് കർശന നിയന്ത്രണ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പതിവായി പോലീസ് പെട്രോളിങ് നടക്കുന്ന സ്ഥലമായിട്ടും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് യുവാക്കൾ ഇവിടെയെത്തിയത്. സ്റ്റണ്ട് നടത്തുന്നതിനിടയിൽ വാഹനം തീരത്ത് നിർത്തിയിട്ടു. ഇതിനിടെ വേലിയേറ്റത്തെ തുടർന്ന് വെള്ളം ഉയര്‍ന്നു, പിന്നീട് ഇത് കുറഞ്ഞപ്പോൾ കാർ ചതുപ്പ് നിലമായ മണലിൽ കുടുങ്ങിയതാകാനാണ് സാധ്യതയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൂറത്തിലെ ഒരു വ്യവസായിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. നിരോധിത മേഖലയിൽ കടന്നു കയറിയതിനാണ് കേസെടുത്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.